കൊച്ചി: യുവനടിയെ ആക്രമിച്ച് അശ്ലീല ദൃശ്യങ്ങള്‍ പകര്‍ത്തിയ സംഭവത്തില്‍ കൂടുതല്‍ തെളിവുകള്‍ക്കായി മറ്റു പ്രതികളുടെ വീടുകളിലും അന്വേഷണ സംഘം പരിശോധന നടത്തുമെന്നു സൂചന.
കഴിഞ്ഞ വ്യാഴാഴ്ച നടന് ദിലീപിന്റെ ആലുവയിലെ പത്മസരോവരം വീട്ടിലും എറണാകുളം വൈഎംസിഎ ജംഗ്ഷനിലുള്ള അദേഹത്തിന്റെ ഗ്രാന്‍ഡ് പ്രൊഡക്ഷന്‍ കമ്പനിയിലും സഹോദരന് അനൂപിന്റെ പറവൂര്‍ കവലയിലെ വസതിയിലുമാണ് ക്രൈംബ്രാഞ്ച് റെയ്ഡ് നടത്തിയത്.
ഏഴു മണിക്കൂര്‍ നീണ്ട റെയ്ഡിനൊടുവില്‍ ദിലീപിന്റെ മൊബൈല്‍ ഫോണടക്കം നാല് ഫോണുകള്‍, രണ്ട് ഐപാഡ്, രണ്ട് പെന്‍ഡ്രൈവ്, ഒരു ഹാര്‍ഡ് ഡിസ്ക് എന്നിവ പിടിച്ചെടുത്തിരുന്നു. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ദിലീപിന്റെ കൈകളില്‍ എത്തിയിരുന്നുവെന്നും ഇതിന്റെ ശബ്ദനിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമങ്ങള്‍ നടത്തിയിരുന്നുവെന്നുമായിരുന്നു സംവിധായകന് ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍.
ഈ ദൃശ്യങ്ങള്‍ ദിലീപിന്റെ വീട്ടിലും നിര്‍മാണ കമ്പനി ഓഫീസിലും സഹോദരന്റെ വീട്ടിലും സൂക്ഷിച്ചിരിക്കാമെന്ന നിഗമനത്തിലായിരുന്നു ക്രൈംബ്രാഞ്ച് അന്വേഷണ സംഘം ഇവിടെ പരിശോധന നടത്തിയത്.
സൈബര്‍ സെല്ലിന്റെ സഹായത്തോടെയുള്ള പ്രാഥമിക പരിശോധനയില്‍ ദൃശ്യങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇവ മൊബൈല്‍ ഫോണില്‍ നിന്ന് നീക്കം ചെയ്തിട്ടുണ്ടെങ്കില്‍ ഡാറ്റ വീണ്ടെടുക്കാനുള്ള ശ്രമവും അന്വേഷണ സംഘം നടത്തുന്നുണ്ട്.
ദൃശ്യങ്ങള്‍ കോടതിക്ക് കൈമാറണമെന്ന് ദിലീപ്
നടിയെ ആക്രമിച്ച കേസില്‍ ദൃശ്യങ്ങള്‍ കോടതിക്ക് കൈമാറണമെന്നാവശ്യപ്പെട്ട് ദിലീപ് ഹര്‍ജി നല്കി. നടിയെ ആക്രമിച്ചവര്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ അന്വേഷണോദ്യോഗസ്ഥനായ ഡിവൈഎസ്പി ബൈജു പൗലോസിന്റെ കൈവശമുണ്ടെന്നും അത് ദുരുപയോഗം ചെയ്യുമെന്നുമാണ് ദിലീപിന്റെ പരാതി.
ഈ ദൃശ്യങ്ങള്‍ ഉപയോഗിച്ച് തന്നെ ബ്ലാക്ക് മെയില്‍ ചെയ്യാന്‍ സാധ്യതയുള്ളതിനാല്‍ ഈ ദൃശ്യങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥന്റെ കൈയില്‍നിന്ന് വാങ്ങി കോടതിയുടെ കസ്റ്റഡിയില്‍ സൂക്ഷിക്കണമെന്ന് ഹര്‍ജിയില്‍ പറയുന്നു. ദിലീപിന്റെ ഹര്‍ജിയില്‍ 20-ന് വാദം കേള്‍ക്കും.
18 വരെ അറസ്റ്റു ചെയ്യില്ലെന്നു സര്‍ക്കാര്‍
അന്വേഷണ ഉദ്യോഗസ്ഥരെ വകവരുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന് ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികളെ ചൊവ്വാഴ്ച വരെ അറസ്റ്റ് ചെയ്യില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഉറപ്പു നല്കി.
ഇതു രേഖപ്പെടുത്തിയ സിംഗിള്‍ ബെഞ്ച് ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികള്‍ നല്കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജികള്‍ 18 ഉച്ചയ്ക്ക് പരിഗണിക്കാനായി മാറ്റി. ജസ്റ്റീസ് പി. ഗോപിനാഥിന്റേതാണ് ഉത്തരവ്.
ദിലീപിനു പുറമേ സഹോദരന് അനൂപ്, സഹോദരീഭര്‍ത്താവ് ടി.എന്‍. സൂരജ് എന്നിവരും ദിലീപിന്റെ ബന്ധുവായ അപ്പു, സുഹൃത്തായ ബൈജു ചെങ്ങമനാട് എന്നിവരും നല്കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജികളാണ് ഹൈക്കോടതി പരിഗണിക്കുന്നത്.