വിമന്‍ ഇന്‍ സിനിമാ കളക്ടീവ് ആ 20 പേര്‍ മാത്രം; വനിതാ സംഘടനയ്‌ക്കെതിരേ ആഞ്ഞടിച്ച് നടി ലക്ഷ്മിപ്രിയ

കോട്ടയം: മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ വിമന്‍ ഇന്‍ സിനിമാ കളക്ടീവിനെക്കുറിച്ച് പലര്‍ക്കും അറിയില്ലെന്ന് നടി ലക്ഷ്മിപ്രിയ. സംഘടന രൂപീകരിച്ചത് സിനിമാരംഗത്തെ മറ്റ് സ്ത്രീകളെ അറിയിക്കാതെയാണെന്ന് ലക്ഷ്മിപ്രിയ തുറന്നടിച്ചു. കലാനിലയത്തിന്റെ ഹിഡുംബി എന്ന നാടകം അവതരിപ്പിക്കുന്നതിന് മുന്നോടിയായി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ലക്ഷ്മി പ്രിയ. നാടകത്തിലെ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ലക്ഷ്മി പ്രിയയാണ്.

താരസംഘടനയായ അമ്മയുടെ ജനറല്‍ ബോഡി യോഗത്തില്‍ വിമെന്‍ ഇന്‍ സിനിമാ കളക്ടീവിന് മമ്മൂക്ക സ്വാഗതം പറഞ്ഞപ്പോഴാണ് ഇത്തരത്തില്‍ ഒരു സംഘടന രൂപീകരിക്കപ്പെട്ട കാര്യം ഞങ്ങള്‍ അറിഞ്ഞത്. അതിനു മുമ്പ് ആരും ഞങ്ങളെ ഒന്നും അറിയിച്ചിട്ടുമില്ല. ഇപ്പോള്‍ കാണുന്ന ഇരുപത് പേര്‍ മാത്രമാണ് സംഘടനയിലുള്ളത്. വേറെ ആരും അതില്‍ അംഗങ്ങളല്ല. അമ്മയുടെ ജനറല്‍ ബോഡി യോഗത്തിനുശേഷം നടന്ന വാര്‍ത്താസമ്മേളനത്തില്‍ ഉണ്ടായ ബഹളം ബോധപൂര്‍വമായിരുന്നില്ല. യോഗത്തിനുശേഷം അമ്മ സംഭാവന ചെയ്യുന്ന ആംബുലന്‍സിന്റെ വിതരണമുണ്ടെന്നും അതില്‍ എല്ലാവരും പങ്കെടുക്കണമെന്നും മമ്മൂക്ക പറഞ്ഞതുകൊണ്ടാണ് ഞങ്ങള്‍ യോഗത്തിനുശേഷം തിരിച്ചുപോകാതിരുന്നത്. ജയിലിലായ പ്രതിക്കൊപ്പമാണോ നിങ്ങള്‍ എന്ന് പത്രക്കാര്‍ ചോദിച്ചപ്പോഴാണ് മുകേഷേട്ടന്‍ രോഷാകുലനായത്. അല്ലാതെ മോശമായി പെരുമാറിയിട്ടില്ല.

സിനിമയില്‍ നിന്ന് തനിക്ക് മോശം അനുഭവങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് ലക്ഷ്മി പ്രിയ ഒരു ചോദ്യത്തിന് മറുപടിയായി പറഞ്ഞു. പ്രതിഫലം കിട്ടുന്ന കാര്യത്തില്‍ തനിക്ക് ചില ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. ‘നൂറ്റിമുപ്പതോളം സിനിമകളില്‍ അഭിനയിച്ച എനിക്ക് ഒരുപാട് പണം കിട്ടാനുണ്ട്. തൊടുപുഴയില്‍ വച്ച് ഒരു സിനിമയുടെ ഷൂട്ടിങ് അര്‍ധരാത്രി ഒരു മണി വരെ നീണ്ടു. അതിന്റെ പ്രതിഫലം കിട്ടാന്‍ ബാക്കിയുണ്ടായിരുന്നു. എന്നാല്‍ ഷൂട്ടിങ് കഴിഞ്ഞ് സിനിമാസംഘം മുങ്ങി. പിന്നെ ഒരുപാട് കഷ്ടപ്പെട്ടാണ് ഞാന്‍ പിറ്റേദിവസം മറ്റൊരു സിനിമയുടെ ലൊക്കേഷനിലെത്തിയത്. ഇതിന്റെ കുറച്ച് ഭാഗം കൂടി ചിത്രീകരിക്കാനുണ്ടായിരുന്നതു കൊണ്ട് അവര്‍ എന്നെ വന്ന് കാണുകയും പ്രതിഫലത്തിന്റെ ബാക്കി നല്‍കുകയും ചെയ്തു. ബാക്കി ഭാഗം ചിത്രീകരിക്കാന്‍ ഇല്ലായിരുന്നില്ലെങ്കില്‍ അവര്‍ എന്നെ പണം തരാതെപറ്റിക്കുമായിരുന്നു’.ലക്ഷ്മിപ്രിയ പറയുന്നു. വിമന്‍ ഇന്‍ സിനിമാ കളക്ടീവിനെതിരേ മുമ്പും പലരും രംഗത്തു വന്നിരുന്നു.

 

Related posts