അവശത അനുഭവിക്കുന്ന കുഞ്ഞിന് സഹായമഭ്യര്‍ഥിച്ചു കൊണ്ട് ബാലതാരം മീനാക്ഷി ഫേസ്ബുക്കില്‍ കുറിപ്പിട്ടിരുന്നു. എന്നാല്‍ മീനാക്ഷിയെ ആക്ഷേപിച്ച് ചിലര്‍ രംഗത്തെത്തി.
സിനിമാമേഖലയില്‍ ദിവസവേതനത്തിന് ജോലിചെയ്യുന്ന ജീവനക്കാരന്റെ കുട്ടിയെ സഹായിക്കണം എന്ന് അഭ്യര്‍ഥിച്ചുകൊണ്ടുള്ള നടിയുടെ കുറിപ്പിനു താഴെയാണ് ആക്ഷേപ കമന്റുകള്‍ പ്രത്യക്ഷപ്പെട്ടത്.
ഒട്ടേറെ ആളുകള്‍ സഹായം നല്കി എന്ന് അറിയിച്ചുകൊണ്ടുള്ള കമന്റുകളിട്ടപ്പോള്‍ മറ്റുചിലര്‍ അതിനെ മോശമായി ചിത്രീകരിക്കാനാണ് ശ്രമിച്ചത്. ‘കോടികള്‍ പ്രതിഫലം പറ്റുന്നവര്‍ നിറഞ്ഞുനില്ക്കുന്ന സിനിമാമേഖലയിലുള്ളവര്‍ വിചാരിച്ചാല്‍ പോരെ? ജനങ്ങളുടെ മുന്നില്‍ ഇങ്ങനെ പോസ്റ്റ് ഇടാന്‍ അത്യാവശ്യത്തിലധികം തൊലിക്കട്ടി വേണം’ എന്നായിരുന്നു ഒരാളുടെ കമന്റ്.
ഈ കമന്റിന് ചുട്ട മറുപടിയാണ് മീനാക്ഷി നല്‍കിയത്. ‘അങ്കിളേ, എന്നെകൊണ്ട് കഴിയുന്ന ഒരു കുഞ്ഞു സഹായമാണെങ്കിലും ഞാന്‍ ചെയ്തിട്ടുണ്ട്. അങ്കിളിന് പറ്റുമെങ്കില്‍ സഹായിച്ചാല്‍ മതി..’ എന്നിങ്ങനെയായിരുന്നു മീനാക്ഷിയുടെ മറുപടി.
കഴിഞ്ഞദിവസങ്ങളില്‍ നടി മറ്റൊരു പോസ്റ്റ് കൂടി പങ്കുവെച്ചിരുന്നു. കുഞ്ഞിന്റെ ചികിത്സാസഹായത്തിന് ആവശ്യമുള്ള പണം ആയിട്ടുണ്ടെന്ന് ബന്ധുക്കളില്‍നിന്നും അറിയാന്‍ കഴിഞ്ഞുവെന്നും എല്ലാവരും പ്രാര്‍ഥിക്കണമെന്നുമായിരുന്നു പോസ്റ്റ്.