മുംബൈ: ലഹരിമരുന്ന് കൈവശം വച്ചെന്ന കേസിൽ ഷാർജയിൽ അറസ്റ്റിലായ ബോളിവുഡ് നടി ക്രിസാൻ പെരേര ജയിൽ മോചിതയായി. 48 മണിക്കൂറിനുള്ളിൽ ഇന്ത്യയിലേക്കു തിരിക്കും.
ക്രിസാനിനെ കുടുക്കിയതാണെന്ന് മുംബൈ പോലീസ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. സംഭവത്തിൽ ആന്റെണി പോൾ, രാജേഷ് ബോബത്ത (രവി) എന്നിവരെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ട്രോഫിക്കുള്ളിൽ ഒളിപ്പിച്ച നിലയിൽ ആയിരുന്നു ലഹരിമരുന്ന്. ഏപ്രിൽ ഒന്നിനാണ് ക്രിസാനിനെ ഷാർജയിലെ ജയിലിൽ അടച്ചത്. രാജ്യാന്തര വെബ്സീരീസിന്റെ ഓഡിഷനായി ഷാർയിലേക്കു പോകണമെന്നാവശ്യപ്പെട്ടാണ് രാജേഷ് ക്രിസാനിനെ സമീപിച്ചത്.
പോകുമ്പോൾ ഓഡിഷന്റെ ആവശ്യത്തിനായി ട്രോഫി കരുതണമെന്നു പറഞ്ഞു ലഹരിമരുന്ന് ഒളിപ്പിച്ച ട്രോഫി കൂടി നൽകുകയായിരുന്നു.
ക്രിസാൻ ഷാർജ വിമാനത്താവളത്തിലിറങ്ങിയതിനു പിന്നാലെ പ്രതികൾ ഷാർജ പോലീസിൽ ലഹരിമരുന്നിനെക്കുറിച്ച് വിവരം നൽകി. ഇത്തരം രീതിയിൽ മൂന്നുപേരെ കുടുക്കിയതായി പ്രതികൾ പോലീസിനോടു സമ്മതിച്ചിട്ടുണ്ട്.