നടന് അലന്‍സിയര്‍ക്കെതിരായ മീ ടു തുറന്നുപറച്ചില്‍ മറ്റൊരു തലത്തിലേക്ക്. പ്രൊട്ടസ്റ്റിംഗ്ഇന്ത്യ വെബ്സൈറ്റില്‍ കഴിഞ്ഞദിവസം പേരെഴുതാതെ കുറിപ്പെഴുതിയ യുവനടി മുഖം വ്യക്തമാക്കി രംഗത്തെത്തിയതോടെയാണ് അലന്‍സിയറിന്റെ കുരുക്ക് മുറുകിയത്. യുവനടി ദിവ്യാ ഗോപിനാഥാണ് നടന്റെ യഥാര്‍ഥ മുഖം വെളിപ്പെടുത്തി രംഗത്തെത്തിയത്.
ഫേസ്ബുക്ക് ലൈവിലൂടെ രംഗത്തെത്തിയ നടി പരാതിയുമായി നീങ്ങുകയാണെന്ന് വ്യക്തമാക്കി. ആഭാസം എന്ന സിനിമയിലടക്കം അഭിനയിച്ച താരമാണ് ദിവ്യ. അതേസമയം വാര്‍ത്ത പുറത്തു വന്നതോടെ മൊബൈല്‍ ഓഫാക്കി ഒളിവിലാണെന്നു സൂചന. അലന്‍സിയര്‍ക്കെതിരേ യുവമോര്‍ച്ചയും യൂത്ത് കോണ്‍ഗ്രസും രംഗത്തെത്തി.
താന്‍ അനുഭവം എഴുതിയതിനെ പലരും ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് ഇത്തരത്തില്‍ വീഡിയോയുമായി എത്തിയതെന്ന് ദിവ്യ പറയുന്നു. ആഭാസം സിനിമയുടെ സമയത്ത് പെണ്‍കുട്ടികളുമായി അടുത്ത് ഇടപഴകിയെന്ന തരത്തില്‍ മറ്റ് സിനിമകളുടെ സെറ്റില്‍ പോയി പറഞ്ഞതായി അറിയുകയും ആ സമയത്ത് താന്‍ അലന്‍സിയറിനെ വിളിച്ചതായും നടി പറയുന്നു.
എന്നാല്‍ ആ സമയത്ത് ആദ്യമായിട്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. ഞാന്‍ ഏത് മാനസികാവസ്ഥയിലാണ് അങ്ങനെ പെരുമാറിയതെന്ന് അറിയില്ല എന്നു പറഞ്ഞ് അലന്‍സിയര്‍ കരയുകയായിരുന്നെന്നും വീഡിയോയില്‍ ദിവ്യ പറയുന്നു.
ഞാനെന്റെ ജീവിതത്തില്‍ ആദ്യമായി സിനിമാ സെറ്റില്‍ ചെയ്ത തെറ്റായിരുന്നു അത്. അതിനെക്കുറിച്ച് വിഷമത്തോടെയാണ് ഞാന്‍ എല്ലാവരോടും പറഞ്ഞത്. എന്നാല്‍ അത് കേട്ട് മറ്റുള്ളവര്‍ എന്താണ് നിങ്ങളോട് പറഞ്ഞതെന്ന് എനിക്കറിയില്ല. നിങ്ങളെ ഒരു തരത്തിലും അപമാനിക്കാന്‍ ഞാന്‍ ശ്രമിച്ചിട്ടില്ല.
അലന്‍സിയറിന്റെ ഈ വാക്ക് ഞാന്‍ വിശ്വസിക്കുകയായിരുന്നു. അദ്ദേഹത്തിന് ഒരു തെറ്റ് പറ്റിയതാകും. അദ്ദേഹത്തിന്റെ പ്രായത്തെയും അദ്ദേഹമെന്ന നടനെയും ഞാന്‍ വിശ്വസിച്ചുവെന്നും നടി പറയുന്നു. അവള് സുഖിച്ചിട്ട് ഇപ്പോള്‍ വെളിപ്പെടുത്തുകയല്ലേ എന്ന് ആക്ഷേപിക്കുന്നവരോട് പറയാനുള്ളത് ഒരു തരത്തിലും വഴങ്ങി നിന്നിട്ടില്ലെന്ന് ദിവ്യ പറയുന്നു.
നിന്നു കൊടുത്തിട്ടില്ല എന്ന ധൈര്യത്തില്‍ തന്നെയാണ് എഴുതിയത്. പിന്നെ എന്തുകൊണ്ട് ഇത്ര കഷ്ടപ്പെട്ട് സിനിമയില്‍ അഭിനയിക്കുന്നതെന്നാണ് ചോദിക്കുന്നത്. പിജി പഠനം പൂര്‍ത്തിയാക്കിയ ആളാണ് ഞാന്‍. എനിക്ക് ഏറ്റവും അധികം സന്തോഷം നല്കുന്ന തൊഴിലാണ് അഭിനയം. അതുകൊണ്ടാണ് അഭിനയിക്കാന്‍ ഇഷ്ടപ്പെടുന്നത്.
പലരോടും താന്‍ പെണ്‍കുട്ടികളെ ഉപയോഗിക്കാറുണ്ടെന്ന് അലന്‍സിയര്‍ പറഞ്ഞത് അറിഞ്ഞപ്പോള്‍ അലന്‍സിയറോട് സംഭവിച്ച കാര്യങ്ങളെക്കുറിച്ച് ചോദിച്ചിരുന്നു. അന്ന് തന്നോട് അലന്‍സിയര്‍ മാപ്പ് പറഞ്ഞിരുന്നു. അറിയാതെ സംഭവിച്ചതാണെന്നും ഒരിക്കലും ആവര്‍ത്തിക്കില്ലെന്നും അലന്‍സിയര്‍ പറഞ്ഞപ്പോള്‍ അയാളുടെ പ്രായത്തെ ബഹുമാനിച്ചാണ് കൂടുതല്‍ നടപടികളിലേക്ക് കടക്കാതിരുന്നത്. എന്നാല്‍ മറ്റുപല സെറ്റുകളിലും അലന്‍സിയര്‍ പെണ്‍കുട്ടികളോട് ഇങ്ങനെ തന്നെ പെരുമാറുന്നുണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞത്.
അലന്‍സിയര്‍ക്കെതിരേ തങ്ങള്‍ക്ക് നിരവധി പരാതികള്‍ കിട്ടുന്നതായി വിമണ്‍ ഇന്‍ സിനിമ കളക്ടീവ് അംഗം ദീദി ദാമോദരന്‍ വെളിപ്പെടുത്തി. അലന്‍സിയര്‍ക്കെതിരെ മാത്രമല്ല മറ്റ് പലര്‍ക്കുമെതിരെയും ഇതേ വിധത്തില്‍ പരാതികള്‍ തങ്ങള്‍ക്ക് മുമ്പാകെ വരുന്നുണ്ടെന്നും അവര്‍ വ്യക്തമാക്കി. അതേസമയം രേഖാമൂലമുള്ള പരാതികളല്ല ലഭിച്ചിട്ടുള്ളത്.
ഈ പരാതികളില്‍ നിയമപരമായ നടപടികളെടുക്കുന്നതിനെക്കുറിച്ച് ആലോചിച്ചു വരികയാണെന്നും ദീദി വ്യക്തമാക്കി. ഇരയായവരോടുകൂടി അലോചിച്ചതിന് ശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും അവര്‍ വ്യക്തമാക്കി.