ഫഌറ്റ് നിര്‍മിച്ചു നല്‍കാമെന്നു വാഗ്ദാനം നല്കി ഇടപാടുകാരില്‍നിന്ന് പണം തട്ടിയെന്ന പരാതിയില്‍ നടി ധന്യ മേരി വര്‍ഗീസ് പോലീസ് കസ്റ്റഡിയില്‍. ധന്യയുടെ ഭര്‍തൃപിതാവിന്റെ ഉടമസ്ഥതയിലുള്ള സാംസണ് ആന്‍ഡ് സണ്‍സ് ബില്‍ഡേഴ്സിന്റെ പേരിലായിരുന്നു തട്ടിപ്പ്. ജേക്കബ് സാംസണ് നേരത്തെ അറസ്റ്റിലായിരുന്നു. അമ്പതോളം ഉപഭോക്താക്കളില്‍ നിന്നായി കോടിക്കണക്കിന് രൂപ ഇവര്‍ തട്ടിയെടുത്തിട്ടുണ്ടെന്നാണ് ആരോപണം.
പല പോലീസ് സ്റ്റേഷനുകളിലായി ഇവര്‍ക്കെതിരെ ഒട്ടേറെ പരാതികള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട്. 2011 ല്‍ ആണ് ഫഌറ്റ് നിര്‍മിച്ച് നല്‍കാമെന്ന് പറഞ്ഞ് ഇവര്‍ അഡ്വാന്‍സ് കൈപ്പറ്റിയത്. 2014 ല്‍ ഫഌറ്റ് നിര്‍മാണം പൂര്‍ത്തിയാക്കി നല്‍കാം എന്നായിരുന്നു വാഗ്ദാനം. എന്നാല്‍ അത് പൂര്‍ത്തിയാക്കി നല്കാന് കഴിഞ്ഞില്ല. യൂസിയം, കന്റോണ്‍മെന്റ്, പേരൂര്‍ക്കട പൊലീസ് സ്റ്റേഷനുകളില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണു തട്ടിപ്പിനെതിരെ കേസെടുത്തത്. 40 ലക്ഷം രൂപ മുതല്‍ ഒരു കോടി രൂപ വരെയാണ് ഇവര്‍ പലരില്‍ നിന്നായി വാങ്ങിയത്.
മധുപാല്‍ സംവിധാനം ചെയ്ത തലപ്പാവ് എന്ന ചിത്രത്തിലൂടെയാണ് ധന്യ മേരി വര്‍ഗീസ് സിനിമയിലെത്തുന്നത്. വൈരം, ദ്രോണ 2010, കേരള കഫേ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ടെങ്കിലും മികച്ച വേഷങ്ങള്‍ കൂടുതലായി ലഭിച്ചില്ല. ഇതിനിടെ തമിഴിലും ചില ചിത്രങ്ങളില്‍ അഭിനയിച്ചു. 2012ലായിരുന്നു ജോണ്‍ ജേക്കബുമായുള്ള വിവാഹം. ഒരു സ്വകാര്യ ചാനലിലെ റിയാലിറ്റി ഷോയിലൂടെയുള്ള പരിചയമാണ് ഇവരുടെ വിവാഹത്തിലേക്കു വഴിതെളിച്ചത്. ദാമ്പത്യജീവിതത്തിലേക്കു കടന്നതോടെ ധന്യ അഭിനയജീവിതത്തോട് താല്‍ക്കാലികമായി വിടപറയുകയും ചെയ്തു. അതിനുശേഷമാണ് സാംസണ് ആന്‍ഡ് സണ്‍സിലെ ജോലി ഏറ്റെടുക്കുന്നത്.