കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ആലുവ സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ ജീവിതത്തില്‍ നിര്‍ണായമാവും ഈ ആഴ്ച.
ജാമ്യാപേക്ഷയില്‍ വിധി വരുന്നതിനൊപ്പം താരത്തിനെതിരേയുള്ള കുറ്റപത്രം ഈമാസം എട്ടിനു മുമ്പ്് സമര്‍പ്പിക്കാനുള്ള നീക്കത്തിലാണ് അന്വേഷണ സംഘം. കുറ്റപത്രം ഏറക്കുറെ പൂര്‍ത്തിയായി കഴിഞ്ഞു. പിഴവുകളും പഴുതുകളും ഒഴിവാക്കാനുള്ള അവസാന ശ്രമത്തിലാണ് പോലീസ്. കുറ്റപത്രം കോടതിയില്‍ എത്തുന്നതോടെ നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്റെ പങ്കിനെക്കുറിച്ചു വ്യക്തമായ വിവരങ്ങള്‍ പുറത്തുവരും. കേസില്‍ ചോദ്യം ചെയ്യാനുള്ളവരെ ഉടന്‍ ചോദ്യം ചെയ്യുമെന്നും പോലീസ് വ്യക്തമാക്കി.
നടിയുടെ നഗ്നദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ഫോണ്‍ കണ്ടെത്താനായില്ലെന്നത് അന്വേഷണസംഘത്തെ ബുദ്ധിമുട്ടിലാക്കിയിരുന്നു. പ്രതികളുടെ അഭിഭാഷകരുടെ പ്രധാനവാദവും ഇതുതന്നെയായിരുന്നു. മൊബൈല്‍ ഫോണ്‍ അഭിഭാഷകന്‍ പ്രതീഷ് ചാക്കോയെ ഏല്‍പ്പിച്ചിരുന്നുവെന്നാണ് സുനി പറഞ്ഞത്. ഇതനുസരിച്ച് പ്രതീഷിനെ ചോദ്യം ചെയ്‌തെങ്കിലും ഫലമുണ്ടായില്ല.സുനി അഭിഭാഷകന് കൈമാറിയ മറ്റൊരു മൊബൈല്‍ ഫോണിന്റെയും മെമ്മറി കാര്‍ഡിന്റെയും ശാസ്ത്രീയ പരിശോധനാഫലം കോടതിയില്‍ എത്തിയിട്ടുണ്ട്. സുനി പകര്‍ത്തിയ വിവാദ ദൃശ്യത്തിന്റെ പകര്‍പ്പ് മാസങ്ങള്‍ക്കുമുമ്പ് പോലീസ് കണ്ടെടുത്തിരുന്നു.ക്രൂരമായ പീഡനം വെളിപ്പെടുന്ന ഈ ദൃശ്യം കോടതിയില്‍ പ്രധാന തെളിവാകും. മൊബൈല്‍ ഫോണ്‍ പ്രതികള്‍ സംഘടിതമായി ഒളിപ്പിച്ച സാഹചര്യത്തില്‍ ഇതൊഴിവാക്കി കുറ്റപത്രം സമര്‍പ്പിക്കാനാണ് പോലീസ് തീരുമാനം.കുറ്റപത്രം സമര്‍പ്പിച്ച കേസുകളില്‍ പിന്നീട് ആയുധങ്ങളും തൊണ്ടികളും കണ്ടെത്തിയ സംഭവങ്ങളുണ്ട്. ഇത്തരം സന്ദര്‍ഭങ്ങളില്‍ കുറ്റപത്രം പുതുക്കാനും അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കാനും കഴിയും.
നാദിര്‍ഷയെ വീണ്ടും ചോദ്യം ചെയ്യുന്നത് സംബന്ധിച്ച കാര്യം തീരുമാനമായിട്ടില്ല. റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നതും ദിലീപ് സമര്‍പ്പിച്ച ജാമ്യാപേക്ഷകളിലെ വാദത്തിനിടയില്‍ പ്രോസിക്യൂഷന്‍ ഉന്നയിച്ചതുമായ വിവരങ്ങളും തെളിവുകളും മാത്രമാണ് ഇതുവരെ കേസില്‍ പുറത്തു വന്നിട്ടുള്ളൂ.കേസില്‍ ദിലീപ് കുറ്റക്കാരനാണെന്ന് ഉറപ്പിക്കാനുള്ള എല്ലാ തെളിവുകളും തങ്ങളുടെ പക്കലുണ്ടെന്നാണു പോലീസ് പറയുന്നത്. ദിലീപിന്റെ റിമാന്‍ഡ് 90 ദിവസം പൂര്‍ത്തിയാക്കുന്ന എട്ടിനു മുന്‍പ് കുറ്റപത്രം സമര്‍പ്പിക്കാനാണു പോലീസിന്റെ തീരുമാനം. ദിലീപ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മൂന്നാം ജാമ്യാപേക്ഷയിലെ വിധിയും ഈ ആഴ്ചയുണ്ടായേക്കും. ഹര്‍ജിയില്‍ പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും വാദങ്ങള്‍ പൂര്‍ത്തിയായിരുന്നു. നാളെ ഈ ഹര്‍ജിയില്‍ വിധി പറയാനാണു സാധ്യത.
നടിയെ ആക്രമിച്ച് അശ്ലീലദൃശ്യം പകര്‍ത്താന്‍ ഒന്നരക്കോടി രൂപയ്ക്ക് ദിലീപ് പള്‍സര്‍ സുനിക്കു ക്വട്ടേഷന്‍ നല്‍കിയതായാണു പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ വാദിച്ചത്.ഏതെങ്കിലും കാരണവശാല്‍ പിടിക്കപ്പെട്ടാല്‍ മൂന്നു കോടി രൂപ സുനിക്കു നല്‍കാമെന്നു പറഞ്ഞിരുന്നെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. കേസില്‍ ദിലീപിന്റെ പങ്കു സുനി വെളിപ്പെടുത്തിയെന്ന സഹതടവുകാരന്‍ വിപിന്‍ലാലിന്റെ മൊഴിയും പ്രോസിക്യൂഷന്‍ വായിച്ചു. കേസില്‍ ഇതുവരെ 21 പേരുടെ രഹസ്യമൊഴി രേഖപ്പെടുത്തി. ഇനി നാലു സാക്ഷികളുടെ രഹസ്യമൊഴി രേഖപ്പെടുത്താനുണ്ട്.
ദൃശ്യങ്ങള്‍ പകര്‍ത്തനുപയോഗിച്ച മൊബൈല്‍ ഫോണ്‍, മെമ്മറി കാര്‍ഡ് കണ്ടെത്താനുള്ള അന്വേഷണം നടക്കുകയാണ്. മെമ്മറി കാര്‍ഡിന്റെ രണ്ടു പകര്‍പ്പുകള്‍ ലഭിച്ചിട്ടുണ്ട്. ഒന്നില്‍ ചിത്രങ്ങളും മറ്റൊന്നില്‍ വീഡിയോ ദൃശ്യങ്ങളുമുണ്ട്.കൂട്ടമാനഭംഗം നിലനില്‍ക്കുമോയെന്ന സിംഗിള്‍ബെഞ്ചിന്റെ ചോദ്യത്തിനു നിലനില്‍ക്കുമെന്ന മറുപടിയാണ് പ്രോസിക്യൂഷന്‍ നല്‍കിയത്. കേസിന്റെ പ്രാധാന്യം കണക്കിലെടുത്ത് വിചാരണയ്ക്ക് പ്രത്യേക കോടതി വേണമെന്ന ആവശ്യം ഉന്നയിക്കണമെന്ന ചിന്ത പോലീസ് ഉന്നതരിലുണ്ട്. സമൂഹത്തില്‍ സ്വാധീനമുള്ളവര്‍ ഉള്‍പ്പെട്ട കേസെന്ന നിലയില്‍ വിചാരണ നീണ്ടുപോകാതിരിക്കുന്നതിനും പ്രത്യേകകോടതിയുടെ സേവനം ഉപകരിക്കും. നിയമവിദഗ്ധരുമായി ആലോചിച്ച് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ പറഞ്ഞു.