അവരുടെ പോസ്റ്റുകള്‍ എന്നെ വേദനിപ്പിച്ചു, ജീവിച്ചിരുന്ന ആളെ അവര്‍ പലവട്ടം കൊന്നു, നടന്‍ ജിഷ്ണുവിന്റെ ഭാര്യയ്ക്ക് പറയാനുള്ളത്

jishnuകാന്‍സര്‍ മൂലം മലയാള സിനിമയ്ക്ക് അകാലത്തില്‍ സംഭവിച്ച നഷ്ടമായിരുന്നു നടന്‍ ജിഷ്ണുവിന്റെ മരണം. രോഗക്കിടക്കയിലായിരുന്നപ്പോഴും ജീവിതത്തെ ചിരിച്ചുകൊണ്ട് നേരിട്ട വ്യക്തിയായിരുന്നു അദ്ദേഹം. എന്നാല്‍ പലപ്പോഴും സോഷ്യല്‍മീഡിയ ജിഷ്ണുവിനെ വേട്ടയാടി. പലകുറി അദ്ദേഹം മരിച്ചുവെന്ന തരത്തിലുള്ള ഫേസ്ബുക്ക്, വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ പ്രചരിച്ചു. ഏറെക്കാലത്തെ മൗനത്തിനുശേഷം ജിഷ്ണുവിന്റെ ഭാര്യ ധന്യ ഇതേക്കുറിച്ച് മനസുതുറക്കുകയാണ്. മനോരമന്യൂസിന്റെ കേരളകാന്‍-കാന്‍സര്‍ അവബോധ പരിപാടിയിലായിരുന്നു ധന്യ വേദന പങ്കുവച്ചത്.

ജിഷ്ണുവിന്റെ രോഗവും ചികിത്സിച്ച് മാറ്റാന്‍ സാധിക്കുമായിരുന്നു. ചിലപ്പോള്‍ തോന്നും എവിടെയോ തെറ്റുപ്പറ്റി പോയെന്ന്. തനിക്ക് തന്റെ അച്ഛനെ ആദ്യം കാന്‍സര്‍ മൂലം നഷ്ടപ്പെട്ടു. ഇപ്പോള്‍ ജിഷ്ണുവിനേയും നഷ്ടമായി-ധന്യ പറയുന്നു. രോഗം മൂര്‍ഛിച്ച് നില്‍ക്കുന്ന അവസ്ഥയില്‍ ജിഷ്ണു മരണപ്പെട്ടുന്ന എന്ന രീതിയിലുള്ള വ്യാജപോസ്റ്റുകള്‍ പ്രചരിച്ചിരുന്നു. ഇത്തരം വാര്‍ത്തകള്‍ തന്നെ മാനസികമായി വേദനിപ്പിച്ചു. ജിഷ്ണുവിനെ രണ്ടാമതും കാന്‍സര്‍ പിടികൂടിയ സമയത്താണ് മരണപ്പെട്ടു എന്നതു പോലുള്ള സന്ദേശങ്ങള്‍ പരന്നത്. ശരിക്കും എന്തു ചെയ്യണമെന്നറിയാതെ ആകെ വിഷമത്തിലായ സന്ദര്‍ഭമായിരുന്നു അത്. ചികിത്സയും മറ്റുകാര്യങ്ങളുമൊക്കെയായി ഓടുകയാണ്.

ഈ വാര്‍ത്ത വന്നപ്പോള്‍ ഒരുപാട് പേര്‍ എന്നെ വിളിച്ച് അന്വേഷിക്കാന്‍ തുടങ്ങി. അത് മാനസികമായി അലട്ടിയിരുന്നു. ഇവരോടൊക്കെ എന്തു മറുപടി പറയണമെന്ന് എനിക്കറിയില്ലായിരുന്നു. ആ സമയത്ത് ജോലിക്കുപോകാനുള്ള ധൈര്യം തന്നതും ജിഷ്ണുവായിരുന്നു. ജിഷ്ണു എല്ലാം മുന്‍കൂട്ടി പ്ലാന്‍ ചെയ്തതു പോലെയായിരുന്നു. രാവിലെ തന്നെ പറയും ഇപ്പോള്‍ വരും വാട്‌സാപ്പ് മെസേജ്. ഞാന്‍ മരിച്ചുവെന്നുള്ള സന്ദേശവും പറഞ്ഞ്. ഇതും പറഞ്ഞ് ജിഷ്ണു ചിരിക്കുമായിരുന്നു- ധന്യ കൂട്ടിച്ചേര്‍ത്തു. കമല്‍ സംവിധാനം ചെയ്ത ‘നമ്മള്‍’ എന്ന ചിത്രത്തിലൂടെയാണ് ജിഷ്ണു സിനിമയില്‍ അരങ്ങേറുന്നത്. അതിനുശേഷം ചെറുതും വലുതുമായ 50ഓളം ചിത്രങ്ങളില്‍ അഭിനയിച്ചു. രോഗം സ്ഥിരീകരിച്ചശേഷവും അദ്ദേഹം പല ചിത്രങ്ങളിലും അഭിനയിച്ചിരുന്നു. പഴയകാല നടന്‍ രാഘവന്റെ മകനാണ് ജിഷ്ണു.

Related posts