കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ മൊഴിമാറ്റിയ സിനിമാതാരങ്ങളുടെ മനംമാറ്റത്തിനു കാരണം അന്വേഷിച്ചിക്കാനൊരുങ്ങി പോലീസ്.
നടന് സിദ്ദിഖ്, ഇടവേള ബാബു, ഭാമ, ബിന്ദു പണിക്കര്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ളവരാണ് കോടതിയില്‍ മൊഴി മാറ്റിയിരുന്നത്.
20 സാക്ഷികളാണ് വിചാരണയ്ക്കിടെ കൂറുമാറി പ്രതിഭാഗത്ത് ചേര്‍ന്നിരുന്നത്. ഇവരുടെ കൂറുമാറ്റത്തിന്റെ പിന്നില്‍ എന്തെങ്കിലും പ്രലോഭനമോ ഭീഷണിയോ ഉണ്ടോയെന്ന് പോലീസ് അന്വേഷിക്കും.
ആക്രമിക്കപ്പെട്ട നടിയോട് ദിലീപിനുണ്ടായിരുന്ന വൈരാഗ്യത്തെ കുറിച്ചായിരുന്നു സിനിമതാരങ്ങളില്‍ നിന്ന് പോലീസ് ശേഖരിച്ച മൊഴി.
എന്നാല്‍ കോടതിയില്‍ എത്തിയപ്പോള്‍ ഇവര്‍ മൊഴി മാറ്റുകയായിരുന്നു. നടിയുടെ സിനിമ അവസരങ്ങള്‍ ദിലീപ് ഇല്ലാതാക്കിയത്, അമ്മ റിഹേഴ്സല്‍ സമയത്ത് നടിയും ദിലീപും തമ്മിലുണ്ടായ തര്‍ക്കം എന്നിവ സംബന്ധിച്ചാ യിരുന്നു സിദ്ദിഖ് ഉള്‍പ്പെടെയുള്ളവരുടെ മൊഴിയെടുത്തത്.
അതേസമയം, കേസിലെ പ്രധാന സാക്ഷി സാഗറിനെ മൊഴി മാറ്റാന്‍ പ്രേരിപ്പിച്ചത് ദിലീപും സംഘവുമാണെന്ന സംശയം ജനിപ്പിക്കുന്ന രേഖകള്‍ പുറത്ത് വന്നിട്ടുണ്ട്.
റിപ്പോര്‍ട്ടര്‍ ടിവിയാണ് ഇതുസംബന്ധിച്ച തെളിവുകള്‍ പുറത്തുവിട്ടത്. കാവ്യ മാധവന്റെ ഡ്രൈവര്‍ സുനീറും ദിലീപിന്റെ അഭിഭാഷകനായ ഫിലിപ്പും ആലപ്പുഴയിലെ റെയ്ബാന്‍ ഹോട്ടലില്‍ വെച്ച് സാഗറിന് പണം കൈമാറിയെന്നതിന്റെ തെളിവുകളാണ് പുറത്തുവരുന്നത്.
സാഗറിന്റെ മനസു മാറ്റിയെടുത്ത് പണം കൈമാറിയ കാര്യം ദിലീപിനോട് സഹോദരന് അനൂപ് പറയുന്ന തിന്റെ ശബ്ദരേഖകളും പുറത്തുവന്നിട്ടുണ്ട്. എന്നാല്‍ ഈ ശബ്ദരേഖകളുടെ ആധികാരികതയെപ്പറ്റി പലരും സംശയമുയര്‍ത്തുന്നുണ്ട്.
ഹോട്ടലില്‍ മുറിയെടുത്തത് സുധീറിന്റെ പേരിലാണെന്ന് തെളിയിക്കുന്ന ഹോട്ടല്‍ രജിസ്റ്ററിന്റെ പകര്‍പ്പും ഇതുമായി ബന്ധപ്പെട്ട് ദിലീപിന്റെ സഹോദരന് അനൂപിന്റെ ശബ്ദരേഖയും റിപ്പോര്‍ട്ടര്‍ ചാനല്‍ പുറത്തുവിട്ടിട്ടുണ്ട്.
നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ദിലീപിന്റെ കൈയില്‍ എത്തിയിട്ടുണ്ട് എന്നതിന്റെ പ്രധാന സാക്ഷി ആയിരുന്നു സാഗര്‍.
മാത്രമല്ല കാവ്യയ്ക്കും ഇതില്‍ പങ്കുണ്ടെന്ന രീതിയിലായിരുന്നു സാഗര്‍ നേരത്തെ നല്കിയ മൊഴി.
നടിയെ ആക്രമിച്ച സംഭവത്തിന് പിന്നാലെ പള്‍സര്‍ സുനി ലക്ഷ്യയിലെത്തി ഒരു കവര്‍ കൊടുക്കുന്നത് താന്‍ കണ്ടിരുന്നതായാണ് സാഗര്‍ നേരത്തെ നല്‍കിയിരുന്ന മൊഴി.
എന്നാല്‍ ഇയാള്‍ പിന്നീട് അത് മാറ്റുകയായിരുന്നു. മൊഴി മാറ്റാന്‍ സാഗറിനുമേല്‍ സ്വാധീനം ചെലുത്തിയിരുന്നു എന്ന റിപ്പോര്‍ട്ട് പോലീസ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.
അതിനായി ആലപ്പുഴയിലെ ഹോട്ടലിലെ ബില്ല് ഉള്‍പ്പെടെയായിരുന്നു അന്വേഷണ സംഘം കോടതിയില്‍ ഹാജരാക്കിയത്.