നടി ചിത്രയുടെ മരണം കൊലപാതകമോ ? ഹേമന്ദുമായി വാക്കു തര്‍ക്കമുണ്ടായതായി സൂചന; മകളുടെ മരണത്തില്‍ സംശയമുണ്ടെന്ന് താരത്തിന്റെ മാതാപിതാക്കള്‍…

സീരിയല്‍ നടി ചിത്രയുടെ മരണത്തില്‍ ദുരൂഹതയേറുന്നു. സാമൂഹികമാധ്യമങ്ങളില്‍ സജീവമായ ചിത്ര മരിക്കുന്നതിന് മണിക്കൂറുകള്‍ക്കുമുമ്പും പോസ്റ്റുകളിട്ടിരുന്നു. അവസാനം കാണുമ്പോഴും സന്തോഷവതിയായിരുന്നെന്നാണ് അടുത്ത സുഹൃത്തുക്കളും പറയുന്നത്.

ചിത്ര ജീവനൊടുക്കിയെന്ന് വിശ്വസിക്കാനാവില്ലെന്നാണ് സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും ബന്ധുക്കളുമൊക്കെ ഒരേസ്വരത്തില്‍ പറയുന്നത്.

നടിയുടെ മരണത്തില്‍ ആരാധകര്‍ സാമൂഹികമാധ്യമങ്ങളില്‍ സംശയങ്ങളുന്നയിക്കുന്നുണ്ട്. മകളുടെ മരണത്തില്‍ സംശയമുണ്ടെന്നും വിശദമായ അന്വേഷണം വേണമെന്നും ചിത്രയുടെ മാതാപിതാക്കളും ആവശ്യപ്പെട്ടിട്ടുണ്ട്.

മകള്‍ മനോധൈര്യമുള്ളവളാണെന്ന് ചിത്രയുടെ അമ്മ പറയുന്നു. മരണത്തിന് ഉത്തരവാദികളെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് മാതാപിതാക്കള്‍ പോലീസില്‍ പരാതിനല്‍കി. സംഭവസമയത്ത് ഒപ്പമുണ്ടായിരുന്ന ചിത്രയുടെ ഭര്‍ത്താവ് ഹേമന്ദ് സംശയനിഴലിലാണ്.

മരിക്കുന്നതിനുമുമ്പ് ചിത്രയും ഹേമന്ദും തമ്മില്‍ വാക് തര്‍ക്കമുണ്ടായതായി പറയപ്പെടുന്നുണ്ട്. അതേസമയം, ഷൂട്ടിംഗ് കഴിഞ്ഞ് അസ്വസ്ഥയായാണ് ചിത്ര മുറിയില്‍ തിരിച്ചെത്തിയതെന്നാണ് ഹേമന്ദ് മൊഴി നല്‍കിയിരിക്കുന്നത്. ഇക്കാര്യങ്ങള്‍ സംബന്ധിച്ച് ഇയാളെ പോലീസ് ചോദ്യംചെയ്തുവരുകയാണ്.

മൃതദേഹത്തില്‍ മുഖത്ത് വലതുഭാഗത്തും കൈയ്യിലും കണ്ട മുറിപ്പാടുകളും സംശയമുണര്‍ത്തുന്നു. ഇത് എങ്ങനെ സംഭവിച്ചതാണെന്ന് വ്യക്തമല്ല. ഇക്കാര്യം അന്വേഷിക്കുന്നുണ്ടെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ അതില്‍ വ്യക്തതയുണ്ടാകുമെന്നും പോലീസ് പറഞ്ഞു.

ചിത്രയും ഹേമന്ദും ഹോട്ടലില്‍ എത്തിയതു മുതലുള്ള സിസിടിവി. ദൃശ്യങ്ങള്‍ പോലീസ് പരിശോധിക്കുന്നുണ്ട്. സംഭവദിവസം രാത്രിയിലെ ദൃശ്യങ്ങള്‍ പ്രത്യേകമായി പരിശോധിക്കും. രാത്രിയില്‍ ജോലിയിലുണ്ടായിരുന്ന ഹോട്ടല്‍ ജീവനക്കാരെയും ചോദ്യം ചെയ്തുവരുകയാണ്.

ആത്മഹത്യയെന്ന നിഗമനത്തിലാണ് ആദ്യമെത്തിയതെങ്കിലും മരണകാരണം വ്യക്തമല്ലാത്തതിനാല്‍ അന്വേഷണം മറ്റു ദിശകളിലേക്കും വ്യാപിപ്പിക്കുന്നുണ്ട്. ചിത്രയുടെ മൊബൈല്‍ ഫോണ്‍ ഫൊറന്‍സിക് പരിശോധനയ്ക്കായി കസ്റ്റഡിയിലെടുത്തു. ഫോണില്‍നിന്ന് അന്വേഷണത്തില്‍ വഴിത്തിരിവായേക്കാവുന്ന സൂചനകള്‍ ലഭിച്ചേക്കുമെന്നാണ് കരുതുന്നത്.

Related posts

Leave a Comment