നയന്‍താര നായികയായ കൊളമാവ് കോകില എന്ന ചിത്രത്തിലെ ‘കല്യാണ വയസ്’ എന്ന പാട്ട് ഇപ്പോള്‍ യൂട്യൂബില്‍ തരംഗമായിരിക്കുകയാണ്. ഈ പാട്ടിലൂടെ യോഗി ബാബുവും ആരാധകരുടെ മനസില്‍ ഇടം നേടി.
നെല്‍സണ്‍ ദിലീപ് ഒരുക്കുന്ന ഈ ചിത്രത്തില്‍ നയന്‍താരയുടെ നായകനായാണ് യോഗി എത്തുന്നത്. യോഗിയുടെ കഥാപാത്രം നയന്‍താരയുടെ കഥാപാത്രമായ കോകിലയുടെ ഹൃദയത്തിലിടം നേടാന്‍ ശ്രമിക്കുന്നതാണ് പാട്ടില്‍ ചിത്രീകരിച്ചിരിക്കുന്നത്.
അതിനായി പൂവാലന്‍മാരെപ്പോലെ കോകില കോളേജില്‍ പോകുന്ന വഴിയില്‍ അയാള്‍ സ്ഥിരസാന്നിധ്യമാകുന്നു. എന്നാല്‍ ഉള്‍വലിഞ്ഞ സ്വഭാവമുള്ള കോകില അയാളെ ശ്രദ്ധിക്കുന്നുണ്ടെങ്കിലും മുഖത്തേക്ക് നോക്കുന്നില്ല. പക്ഷേ കാര്യമായ എതിര്‍പ്പും പ്രകടിപ്പിക്കുന്നില്ല.
കല്യാണ വയസ് തരംഗമാവുമ്പോഴും സിനിമയിലേക്കുള്ള തന്റെ പ്രയാണം കല്ലും മുള്ളും നിറഞ്ഞതായിരുന്നുവെന്ന് തുറന്നു പറയുകയാണ് യോഗി ബാബു.കടുത്ത മാനസിക വിഷമം ഉണ്ടാക്കിയ പല അനുഭവങ്ങളിലൂടെയും താന്‍ കടന്നുപോയിട്ടുണ്ടെന്ന് താരം വെളിപ്പെടുത്തി. അതിലൊന്ന് തമിഴിലെ ഒരു മുന്‍നിര നായികയ്‌ക്കൊപ്പം അഭിനയിച്ചപ്പോഴാണെന്നും യോഗി പറഞ്ഞു.
എന്റെ മുന്‍ സിനിമകളിലൊന്നില്‍ നായിക എന്നെ കെട്ടിപ്പിടിക്കുന്ന രംഗമുണ്ടായിരുന്നു. പക്ഷേ ആ നടി വിസമ്മതിച്ചു. എന്നെ കെട്ടിപ്പിടിക്കാന്‍ കഴിയില്ലെന്ന് തീര്‍ത്തു പറഞ്ഞു. ആ സിനിമയിലെ ഒരു തമാശ രംഗത്തില്‍ അത് അനിവാര്യമായിരുന്നു.
സംവിധായകന്‍ കേണപേക്ഷിച്ചിട്ടും അവര്‍ കൂട്ടാക്കിയില്ല. തെന്നിന്ത്യയിലെ ഒരു മുന്‍നിര നായികയാണവര്‍. കൊളമാവ് കോകിലയില്‍ നയന്‍താരയ്‌ക്കൊപ്പം അഭിനയിച്ചത് നല്ല അനുഭവമായിരുന്നു. ഓരോ രംഗം ചിത്രീകരിക്കുമ്പോഴും നയന്‍താര നല്ല പിന്തുണ നല്‍കി.
നയന്‍താരയോട് എനിക്ക് ശരിക്കും പ്രണയം തോന്നി യോഗി പറഞ്ഞു. ഇപ്പോള്‍ തമിഴിലെ ഏറ്റവും തിരക്കുള്ള ഹാസ്യതാരമാണ് യോഗി ബാബു. കല്യാണ വയസ് എന്ന പാട്ട് ഇതിനകം ഒരു കോടിയ്ക്കടുത്ത് ആളുകള്‍ കണ്ടു കഴിഞ്ഞു.