താനുള്‍പ്പെടുന്ന സീന്‍ ഷൂട്ട് ചെയ്ത് കഴിഞ്ഞാലുടന്‍ കാരവാനിലേയ്ക്ക്. അവിടെ വിശ്രമമോ മേക്കപ്പോ ഒക്കെയായി സമയം ചെലവഴിക്കും. ഭക്ഷണം ഉള്‍പ്പെടെയുള്ളവ സഹായികള്‍ അരികില്‍ എത്തിക്കുന്നു. സഹായിയോ മേക്കപ്പ്മാനോ ആയി എപ്പോഴും തൊട്ടുപുറകില്‍ ഒരാള്‍. ഇതൊക്കെയാണ് പൊതുവെ നടിമാരെക്കുറിച്ച് ആളുകളുടെ മനസില്‍ പതിഞ്ഞിരിക്കുന്നത്. ഏറെക്കുറെ അതാണ് വാസ്തവവും. എന്നാല്‍ ഈ ധാരണകളെല്ലാം തിരുത്തി കുറിക്കുകയാണ് ഇന്ന് മലയാള സിനിമയിലെ തിരക്കേറിയ നടിയായി മാറിയിരിക്കുന്ന അനുശ്രീ. നായികയോ സഹനടിയോ സ്വഭാവ നടിയോ വില്ലത്തിയോ ഏത് കഥാപാത്രവും ഒന്നിനൊന്ന് ഇണങ്ങുന്ന മലയാളികളുടെ ഇഷ്ടതാരമായ അനുശ്രീയുടെ ചില ലൊക്കേഷന്‍ കുസൃതികളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്നത്.
രമേശ് പിഷാരടി സംവിധാനം ചെയ്യുന്ന പഞ്ചവര്‍ണ്ണതത്ത എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ പാചകക്കാരോടൊപ്പം ചിത്രത്തിലെ നായികകൂടിയായ അനുശ്രീ ദോശ ചുടുന്നതിന്റെ ചിത്രങ്ങളും വീഡിയോയുമാണ് പ്രചരിക്കുന്നത്. തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ അനുശ്രീ തന്നെ പങ്കുവച്ച ചിത്രം അതിവേഗം വൈറലാവുകയായിരുന്നു. ആയിരക്കണക്കിനാളുകളാണ് അനുശ്രീയുടെ വിനയത്തെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുന്നത്. എല്ലാ നടിമാര്‍ക്കും അനുശ്രീ ഒരു മാതൃകയാണെന്നും എല്ലാവരും, പ്രത്യേകിച്ച് ഫെമിനിസം വാദിക്കുന്ന കൊച്ചമ്മമാരും അനുശ്രീയെ കണ്ടുപഠിക്കണമെന്നും പലരും അഭിപ്രായപ്പെടുന്നുണ്ട്.