കമല്‍ഹാസന്‍ നായകനായ ഇന്ത്യന്‍-2ന്റെ ചിത്രീകരണത്തിനിടയിലുണ്ടായ അപകടം തമിഴ് സിനിമാലോകത്തെയാകെ നടുക്കിയിരിക്കുകയാണ്.
കൂറ്റന്‍ ക്രെയിന്‍ തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ അസിസ്റ്റന്റ് ഡയറക്ടര്‍ കൃഷ്ണ (34), ആര്‍ട്ട് അസിസ്റ്റന്റ് ചന്ദ്രന്‍ (60), പ്രൊഡക്ഷന്‍ അസിസ്റ്റന്റ് മധു (29) എന്നിവരാണ് മരിച്ചത്.
ഒന്‍പത് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഇതേ സെറ്റില്‍ വച്ചു തന്നെ വിജയ് ചിത്രം ബിഗിലിന്റെ ചിത്രീകരണ സമയത്തും അപകടം നടന്നിരുന്നു. ഈ സ്ഥലത്ത് സിനിമ ചിത്രീകരിക്കാന്‍ പോകരുതെന്നും മോശമായ എന്തോ ഒന്ന് അവിടെയുണ്ടെന്നും ഇപ്പോള്‍ തുറന്നുപറയുകയാണ് ബിഗിലില്‍ അഭിനയിച്ച നടി അമൃത.
‘വളരെ വേദനാജനകമായ സംഭവമാണിത്. ആ സ്ഥലം വളരെ ഭയപ്പെടുത്തുന്ന ഒന്നാണ്. ഇതുപോലുള്ള ഒരു ലൈറ്റ് തന്നെയാണ് ബിഗില്‍ ചിത്രീകരിക്കുമ്പോള്‍ ഒരാളുടെ ദേഹത്ത് വീണത്. അന്ന് ഞങ്ങളെല്ലാം ഇതിനു സമാനമായി മാനസികമായി തകര്‍ന്നു പോയിരുന്നു.
അവിടെ സിനിമ ചിത്രീകരിക്കാന്‍ പോകരുതെന്ന് ഞാന്‍ അപേക്ഷിക്കുകയാണ്. മോശമായ എന്തോ ഒന്ന് അവിടെയുണ്ട്.’ അമൃത ട്വിറ്ററില്‍ കുറിച്ചു. പൂനെ ഇവിപി ഫിലിം സിറ്റിയിലെ ലൊക്കേഷനിലാണ് അപകടമുണ്ടായത്.
സീന്‍ ചിത്രീകരിക്കുന്നതിനായി തയ്യാറെടുക്കുന്നതിനിടയില്‍ 150 അടിയിലേറെ ഉയരമുള്ള ക്രെയിന്‍ സംവിധായകനും സംഘവും ഇരുന്ന ടെന്റിന് മുകളിലേക്ക് മറിയുകയായിരുന്നു. അപകടത്തില്‍ സംവിധായകന്‍ ശങ്കറിനു കാലിന് പരുക്കുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
എന്നാല്‍ ഇതു സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണമില്ല. അപകട സമയത്ത് സംഭവ സ്ഥലത്ത് കമല്‍ഹാസനും ഉണ്ടായിരുന്നു. അപകടത്തില്‍ അകപ്പെട്ടവരെ ആശുപത്രിയില്‍ എത്തിക്കാന്‍ മുന്‍കൈയ്യെടുത്തതും കമല്‍ഹാസനാണ്.
ഏതെങ്കിലും രീതിയിലുള്ള അട്ടമറി ഇതിന്റെ പിന്നിലുണ്ടോയെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.