മാതുവിനെ ഓര്‍മയില്ലേ. അമരത്തിലെ അച്ചൂട്ടിയുടെ പ്രിയപ്പെട്ട മകള്‍ മുത്തിനെ. ഒട്ടേറെ സിനിമകളിലൂടെ മലയാളികളുടെ മനംകവര്‍ന്ന അതേ മാതു തന്നെ. മികച്ച കഥാപാത്രങ്ങളിലൂടെ മലയാളസിനിമയില്‍ എല്ലാം നേടിയെടുത്ത മാതു ഇപ്പോള്‍ അമേരിക്കയിലാണ്. സിനിമയുടെ തിരക്കുകളില്‍ നിന്ന് മാറിയ മാതു ഇപ്പോള്‍ എവിടെയാണ്, അവര്‍ക്കെന്താണ് സംഭവിച്ചത്. പ്രണയിച്ചയാളെ സ്വന്തമാക്കാന്‍വേണ്ടി മാതുവിന്റെ ജീവിതത്തില്‍ സംഭവിച്ചത് പക്ഷേ നല്ല കാര്യങ്ങളായിരുന്നില്ല.
പതിനഞ്ചു വര്‍ഷം മുമ്പാണ് ഡോ. ജേക്കബിനെ വിവാഹം ചെയ്ത മാതു അമേരിക്കയിലേക്ക് പറന്നത്. എന്നാല്‍, 2012ല്‍ ഇരുവരും തമ്മിലുള്ള അസ്വാരസ്യം വിവാഹമോചനത്തിലേക്ക് വഴിതെളിക്കുകയായിരുന്നു. പരസ്പരവിശ്വാസം നഷ്ടപ്പെട്ടതാണ് വേര്‍പിരിയാനുള്ള കാരണമെന്നാണ് നടി പറയുന്നത്. വിവാഹമോചിതയായശേഷം മാതു അവിടെ നൃത്തവിദ്യാലയം ആരംഭിച്ചു. 12, 9 ഉം വയസ്സുള്ള മക്കള്‍ക്കും അച്ഛനും അമ്മയ്ക്കുമൊപ്പം ന്യൂയോര്‍ക്കില്‍ തന്നെയാണ് ഇപ്പോഴും മാതു.
തമിഴ്നാട്ടില്‍ ജനിച്ച മാതു കന്നട സിനിമകളില്‍ ബാലതാരമായിട്ടാണ് വെള്ളിത്തിരയില്‍ എത്തുന്നത്. നെടുമുടി വേണു ആദ്യമായി സംവിധാനം ചെയ്ത പൂരം എന്ന ചിത്രത്തിലൂടെ മലയാളത്തിലെത്തിയ നടി പിന്നെ മലയാളത്തിന്റെ മാതുവായി മാറുകയായിരുന്നു. അമരത്തിലെ രാധയാണ് മലയാളി പ്രേക്ഷകര്‍ ഇന്നും ഓര്‍ത്തിരിയ്ക്കുന്ന മാതുവിന്റെ കഥാപാത്രം. കുട്ടേട്ടന്, സദയം, ഏകലവ്യന്, ആയുഷ്കാലം, തുടര്‍ക്കഥ, സവിധം, അങ്ങനെ ഒരുപിടി നല്ല ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് പരിചിതമാണ്. നല്ല അവസരങ്ങള്‍ കിട്ടുമെങ്കില്‍ വീണ്ടും മലയാള സിനിമയിലേക്ക് തിരിച്ചെത്തുമെന്നാണ് മാതു പറയുന്നത്. അമേരിക്കയിലായതുകൊണ്ട് തല്ക്കാലം സിനിമയില്‍ അഭിനയിക്കാന്‍ പറ്റില്ല. എങ്കിലും ഒരിക്കല്‍ സിനിമയിലേക്ക് തിരിച്ചെത്തും-്മാതു പറയുന്നു.