ഇന്ത്യന്‍ സിനിമ ലോകത്തെ പിടിച്ചു കുലുക്കിയ മീടു തരംഗത്തിന്റെ അലയൊലികള്‍ ഒന്ന് അവസാനിച്ച് വരുന്നതേയുള്ളൂ…അതിനിടയില്‍ പുതിയ വെളിപ്പെടുത്തലുമായി ദംഗല്‍ നായിക ഫാത്തിമ സനാ ഷെയ്ഖ് രംഗത്തെത്തി. താന്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടെന്നും എന്നാല്‍ അതിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ലെന്നും നടി വ്യക്തമാക്കി.
താന്‍ ആ സാഹചര്യത്തോടു പൊരുത്തപ്പെടാന്‍ ശ്രമിക്കുകയാണെന്നും അതിനാല്‍ തന്നെ ഇത് പൊതുസമൂഹത്തിനു മുമ്പില്‍ വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ലെന്നും നടി പറഞ്ഞു. ഏറെ അടുപ്പമുള്ള ആളുകളോടു മാത്രമാണ് താന്‍ ഇക്കാര്യം തുറന്നു പറഞ്ഞിട്ടുള്ളൂവെന്നും താരം പറഞ്ഞു. എപ്പോഴെങ്കിലും ലൈംഗിക അതിക്രമത്തിന് ഇരയായിട്ടുണ്ടോയെന്ന മുംബൈ മിറര്‍ പ്രത്രപ്രവര്‍ത്തകന്റെ ചോദ്യത്തിനു മറുപടിയായായിരുന്നു സനയുടെ ഈ വെളിപ്പെടുത്തല്‍.
പൊതുജനത്തിനു മുമ്പില്‍ നാണംകെടുമെന്നും ഫിലിം ഇന്‍ഡസ്ട്രിയില്‍ നിന്നു പുറംതള്ളപ്പെടുമെന്നുമുള്ള ഭയമാണ് പീഡകന്മാര്‍ക്ക് ഇപ്പോഴുള്ളതെന്ന് നടി പറഞ്ഞു. മുമ്പ് സ്ത്രീകള്‍ ഇത്തരം പീഡനങ്ങളെ സിനിമ ഇന്‍ഡസ്ട്രിയുടെ ഭാഗമായാണ് കണ്ടിരുന്നതെന്നും അതാണ് ഇത്തരക്കാര്‍ മുതലെടുത്തതെന്നും നടി പറഞ്ഞു.നാനാ പടേക്കറിനെതിരേ തനുശ്രീദത്ത ഉന്നയിച്ച മീടു ആരോപണം ബോളിവുഡില്‍ വിവാദ കൊടുങ്കാറ്റാണ് ഉണ്ടാക്കിയത്. സാജിദ് ഖാന്‍, അലോക് നാഥ് ,കൈലാഷ് ഖേര്‍,വികാസ് ബേല്‍ തുടങ്ങിയ വമ്പന്‍മാര്‍ക്കും മീടു കൊടുങ്കാറ്റില്‍ അടിതെറ്റി.