തിരുവനന്തപുരം: സിനിമാ -സീരിയൽ നടി അപർണ നായരെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെ ത്തിയ സംഭവത്തിൽ ഭർത്താവിൽനിന്നും ബന്ധുക്കളിൽനിന്നും പോലീസ് ഇന്ന് മൊഴിയെടുക്കും.
ഇന്നലെ രാത്രി ഏഴരയോടെയാണ് അപർണയെ കരമനയിലെ തളിയിലെ വീട്ടിൽ തൂങ്ങിയ നിലയിൽ കണ്ടെ ത്തിയത്. അപർണയെ ബന്ധുക്കൾ കരമനയിലെ സ്വകാര്യാശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
കുടുംബാംഗങ്ങൾ വീട്ടിലുണ്ട ായിരുന്ന സമയത്തായിരുന്നു തൂങ്ങിയ നിലയിൽ കണ്ടെത്തിയതെന്നാണ് പോലീസ് പറയുന്നത്. കരമന പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു മേൽനടപടികൾ സ്വീകരിച്ചു. പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം മെഡിക്കൽ കോളജാശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
സിനിമാ സീരിയലുകളിൽ സജീവമായി അഭിനയിച്ച് വരികയായിരുന്നു അപർണ. മരണത്തിന് ഏതാനും മണിക്കൂറുകൾക്ക് മുൻപ് സോഷ്യൽ മീഡിയയിൽ അപർണ പോസ്റ്റുകൾ ഇട്ടിരുന്നു.
തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലാണ് മകളുടെ ചിത്രമുൾപ്പെടെയുള്ള റീലുകൾ പോസ്റ്റ് ചെയ്തത്. എന്റെ ഉണ്ണി കളി പെണ്ണ് എന്ന് കാപ്ഷൻ നൽകിയ ഇളയമകളുടെ ചിത്രമുള്ള പോസ്റ്റാണ് അപർണ അവസാനമായി പോസ്റ്റ് ചെയ്തത്.
അതിനു മുന്പ് അപർണയുടെ ചിത്രങ്ങളുള്ള ഒരു റീൽസ് വീഡിയോയാണ് പോസ്റ്റ് ചെയ്തത്. കടല് പറഞ്ഞ കഥ ആണ് ഏറ്റവും ഒടുവിലത്തെ സിനിമ.
അച്ചായൻസ്, ബാലൻ വക്കീൽ, കൽക്കി, കോടതി സമക്ഷം ഉൾപ്പെടെയുള്ള സിനിമകളിലും ചന്ദനമഴ, ദേവസ്പർശം, മൈഥിലി വീണ്ടും വരുന്നു, ആത്മസഖി എന്നീ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. നിലവിൽ ഒരു സീരിയലിൽ അഭിനയിച്ചു വരികയായിരുന്നു. ത്രയ, കൃതിക എന്നിവരാണ് അപർണയുടെ മക്കൾ.