മലയാള സിനിമയിലെ മികച്ച അഭിനേത്രികളിലൊരാളായ പാര്‍വതി തിരുവോത്തിന് ഇപ്പോള്‍ ചലച്ചിത്ര രംഗത്ത് അത്ര നല്ലകാലമല്ല. നടി ആക്രമിക്കപ്പെട്ട കേസില്‍ അവര്‍ക്കൊപ്പം ഉറച്ചു നിന്നതിന് പ്രതിഫലമെന്നവണ്ണം മലയാള സിനിമാലോകത്തു നിന്നും പാര്‍വതി നിഷ്‌കാസിതയാകുന്ന കാഴ്ചയാണ് നമ്മള്‍ കണ്ടത്.
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നിലപാട് വ്യക്തമാക്കിയ ശേഷം വിരലിലെണ്ണാവുന്ന സിനിമകള്‍ മാത്രമാണ് പാര്‍വതിയക്ക് ലഭിച്ചത്.
ഇനി മലയാള സിനിമയില്‍ ഒരു നല്ലകാലം വരുമെന്ന പ്രതീക്ഷയും നടിയ്ക്കുണ്ടാവാനിടയില്ല. ഈ അവസരത്തിലാണ് താരത്തിന്റെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചുള്ള ചൂടുപിടിച്ച ചര്‍ച്ചകള്‍ ആരംഭിച്ചത്.
വരുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ കോഴിക്കോട് നോര്‍ത്തില്‍ പാര്‍വതിയെ സ്ഥാനാര്‍ഥിയാക്കാന്‍ സിപിഎം നീക്കം നടത്തുന്നതായാണ് സൂചന. സിപിഎം അനുഭാവികളായ സിനിമാക്കാര്‍ തന്നെയാണ് ഇതിന് ചുക്കാന്‍ പിടിക്കുന്നത്.
സിപിഎം സഹയാത്രികരായ ആഷിഖ് അബുവും ഭാര്യ റീമാ കല്ലിങ്കലും പാര്‍വതി സിപിഎം ബാനറില്‍ മത്സരിക്കണമെന്ന അഭിപ്രായക്കാരാണ്. പാര്‍വതി മത്സരിച്ചാല്‍ യുവാക്കളുടെ വോട്ട് കുലയോടെ സിപിഎമ്മില്‍ വന്നുചേരുമെന്നാണ് പാര്‍ട്ടിയുടെ കണക്കുകൂട്ടല്‍.
കഴിഞ്ഞ മൂന്ന് ടേമായി എ പ്രദീപ് കുമാറാണ് കോഴിക്കോട് നോര്‍ത്തില്‍ നിന്നും നിയമസഭയെ പ്രതിനിധീകരിച്ചു കൊണ്ടിരിക്കുന്നത്. രണ്ട് തവണ മത്സരിച്ചവര്‍ക്ക് ഇനി സീറ്റ് നല്‍കേണ്ടെന്ന പാര്‍ട്ടിയുടെ നിലപാടാണ് പ്രദീപ് കുമാറിനെ മാറ്റിനിര്‍ത്താന്‍ കാരണം.
ഈ അവസരത്തിലാണ് പാര്‍വതിയുടെ പേര് സജീവമാകുന്നതും. ഡല്‍ഹി കര്‍ഷക സമരമുള്‍പ്പെടെയുള്ള കേന്ദ്ര സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങിലെല്ലാം അനുകൂല നിലപാടെടുത്തിട്ടുള്ള പാര്‍വതി സിപിഎമ്മിനെ കാര്യമായി വിമര്‍ശിക്കാറില്ലെന്നും പാര്‍വതിയെ പാര്‍ട്ടിയ്ക്ക് പ്രിയങ്കരിയാക്കുന്നു.
ഔട്ട് ഓഫ് സിലബസ് എന്ന ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച പാര്‍വതി ശ്രദ്ധേയയാകുന്നത്. നോട്ട്ബുക്ക് എന്ന റോഷന്‍ ആന്‍ഡ്രൂസ് ചിത്രത്തിലെ സ്‌കൂള്‍ വിദ്യാര്‍ഥിനിയായ കഥാപാത്രത്തിലൂടെയാണ്.
പിന്നീട് ബാഗ്ലൂര്‍ ഡേയ്‌സ്, ചാര്‍ലി തുടങ്ങിയ സിനിമകളിലൂടെ മലയാളത്തില്‍ സജീവമായ താരം എന്നു നിന്റെ മൊയ്തീന്‍ എന്ന ചിത്രത്തിലെ കാഞ്ചനമാലയെ അവിസ്മരണീയമാക്കിയതിലൂടെ മലയാളികളുടെ ഇഷ്ടനടിയായി മാറി.
പിന്നീട് നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ അഭിപ്രായങ്ങള്‍ തുറന്നു പറഞ്ഞതിലൂടെ ഒറ്റപ്പെട്ടതോടെ താരത്തിന് അവസരങ്ങള്‍ കുറഞ്ഞു.സിദ്ധാര്‍ഥ് ശിവ സംവിധാനം ചെയ്യുന്ന വര്‍ത്തമാനമാണ് പാര്‍വതിയുടേതായി പുറത്തിറങ്ങാനിരിക്കുന്ന അടുത്ത ചിത്രം. ഇതോടൊപ്പം വര്‍ത്തനമാന രാഷ്ട്രീയത്തിലും താരം സജീവമാകുമോയെന്നാണ് ആരാധകര്‍ ഉറ്റു നോക്കുന്നത്.