മലയാളത്തിൽ സ്ത്രീകൾക്ക് പ്രാധാന്യം നൽകുന്ന സിനിമകൾക്ക് ക്ഷാമമുണ്ടെന്ന് നടി മാളവിക മോഹനൻ. ഷീല, ശോഭന, മഞ്ജു വാര്യർ എന്നിവരുടെയൊക്കെ ആദ്യകാലത്തുണ്ടായ അവസരങ്ങൾ ഇപ്പോഴില്ല.
മലയാളത്തിൽ നല്ല കഥകൾ ഉണ്ടാവുന്നുണ്ട്. എന്നാൽ സ്ത്രീകൾക്ക് നല്ല റോളുകളില്ല.മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃക്സാക്ഷിയും, കുന്പളങ്ങി നൈറ്റ്സ് എന്നിവയൊക്കെ നല്ല സിനിമകളാണ്.
ദിലീഷ് പോത്തനെയും ലിജോ ജോസ് പെല്ലിശേരിയെയും പോലെ നല്ല സംവിധായകരുമുണ്ട്. എന്നാൽ, സ്ത്രീകൾക്ക് നല്ല റോളുകളില്ല. പാർവതിയുടെ ഉയരെക്ക് ശേഷം അത്രയും നല്ല സ്ത്രീ സിനിമകൾ മലയാളത്തിൽ വേറെ ഉണ്ടായിട്ടില്ല- മാളവിക ഒരഭിമുഖത്തിൽ വ്യക്തമാക്കി.
പത്തു മാസത്തിനുശേഷം കേരളത്തിലെ തിയറ്റർ സ്ക്രീനിൽ ആദ്യ സിനിമ (മാസ്റ്റർ) കാണുന്പോൾ അതിലെ നായികയാണ് കണ്ണൂർ പയ്യന്നൂർ സ്വദേശിനി മാളവിക മോഹനൻ.
പയ്യന്നൂർ മഹാദേവ ഗ്രാമം സ്വദേശിയും പ്രശസ്ത ചലച്ചിത്ര ഛായാഗ്രാഹകനുമായ കെ.യു. മോഹനന്റെയും പയ്യന്നൂർ അന്നൂർ സ്വദേശിനി ബീന മോഹനന്റെയും മകളാണു മാളവിക.
മോഹനനും കുടുംബവും സിനിമയുമായി ബന്ധപ്പെട്ടു വർഷങ്ങൾക്കു മുൻപേ മുംബൈയിലേക്കു മാറിയെങ്കിലും നാടുമായുള്ള ബന്ധം ഇപ്പോഴും തുടരുന്നു.
പഠനകാലത്തു തന്നെ മോഡലിങ്ങിൽ ശ്രദ്ധിച്ച മാളവികയുടെ മനസിൽ എപ്പോഴും സിനിമയായിരുന്നു. പട്ടം പോലെ എന്ന മലയാള ചിത്രത്തിലൂടെ അഭിനയത്തിലേക്ക് എത്തിയ മാളവിക ഇന്ന് തെന്നിന്ത്യയിലെ മുൻനിര നായികമാരിൽ ഒരാളാണ്.
മമ്മൂട്ടിയാണ് തന്നെ മലയാള സിനിമയിലേക്ക് ക്ഷണിച്ചത് എന്നു താരം ഒരിക്കൽ വെളിപ്പെടുത്തിയിരുന്നു. 2013-ൽ അച്ഛനൊപ്പം ഒരു പരസ്യം ചെയ്യാൻ കേരളത്തിൽ വന്നപ്പോൾ അഭിനയിക്കാൻ താത്പര്യമുണ്ടോയെന്ന് മമ്മൂട്ടി ചോദിച്ചു.
അങ്ങനെയാണ് പട്ടം പോലെയിൽ ദുൽഖറിന്റെ നായികയാവുന്നത്. പിന്നീട് നിർണായകത്തിലും ഗ്രേറ്റ്ഫാദറിലും അഭിനയിച്ചു. നല്ല അവസരങ്ങൾ കിട്ടിയാൽ ഇനിയും മലയാളത്തിൽ അഭിനയിക്കുമെന്നും താരം പറഞ്ഞു.
മലയാളത്തിനു പുറമെ തെലുങ്കിലും തമിഴിലും കന്നഡത്തിലും അഭിനയിച്ചു. ധനുഷിന്റെ കൂടെ തമിഴിൽ മാളവിക ഒരു ചിത്രം ചെയ്യുന്നുണ്ട്. അടുത്ത ദിവസം തന്നെ അതിന്റെ ജോലിയിലേക്കു കടക്കുമെന്നും മാളവിക പറയുന്നു.
ലോക്ഡൗണിനു മുൻപേ സൈൻ ചെയ്തിരുന്ന ഒരു ബോളിവുഡ് സിനിമ വരാനുണ്ട്. വലിയ ബാനറിൽ ഒരുങ്ങുന്ന ഒരു വന്പൻ സിനിമയാകുമത്.
ഫെബ്രുവരിയിൽ അനൗണ്സ് ചെയ്യും. തമിഴിൽനിന്നും തെലുങ്കിൽനിന്നുമായി ഒരു പിടി സിനിമകൾ ചർച്ചയിലുണ്ട്. എല്ലാ വേനൽക്കാലത്തും കുടുംബമായി എത്താറുണ്ട്.
അവിടെ അച്ചാച്ചനും അമ്മമ്മയും മറ്റു ബന്ധുക്കളുമെല്ലാമുണ്ട്. ഓരോ വരവിലും രണ്ടോ, മൂന്നോ ആഴ്ച പയ്യന്നൂരുണ്ടാകും. നാട്ടിൻപുറമാണ്. കസിൻസിന്റെ കൂടെ മാങ്ങ പറിക്കാൻ പോകുന്നതാണ് അവധിക്കാലത്തെ പ്രധാന വിനോദം.
കാസർകോട്ടെ ബേക്കൽ കോട്ടയിലാണു മറ്റൊരു വിസിറ്റ്. ക്ഷേത്രങ്ങളിൽ ആരാധനയ്ക്കു പോകും. തെയ്യം നടക്കുന്ന സമയമാണെങ്കിൽ തെയ്യം കാണാനും സമയം കണ്ടെത്താറുണ്ട്.
അച്ഛനും അമ്മയും നാടുമായി ആഴത്തിൽ ബന്ധമുള്ളവരാണ്. മുംബൈയിൽ വളർന്നു ചെന്നൈയിൽ ജീവിക്കുന്പോഴും ഹൃദയംകൊണ്ടു ഞാനൊരു മലയാളിയാണെന്നും മാളവിക പറയുന്നു.