ഗൗതമി ബിജെപിയിലേക്ക്! തമിഴ്‌നാട്ടിലെ ബിജെപിയുടെ മുഖമാകും, കമലുമായി പിരിഞ്ഞതിനു പിന്നില്‍ രാഷ്ട്രീയ മോഹം, 2019ലെ നിയമസഭ തെരഞ്ഞെടുപ്പ് ലക്ഷ്യം

എം.ജി. എല്‍
gautami
ഈ വര്‍ഷം നവംബറിലാണ് 13 വര്‍ഷത്തെ ദാമ്പത്യത്തിന് നടന്‍ കമലഹാസനും ഗൗതമിയും അവസാനം കുറിച്ചത്. ഇരുവരും തമ്മിലുള്ള വേര്‍പിരിയലിനെക്കുറിച്ച് അന്ന് ഏറെ അഭ്യൂഹങ്ങള്‍ പരന്നിരുന്നു. കമലിന്റെ മകള്‍ ശ്രുതിഹസനുമായി ഗൗതമിക്കുണ്ടായ പ്രശ്‌നങ്ങളായിരുന്നു വേര്‍പിരിയലിലേക്ക് നയിച്ചതെന്നായിരുന്നു അതിലൊന്ന്. കമലും മറ്റൊരു നടിയുമായുള്ള ബന്ധമാണ് കാരണമെന്ന് മറ്റൊരുകൂട്ടര്‍. തമിഴ്‌നാട്ടില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ ഇപ്പോള്‍ മറ്റൊരു കാര്യത്തിനാണ് ഊന്നല്‍ കൊടുക്കുന്നത്. രാഷ്ട്രീയത്തിലിറങ്ങാനുള്ള ഗൗതമിയുടെ താല്പര്യമാണത്രേ ഇരുവര്‍ക്കുമിടയില്‍ വില്ലനായത്. ബിജെപിയില്‍ ചേരാന്‍ ഗൗതമി തീരുമാനമെടുത്തെന്ന് ദേശീയ മാധ്യമങ്ങളടക്കം റിപ്പോര്‍ട്ട് ചെയ്യുന്നു.

ജയലളിതയുടെ മരണശേഷം തമിഴ്‌നാട്ടിലെ ഒരു പാര്‍ട്ടിയിലും മികച്ചൊരു വനിതാ നേതാവില്ല. ബിജെപിയുടെ അവസ്ഥയാണെങ്കില്‍ പരിതാപകരവും. തമിഴര്‍ക്ക് ഏറെ ആരാധകരുള്ള ഗൗതമിയെ സംസ്ഥാനത്തെ ബിജെപിയുടെ മുഖമായി ഉയര്‍ത്തിക്കാട്ടാനാണ് കേന്ദ്രനേതൃത്വം ലക്ഷ്യമിടുന്നത്. കമലുമായി പിരിഞ്ഞശേഷം അവര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്രമന്ത്രി വെങ്കയ്യ നായിഡുവിനെയും സന്ദര്‍ശിച്ചിരുന്നു. അന്ന് വലിയ രാഷ്ട്രീയപ്രാധാന്യമൊന്നും ഈ സന്ദര്‍ശനത്തിന് ആരും നല്കിയിരുന്നില്ല. ജയയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും പ്രധാനമന്ത്രി വിഷയത്തില്‍ ഇടപെടണമെന്നും ആവശ്യപ്പെട്ട് കഴിഞ്ഞദിവസം അവര്‍ കത്തയച്ചിരുന്നു. ഗൗതമി നടത്തിയ നീക്കങ്ങള്‍ ബിജെപിയിലേക്കുള്ള യാത്രയ്ക്കുള്ള മുന്നൊരുക്കമാണെന്ന് സൂചന.

തമിഴ് ബിജെപിയിലെ കാര്യങ്ങളില്‍ പ്രധാനമന്ത്രി നേരിട്ടാണ് ഇടപെടുന്നത്. തലയെടുപ്പുള്ള ഒരു നേതാവിനെ തേടിയുള്ള ബിജെപിയുടെ അന്വേഷണങ്ങള്‍ രജനികാന്ത് ഉള്‍പ്പെടെയുള്ള താരങ്ങളിലൂടെ കടന്നുപോയിരുന്നു. എന്നാല്‍ രജനി ഉള്‍പ്പെടെ ഒരു താരവും പാര്‍ട്ടിയില്‍ ചേരാന്‍ തയാറായില്ല. ഗൗതമിയെ പോലുള്ള ഒരു വനിതയെ കേന്ദ്രബിന്ദുവാക്കി 2019ലെ നിയമസഭ തെരഞ്ഞെടുപ്പിനെ നേരിട്ടാല്‍ വലിയ നേട്ടമുണ്ടാക്കാനുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ.

Related posts