ഭാഗ്യലക്ഷ്മി ആംആദ്മിയിലേക്ക്? പാര്‍ട്ടിയിലെത്തിക്കാന്‍ ഊര്‍ജിതശ്രമം, മനസുതുറക്കാതെ ഭാഗ്യലക്ഷ്മി, ദുര്‍ബലമായ കേരള ഘടകത്തെ രക്ഷിക്കാനുള്ള നീക്കത്തിന് കേന്ദ്രനേതൃത്വത്തിന്റെ പിന്തുണ

bhagyaവടക്കാഞ്ചേരിയില്‍ സിപിഎം കൗണ്‍സിലറിന്റെ നേതൃത്വത്തില്‍ വീട്ടമ്മയെ ബലാത്സംഗം ചെയ്‌തെന്ന പരാതി ലോകത്തോട് വിളിച്ചുപറഞ്ഞ നടിയും സാമൂഹ്യപ്രവര്‍ത്തകയുമായ ഭാഗ്യലക്ഷ്മിയെ പാര്‍ട്ടിയിലെത്തിക്കാന്‍ ആംആദ്മി പാര്‍ട്ടി ശ്രമം തുടങ്ങി. രാഷ്ട്രീയത്തിലിറങ്ങാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ഭാഗ്യലക്ഷ്മി നേരത്തെ വ്യക്തമാക്കിയിരുന്നെങ്കിലും എഎപി സംസ്ഥാനനേതൃത്വം പ്രതീക്ഷ കൈവിട്ടിട്ടില്ല. സാമൂഹികവിഷയങ്ങളില്‍ പ്രതികരണങ്ങള്‍ നടത്തുന്ന ഭാഗ്യലക്ഷ്മിയെ കൂടെക്കൂട്ടിയാല്‍ മുഖമില്ലാത്ത സംസ്ഥാനത്തെ പാര്‍ട്ടിക്ക് അതു വലിയതോതില്‍ ഗുണംചെയ്യുമെന്നാണ് വിലയിരുത്തല്‍.

നേരത്തെയും നിരവധി തവണ രാഷ്ട്രീയപ്രവേശനവുമായി ബന്ധപ്പെട്ട് ഭാഗ്യലക്ഷ്മിയുടെ പേര് ഉയര്‍ന്നുകേട്ടിരുന്നു. ഇടതുപക്ഷത്തെ വനിതാ നേതാക്കളുമായി അവര്‍ക്ക് അടുത്തബന്ധമാണുള്ളത്. എന്നാല്‍ താന്‍ ഒരു രാഷ്ട്രീയപാര്‍ട്ടിയുടെയും ഭാഗമാകില്ലെന്നാണ് അടുത്തിടെ ഒരു അഭിമുഖത്തിലും അവര്‍ ആവര്‍ത്തിച്ചു വ്യക്തമാക്കിയത്. അരവിന്ദ് കേജരിവാള്‍ എഎപി രൂപീകരിച്ചപ്പോള്‍ കേരളത്തിലും അതിന്റെ പ്രതിഫലനം ഉണ്ടായിരുന്നു. പല സാമൂഹികപ്രവര്‍ത്തകരും പാര്‍ട്ടിയിലെത്തി.

സാറ ജോസഫ്, മാധ്യമപ്രവര്‍ത്തക അനിതാ പ്രതാപ് എന്നിവര്‍ ഇക്കൂട്ടത്തില്‍ പ്രമുഖരായിരുന്നു. അനിതാ പ്രതാപ് ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കൊച്ചിയില്‍ നിന്ന് മത്സരിക്കുകയും ചെയ്തു. എന്നാല്‍, പിന്നീട് ഇവര്‍ പാര്‍ട്ടിയുമായി തെറ്റുകയും നിര്‍ജീവമാകുകയുമായിരുന്നു. സാറാ ജോസഫിന്റെ കാര്യവും മറിച്ചല്ല. ഇപ്പോള്‍ സംസ്ഥാന പാര്‍ട്ടിയുടെ മുഖം പരിസ്ഥിതിപ്രവര്‍ത്തകനായ സി.ആര്‍. നീലകണ്ഠനാണ്. എന്നാല്‍, പാര്‍ട്ടിയെ സജീവമാക്കി നിലനിര്‍ത്താന്‍ നീലകണ്ഠനാകുന്നില്ലെന്ന പരാതി പ്രവര്‍ത്തകര്‍ക്കുണ്ട്. ഇതാണ് മികച്ച സംഘാടകയും പ്രശസ്തയുമായ ഭാഗ്യലക്ഷ്മിയിലേക്ക് തിരിയാന്‍ നേതൃത്വത്തെ പ്രേരിപ്പിക്കുന്നതെന്ന് പാര്‍ട്ടിയുമായി ബന്ധപ്പെട്ടവര്‍ രാഷ്ട്രദീപികഡോട്ട്‌കോമിനോട് പറഞ്ഞു.

അതേസമയം, കഴിയുന്ന രീതിയില്‍ മറ്റുള്ളവരെ സഹായിക്കുക മാത്രമാണ് ലക്ഷ്യമെന്ന് ഭാഗ്യലക്ഷ്മി അടുത്തിടെ അഭിമുഖങ്ങളില്‍ പറയുകയുണ്ടായി.  വടക്കാഞ്ചേരി സംഭവം ഇത്ര അധികം ജനശ്രദ്ധ നേടുമെന്ന് വിചാരിച്ചിരുന്നില്ല. വിഷയം മാധ്യമങ്ങള്‍ ഏറ്റെടുക്കുകയും കത്തിപ്പടര്‍ന്നു തുടങ്ങുകയും ചെയ്തപ്പോഴാണ് എന്തുകൊണ്ട് അവസാനം വരെ പൊരുതിക്കൂടാ എന്ന് ചിന്തിക്കുന്നത്. മികച്ച പിന്തുണയാണ് എല്ലായിടത്തു നിന്നും ലഭിച്ചതെന്നും ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ അവര്‍ വ്യക്തമാക്കി.

Related posts