ദുരൂഹസാഹചര്യത്തില്‍ നടി നിഖിത മരിച്ച സംഭവത്തില്‍ വഴിത്തിരിവ്. കഴിഞ്ഞ വെള്ളിയാഴ്ച വീടിന്റെ മുകള്‍നിലയില്‍ നിന്ന് വഴുതി വീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ നടി നിഖിത ജനുവരി അഞ്ചിനാണ് മരിച്ചത്. സംഭവത്തില്‍ മാതാപിതാക്കളുടെ പരാതിയില്‍ നടിയുടെ ഭര്‍ത്താവ് ലിപന്‍ സാഹുവിനെ പോലീസ് അറസ്റ്റ് ചെയ്തു.
വെള്ളിയാഴ്ച രാത്രിയാണ് അപകടത്തില്‍പ്പെട്ടത്. ഉടന്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിദഗ്ധ ഡോക്ടര്‍മാരുടെ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. ആദ്യം കട്ടക്കിലെ സ്വകാര്യ ആശുപത്രിയിലാണ് എത്തിച്ചത്. പിന്നീട് പരിക്ക് ഗുരുതരമാണെന്ന് കണ്ട് എസ്സിബി മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. മരുന്നുകള്‍ നല്‍കിയെങ്കിലും ദേഹാസ്വാസ്ഥ്യം വര്‍ധിക്കുകയാണ് ചെയ്തത്. പിന്നീട് വിദഗ്ധ ചികില്‍സയ്ക്ക് വേണ്ടി മറ്റൊരു സ്വകാര്യ ആശുപത്രിയിലക്ക് മാറ്റി.
നിഖിതയെ ഭര്‍ത്താവ് കൊലപ്പെടുത്തിയതാണെന്ന് പിതാവ് സനാതന്‍ ബെഹ്റ ആരോപിച്ചു. ലിപന്റെ മാതാപിതാക്കള്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്. ഭര്‍ത്താവും കുടുംബവും മകളെ മാനസികമായും ശാരീരികമായും പീഡിപ്പിക്കാറുണ്ടെന്ന് പിതാവ് ആരോപിക്കുന്നു. വളരെ ആസൂത്രിതമായാണ് എന്റെ മകളെ അവര്‍ കൊലപ്പെടുത്തിയത്.
സംഭവം നടന്ന ദിവസം മകളും മരുമകനും തമ്മില്‍ വഴക്കുണ്ടായി. കാര്യങ്ങള്‍ ഒത്തുതീര്‍പ്പാക്കണമെന്ന് പറഞ്ഞ് ഇരുവരും വീടിന്റെ ടെറസിലേക്ക് പോയി. കുറച്ച് സമയം കഴിഞ്ഞപ്പോള്‍ അവള് ഉറക്കെ കരയുന്നത് കേട്ടു. ഞങ്ങള്‍ അവിടെ എത്തിയപ്പോള്‍ അവള് ടെറസില്‍ നിന്ന് താഴെ വീണ് കിടക്കുന്നുണ്ടായിരുന്നു. തലയില്‍ നിന്ന് രക്തം ഒഴുകുന്നുണ്ടായിരുന്നു.’- നിഖിതയുടെ പിതാവ് പരാതിയില്‍ പറയുന്നു.
അഞ്ച് വര്‍ഷം മുന്‍പാണ് നിഖിത ലിപനെ വിവാഹം ചെയ്യുന്നത്. ഈ ബന്ധത്തില്‍ നാലു വയസ്സുള്ള ഒരു മകനുമുണ്ട്. വിവാഹത്തിന് ശേഷവും മഹാനദി വിഹാറിലെ വീട്ടിലാണ് നിഖിത കൂടുതലും താമസിച്ചിരുന്നത്. ഒഡീഷയിലെ സിനിമകളിലും സീരിയലുകളിലും പ്രധാന വേഷങ്ങള്‍ ചെയ്ത നടിയാണ് നിഖിത.
തപസ്യ എന്ന സീരിയലില്‍ എസിപി നിഖിത എന്ന കഥാപാത്രമായി വേഷമിട്ടതിന് ശേഷമാണ് അവര്‍ നിഖിത എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങിയത്. നിഖിതയുടെ അപ്രതീക്ഷിത മരണത്തില്‍ ഒഡീഷ സിനിമാ മേഖലയിലുള്ളവര്‍ നടുക്കം രേഖപ്പെടുത്തി.