കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടു പോയി പീഡനത്തിനിരയാക്കിയ കേസ് പുതിയ വഴിത്തിരിവിലേക്ക്. മലയാള സിനിമയിലെ പ്രമുഖനെ ഉടന്‍ ചോദ്യം ചെയ്യുമെന്നാണ് സൂചന.പള്‍സര്‍ സുനി പകര്‍ത്തിയ ദൃശ്യങ്ങളുമായി ബന്ധപ്പെട്ട അന്വേഷണമാണ് കാര്യങ്ങള്‍ ഇവിടേക്ക് എത്തിച്ചത്. കാറിനുള്ളില്‍ വെച്ച് നടി ലൈംഗികമായി അക്രമിക്കപ്പെടുന്ന വീഡിയോ മാത്രമാണ് പ്രമുഖന് ആവശ്യപ്പെട്ടിരുന്നതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. നടിയെ പീഡിപ്പിക്കുന്ന വീഡിയോ കോയമ്പത്തൂരില്‍ നിന്ന് ഈ വ്യക്തിയിലേക്ക് അതിന്റെ കോപ്പി എങ്ങനെയെത്തിയെന്നും പോലീസിന് മനസിലായെന്നാണ് വിവരം. ഇതുമായി ബന്ധപ്പെട്ട മുഴുവന്‍ പേരുടേയും മൊഴി പൊലീസ് എടുത്തു കഴിഞ്ഞുവെന്നാണ് സൂചന.
മുകളില്‍ നിന്ന് നിര്‍ദ്ദേശം കിട്ടിയാല്‍ ഉടന്‍ തന്നെ സിനിമയിലെ ഉന്നതനെ ചോദ്യം ചെയ്യും. അതിന് ശേഷം അറസ്റ്റും. അതിനിടെ കേസ് അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ അണിയറയില്‍ പുരോഗമിക്കുന്നതായും സൂചനയുണ്ട്. പ്രമുഖ നടനെ സ്വാധീനിച്ചാണ് ഈ നീക്കം. നടി ആക്രമിക്കപ്പെടുന്ന വീഡിയോ പൊലീസിന് ലഭിച്ചു കഴിഞ്ഞു എന്നും സൂചനയുണ്ട്. ഇക്കാര്യം പൊലീസ് സ്ഥിരീകരിക്കുന്നില്ല. നടിയെ ആക്രമിച്ചത് ക്വട്ടേഷനാണെന്ന സംശയം ബലപ്പെടുത്തുന്ന തെളിവുകള്‍ കിട്ടിക്കഴിഞ്ഞു. ആലുവയിലേയും കാക്കനാട്ടേയും സബ് ജയിലിലുകളില്‍ വെച്ചു പള്‍സര്‍ സുനി ജയില്‍ വെല്‍ഫെയര്‍ ഓഫീസര്‍മാരോടും ജയില്‍ അധികാരികളോടും പറഞ്ഞ മൊഴികളാണ് നിര്‍ണ്ണായകമായത്. നേരത്തെ അന്വേഷണവുമായി പള്‍സര്‍ സുനി സഹകരിച്ചിരുന്നില്ല. എന്നാല്‍ ജയിലിലെത്തിയപ്പോള്‍ പള്‍സര്‍ എല്ലാം തുറന്നു പറയുകയായിരുന്നു.
സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്ന് നടി ആവര്‍ത്തിച്ചിരുന്നു. സിനിമയിലെ വനിതകള്‍ സംഘടനയുണ്ടാക്കി മുഖ്യമന്ത്രിയെ കണ്ടപ്പോഴും നടിക്ക് നീതി കിട്ടാത്തത് ചര്‍ച്ചയായിരുന്നു. ഗൂഢാലോചനക്കാരെ പിടിച്ചേ മതിയാകൂവെന്ന് മഞ്ജു വാര്യരുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനോട് ആവശ്യപ്പെട്ടു. ഇതോടെ മുഖ്യമന്ത്രി കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ തിരക്കി. അതിവേഗം നിഷ്പക്ഷമായി മുന്നോട്ട് പോകാനായിരുന്നു മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം. പൊലീസ് മേധാവിയായി ചുമതലയിലുള്ള ടിപി സെന്‍കുമാറും കാര്യങ്ങള്‍ വിലയിരുത്തി. പള്‍സര്‍ സുനിയുടെ മൊഴിയും മറ്റും പരിശോധിച്ചതില്‍ ഗൂഢാലോചനയില്‍ വ്യക്തമായ തെളിവുണ്ടെന്ന് തന്നെയാണ് പൊലീസിന്റെ നിഗമനം. എന്നാല്‍ വിവാദങ്ങളില്‍ പെടാന്‍ താല്പ്പര്യമില്ലാത്തതിനാല് കരുതലോടെയാണ് നീക്കം. നടിയെ ആക്രമിച്ച വീഡിയോ എന്തിന് പ്രമുഖന് കൈക്കലാക്കിയെന്നതു സംബന്ധിച്ച് വിവരങ്ങള്‍ ലഭ്യമല്ല. പള്‍സര്‍ സുനിയും ഇത് വ്യക്തമാക്കിയില്ല.
എന്നാല്‍ പള്‍സര്‍ സുനിയെ ആവേശത്തിലാക്കി നടിയെ തട്ടിക്കൊണ്ടു വന്നതിന് പിന്നിലെ സിനിമയിലെ അണിയറക്കാര്‍ തന്നെയെന്നത് വ്യക്തമായി കഴിഞ്ഞു. ഇവര്‍ വീഡിയോ അനായാസമായി ലഭിക്കുമെന്നും നടിയെ വേഗത്തില്‍ ഭയപ്പെടുത്താന്‍ സാധിക്കുമെന്നും വഴങ്ങുമെന്നുമുള്ള ധൈര്യം സുനിക്ക് കൊടുത്തിരുന്നു. നടി ഇതൊരിക്കലും പുറത്തു പറയില്ലെന്നായിരുന്നു എല്ലാവരും കരുതിയത്.എന്നാല്‍ ഇവരുടെ കണക്കു കൂട്ടല്‍ പിഴയ്ക്കുകയായിരുന്നു. തൃക്കാക്കര എംഎല്‍എ പിടി തോമസ് സ്ഥലത്ത് എത്തിയതാണ് ഇതിന് കാരണമെന്നാണ് വിലയിരുത്തല്‍. ഒത്തുതീര്‍പ്പ് ശ്രമമെല്ലാം ഇതോടെ പൊളിഞ്ഞു. അതിനിടെ സംഭവത്തിന്റെ ഗൂഢാലോചനയ്ക്കായി നേരിട്ടും അല്ലാതെയും മൂന്നിലേറെ തവണ പള്‍സര്‍ സുനിയുമായി ഇയാള്‍ ബന്ധപ്പെട്ടിട്ടുണ്ടെന്ന സൂചനകളും പൊലീസ് നല്കുന്നു. അതിനിടെ ഉന്നതന് മുന്‍കൂര്‍ ജാമ്യത്തിന് ശ്രമം തുടങ്ങിയതായും സൂചനയുണ്ട്.
എന്നാല്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചാല്‍ പൊതു സമൂഹത്തിന് എല്ലാം മനസ്സിലാകും. അതിനാല്‍ കേസ് ഒതുക്കി തീര്‍ക്കാനുള്ള കരുനീക്കമാണ് നടക്കുന്നത്. ഇതിന് പ്രമുഖ നടന്റെ പിന്തുണയുമുണ്ട്. എല്ലാ തെളിവും അനുകൂലമാക്കിയ ശേഷം മുന്നോട്ട് പോകാനാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. ഈ സാഹചര്യത്തില്‍ മാത്രമാണ് തുടര്‍ നടപടികള്‍ വൈകുന്നത്. പ്രമുഖ നടി ഓടുന്ന കാറില്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ കുറ്റപത്രം സമര്‍പ്പിച്ചു. പള്‍സര്‍ സുനിയാണ് ഒന്നാം പ്രതി. കേസിലാകെ ഏഴു പ്രതികളാണുള്ളത്. അങ്കമാലി മജിസ്ട്രേറ്റ് കോടതിയിലാണ് പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചത്. 375 പേജുള്ള കുറ്റപത്രത്തില്‍ 165 സാക്ഷികളെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഫെബ്രുവരി 17നാണ് പ്രമുഖ മലയാളം നടിയെ ഓടുന്ന കാറില്‍ പള്‍സര്‍ സുനിയും സംഘവും ആക്രമിച്ചത്. നടി സഞ്ചരിച്ചിരുന്ന വാഹനത്തിനു പിന്നില്‍ കാറ്ററിങ് വാന്‍ കൊണ്ടിടിപ്പിച്ച ശേഷമായിരുന്നു ആക്രമണം. കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനിയെ ആലുവ ജുഡീഷ്യല്‍ കോടതിയില്‍ കീഴടങ്ങാനെത്തിയപ്പോഴാണ് പൊലീസ് പിടികൂടിയത്. സുനി കുറ്റം സമ്മതിച്ചിരുന്നു. കുറ്റപത്രം സമര്‍പ്പിച്ച കേസായതിനാല്‍ തുടരന്വേഷണത്തിലെ മറ്റ് സാങ്കേതിക പ്രശ്നങ്ങളും പൊലീസിന് മുമ്പിലുണ്ട്. ഗൂഢാലോചനയില്‍ പ്രത്യേക കുറ്റപത്രം നല്‍കുന്നതും പരിഗണിക്കും. ഈ പ്രശ്നങ്ങളിലെല്ലാം വ്യക്തത വരുത്തിയ ശേഷം മാത്രമേ ഇനി ആരെയെങ്കിലും ചോദ്യം ചെയ്യാന്‍ പൊലീസ് തയ്യാറാകൂവെന്നാണ് സൂചന. നടിയെ ആക്രമിച്ച സംഭവം ക്വട്ടേഷനാണെന്നും പിന്നില്‍ ഒരു സ്ത്രീ ആണെന്നും പള്‍സര്‍ സുനി നടിയോടു പറഞ്ഞിരുന്നു.
നടി പൊലീസിന് നല്കിയ മൊഴിയിലും ഇക്കാര്യം പറയുന്നുണ്ട്. നടിയെ ആക്രമിച്ച സംഭവത്തിന് പിന്നില്‍ പ്രമുഖ നടനല്ല, ഒരു സ്ത്രീയാണെന്ന് ഡബ്ബിങ് ആര്‍ട്ടിസ്റ്റും നടിയും ആയ ഭാഗ്യലക്ഷ്മിയും പറഞ്ഞിരുന്നു. ആക്രമിക്കപ്പെട്ട നടിയുമായി സംസാരിച്ചതിന് ശേഷം ആയിരുന്നു ഭാഗ്യലക്ഷ്മി ഇക്കാര്യം പുറത്ത് പറഞ്ഞത്. എന്നാല്‍ പിടിയിലായപ്പോള്‍ സുനി ഇക്കാര്യങ്ങളെല്ലാം നിഷേധിക്കുകയായിരുന്നു. തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടി പറഞ്ഞതായിരുന്നു അതെല്ലാം എന്നാണ് സുനി പൊലീസിന് നല്കിയ മൊഴി. നടിയെ ക്രൂരമായി ആക്രമിച്ചതിന് ശേഷം പള്‍സര്‍ സുനി ഒരാളെ ഫോണില്‍ വിളിച്ച് പൊട്ടിച്ചിരിച്ചുകൊണ്ട് കാര്യങ്ങള്‍ വിശദീകരിച്ചിരുന്നു എന്ന് സുഹൃത്ത് മണികണ്ഠന് മൊഴി നല്‍കിയിരുന്നു. ഫോണിന്റെ അങ്ങേത്തലക്കല്‍ ഉണ്ടായിരുന്നത് ആരാണെന്ന് അറിയില്ലെന്നും പറഞ്ഞിരുന്നു.
എന്നാല്‍ ജയിലിലെത്തിയതോടെ സുനി സത്യങ്ങള്‍ വെളിപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ പ്രമുഖ നടന്റെ പങ്ക് വ്യക്തമാക്കുന്നതും അവിടെ വച്ചാണ്. ഇതിനായി തനിക്കു ലഭിച്ച തുകയും പള്‍സര്‍ സുനി അന്വേഷണ ഉദ്യോഗസ്ഥനായ പെരുമ്പാവൂര്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ബൈജു പൗലോസിനോട് പറയുകയായിരുന്നു. മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് മുന്നോട്ട് പോയി. ജയില്‍ അധികാരികളോടും ജയില്‍ വെല്‍ഫെയര്‍ ഓഫീസറോടും പെട്ടെന്നു പണം ലഭിക്കാന്‍ വേണ്ടിയാണെന്ന് താന്‍ ഈ പ്രവര്‍ത്തനത്തിന് മുതിര്‍ന്നതെന്നും പള്‍സര്‍ സുനി പറഞ്ഞു. കോടതിയുടെ സംരക്ഷണയില്‍ നടക്കുന്ന ചോദ്യം ചെയ്യലില്‍ പൊലീസ് കടുത്ത രീതികള്‍ പ്രയോഗിക്കില്ലെന്നും മറ്റുമുള്ള ഉപദേശം കിട്ടിയതും പ്രമുഖ നടനില്‍ നിന്നായിരുന്നു എന്നു പള്‍സര്‍ സുനി പൊലീസിനോട് പറഞ്ഞതായാണ് സൂചന.