നല്ല പണി കിട്ടിക്കഴിയുമ്പോഴേ ചിലര് പഠിക്കുകയുള്ളൂ ! അങ്ങനെ പഠിച്ചയാളാണ് ഞാന്‍; ജീവിതത്തില്‍ സംഭവിച്ച പാളിച്ചകള്‍ തുറന്നു പറഞ്ഞ് നടി മൈഥിലി…

780

 

പാലേരി മാണിക്യം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയ നടിയാണ് മൈഥിലി. പിന്നീട് പ്രമുഖ താരങ്ങളുടെ കൂടെയെല്ലാം അഭിനയിക്കാന്‍ മൈഥിലിയ്ക്ക് അവസരം ലഭിച്ചെങ്കിലും നടിയെ ചുറ്റിപ്പറ്റി പല വിവാദങ്ങളും ഉയര്‍ന്നതോടെ നടിയുടെ അവസരങ്ങള്‍ കുറഞ്ഞു.

തന്റെ കരിയറിലും ജീവിതത്തിലും സംഭവിച്ച പരാജയങ്ങള്‍ വിലയിരുത്തുകയാണ് മൈഥിലി ഇപ്പോള്‍. പാലേരി മാണിക്യത്തിനു ശേഷം കഥാപാത്രങ്ങളില്‍ സെലക്ടീവാകാന്‍ കഴിയാഞ്ഞത് കരിയറില്‍ നെഗറ്റീവ് പ്രതിഫലനമാണുണ്ടാക്കിയതെന്ന് താരം പറഞ്ഞു.

സിനിമയില്‍ നിന്നു തനിക്ക് ചൂഷണങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും എല്ലാ പുരുഷന്മാരും മോശക്കാരല്ലെന്നും വ്യക്തമാക്കുന്ന മൈഥിലി തനിക്ക് മണ്ടത്തരങ്ങളും പാളിച്ചകളും പറ്റിയത് സിനിമയ്ക്ക് പുറത്താണെന്നും അത് തന്റെ തെറ്റുകൊണ്ട് പറ്റിയതാണെന്നും സമ്മതിക്കുന്നു.

ചതിക്കപ്പെടുന്നതും വഞ്ചിക്കപ്പെടുന്നതും എല്ലാ പെണ്‍കുട്ടികള്‍ക്കും സംഭവിക്കാന്‍ സാധ്യതയുള്ളതാണെന്നും ചിലര്‍ നമ്മളെ മനഃപൂര്‍വം കുടുക്കി കളയുമെന്നും നടി പറയുന്നു. നമ്മുടെ നിയമങ്ങള്‍ക്കു പോലും പരിമിതികളുണ്ട്. പല പെണ്‍കുട്ടികളും ഇത്തരം സാഹചര്യങ്ങളില്‍ ആത്മഹത്യ ചെയ്തുപോകും.

ചിലര്‍ക്ക് കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കാന്‍ ആളുണ്ടാവും. ചിലര്‍ അനുഭവിച്ചേ പഠിക്കൂ. ശരിക്കും പണികിട്ടിക്കഴിഞ്ഞേ പഠിക്കൂ, ഞാനങ്ങനെയാണ്. മൈഥിലി ഒരു വാരികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. വിമന്‍ ഇന്‍ സിനിമ കളക്ടീവ് പോലുള്ള സ്ത്രീ സംഘടനകളും പരിപാടികളുമെല്ലാം നല്ലതാണ്.

പക്ഷേ സോഷ്യല്‍ മീഡിയയില്‍ മാത്രമൊതുങ്ങരുത്. അതിനു പുറത്തുള്ള ജീവിതത്തിലേയ്ക്കു കൂടി അത് പടര്‍ത്തണം. എങ്കില്‍ സ്ത്രീകള്‍ക്ക് അത് ഗുണം ചെയ്യും. പിന്നെ, ഫെമിനിസം എന്താണെന്ന് തനിക്കിതുവരെ മനസിലായിട്ടില്ലെന്നും നടി പറഞ്ഞു.

ഒരു ബന്ധവുമില്ലാത്ത കാര്യങ്ങളിലും തന്റെ പേര് മാധ്യമങ്ങള്‍ അനാവശ്യമായി വലിച്ചിഴയ്ക്കുന്നുണ്ടെന്നും മൈഥിലി പറയുന്നു. ഞങ്ങള്‍ മീഡിയ ആണ്, ഞങ്ങള്‍ക്ക് എന്തും പറയാം എന്നൊരു ധാഷ്ഠ്യമാണ് മാധ്യമങ്ങള്‍ക്കുള്ളത്, പേനവച്ച് കീറിമുറിക്കുകയാണ്. അത് പീഡനം തന്നെയാണെന്നും മൈഥിലി പറയുന്നു.

വ്യക്തിപരമായി തനിക്കിതൊന്നും പ്രശ്നമുണ്ടാക്കുന്നില്ലെങ്കിലും കുടുംബത്തിനും തന്നെ സ്നേഹിക്കുന്നവര്‍ക്കും മാനസിക പ്രശ്നമുണ്ടാക്കുന്ന കാര്യങ്ങളാണ് ഇതൊക്കെ. ഇത്തരമൊരു സാഹചര്യത്തിലാണ് ഒന്നും വേണ്ട എന്ന തോന്നലോടെ എല്ലാത്തില്‍ നിന്നും വിട്ടുനില്‍ക്കാന്‍ തോന്നിയത്. എന്തിനാണ് തന്നോട് ഇങ്ങനെ പെരുമാറുന്നതെന്നും നടി ചോദിക്കുന്നു.

Related posts

Leave a Comment