ജ്വല്ലറി ഉദ്ഘാടനത്തിനെത്തിയ യുവനടിയെ കടന്നുപിടിക്കാന്‍ യുവാവിന്റെ ശ്രമം; കോഴിക്കോട്ട് മുക്കത്ത് നടന്നത് ഞെട്ടിപ്പിക്കുന്ന സംഭവം…

കോഴിക്കോട്: സിനിമാ നടികളോട് ഞരമ്പുരോഗികള്‍ക്ക് പ്രത്യേക താത്പര്യമാണ്. കേരളത്തില്‍ തന്നെ നിരവധി തവണ നടിമാര്‍ ഞരമ്പുരോഗികളുടെ ആക്രമണത്തിനിരയായിട്ടുണ്ട്. ഇത്തവണ മുക്കത്ത് ജ്വല്ലറി ഉദ്ഘാടനം ചെയ്യാനെത്തിയ യുവനടിയെയാണ് ഞരമ്പുരോഗിയായ യുവാവ് കയറിപ്പിടിക്കാന്‍ ശ്രമിച്ചത്. ഒരു നടനും ഉദ്ഘാടന ചടങ്ങില്‍ എത്തിയിരുന്നു.

തിക്കും തിരക്കും കൂടിയപ്പോഴാണ് ആള്‍ക്കൂട്ടത്തില്‍ നിന്നും ഒരു യുവാവ് നടിയെ കടന്നു പിടിക്കാന്‍ ശ്രമിച്ചത്. സംഭവത്തില്‍ നടി മുക്കം പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. നടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ മുക്കം പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ ഒരു യുവാവിനെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. തിങ്കളാഴ്ച വൈകുന്നേരം നാലു മണിയോടെ ആയിരുന്നു സംഭവം. സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിനായി ഒരു ഉത്തരേന്ത്യന്‍ നടിയായിരുന്നു എത്തേണ്ടിയിരുന്നത്. എന്നാല്‍, ഉദ്ഘാടന സമയത്തിലുണ്ടായ മാറ്റത്തെ തുടര്‍ന്നാണ് യുവനടി എത്തിയത്.

സ്ഥാപനത്തിന്റെ ഉടമകള്‍ ആവശ്യത്തിന് സുരക്ഷ ഒരുക്കാതിരുന്നതാണ് അപമാനശ്രമത്തിന് ഇടയാക്കിയതെന്നാണ് നടി ഉന്നയിക്കുന്ന ആരോപണം. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി എടുക്കണമെന്ന് ചൂണ്ടിക്കാട്ടിയാണ് യുവനടി പരാതി നല്‍കിയിരിക്കുന്നത്. തന്നെ അപമാനിച്ചയാള്‍ക്കെതിരെ നിയമപരമായി മുന്നോട്ടു പോകാനാണ് നടിയുടെ നിലപാട്.

 

Related posts