പ്രമുഖരുടെ വ്യാജ മരണവാര്‍ത്ത പടച്ചുവിടുന്നത് പലര്‍ക്കും ഒരു ഹരമാണ്. ഒരുകാലത്ത് മലയാള സിനിമയില്‍ നിറഞ്ഞു നിന്ന നടി രേഖയാണ് ഇപ്പോള്‍ ഇത്തരക്കാരുടെ ഇരയായിരിക്കുന്നത്. ജി.വി. പ്രകാശ് നായകനായെത്തുന്ന 100% കാതല്‍ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടെയായിരുന്നു നടി താന്‍ നേരിട്ട ദുരനുഭവത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. ‘നടി രേഖയുടെ മൃതദേഹമാണോ ഇത്?’ എന്നൊരു തലക്കെട്ട് നല്കി വെള്ളത്തുണിയില്‍ പൊതിഞ്ഞൊരു മൃതദേഹത്തിനൊപ്പം രജനീകാന്തിന്റെയും കമല്‍ഹാസന്റെയും ചിത്രങ്ങള്‍ നല്കി ഒരു വ്യാജ വാര്‍ത്ത ‘മീശ മച്ചാന്’ എന്നൊരു യുട്യൂബ് ചാനല്‍ നല്‍കിയിരുന്നു.
ഓഗസ്റ്റ് 17ന് അപ് ലോഡ് ചെയ്ത വീഡിയോ 10 ലക്ഷത്തിലധികം ആളുകളാണ് കണ്ടത്. ‘എത്രയോ കലാകാരന്മാരെ വളര്‍ത്തി വലുതിയാക്കിയവരാണ് തമിഴകത്തെ മാധ്യമപ്രവര്‍ത്തകര്‍. ഉത്തരേന്ത്യയില്‍ നിന്നോ തെലുങ്കില്‍ നിന്നോ വന്നവരാണെങ്കിലും അവരെയെല്ലാം നിങ്ങള്‍ പിന്തുണച്ചിട്ടുണ്ട്. മലയാളത്തില്‍ നിന്നു വന്ന നയന്‍താരയെപ്പോലും വാഴ്ത്തി എഴുതിയവരാണ് നിങ്ങള്‍! എന്നിട്ട് ഇതുപോലെ വ്യാജവാര്‍ത്തകള്‍ നല്‍കുന്നത് ശരിയാണോ?
ഒരു യൂട്യൂബ് ചാനല്‍ തുടങ്ങി വായില്‍ തോന്നുന്നത് വിളിച്ചു പറഞ്ഞ് വരുമാനം ഉണ്ടാക്കുന്ന കുറേ ആളുകളുണ്ട്. സെലിബ്രിറ്റികളാണ് മുഖ്യമായും ഇരകളാകുന്നത്. അവര്‍ മരിച്ചു…ഇങ്ങനെയായി,അങ്ങനെയായി എന്നൊക്കെയുള്ള രീതിയിലാണ് വാര്‍ത്തകള്‍. എനിക്കതില്‍ സങ്കടമില്ല. പക്ഷെ, എന്നെ ഇഷ്ടപ്പെടുന്നവരെ അതു വേദനിപ്പിക്കുന്നു.
ഇതുകണ്ട് നിരവധി ആളുകള്‍ വിളിച്ചിട്ടുണ്ട്. ആ വിളിക്കുന്നവോടു ഞാന്‍ പറഞ്ഞു. ഞാന്‍ മരിച്ചു പോയി. നിങ്ങള്‍ ഇപ്പോള്‍ സംസാരിക്കുന്നത് എന്റെ പ്രേതത്തിനോടാണ് എന്ന് പറഞ്ഞു. കലൈഞ്ജര്‍ ജീവിച്ചിരിക്കുമ്പോള്‍ അദ്ദേഹം മരിച്ചുപോയെന്ന് എഴുതിപ്പിടിപ്പിച്ചു. നടി കെ.ആര്. വിജയ മരിച്ചെന്ന് വാര്‍ത്തകള്‍ വന്നിട്ടുണ്ട്. ഞാന്‍ ഇവിടെ ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം സന്തോഷമായാണ് ജീവിക്കുന്നത്
നൂറു പടങ്ങളില്‍ അഭിനയിച്ചു. എന്നാലും ഇനിയും നിരവധി ദേശീയസംസ്ഥാന പുരസ്കാരങ്ങള്‍ വാങ്ങണമെന്നാണ് ആഗ്രഹം. അങ്ങനെയിരിക്കുന്ന എന്നെ പിടിച്ച് ഇങ്ങനെ കൊന്ന് കര്‍പ്പൂരം കത്തിച്ചു വയ്ക്കണോ? അതു നല്ലതാണോ? രേഖ ചോദിക്കുന്നു. പുതിയ ചിത്രത്തില്‍ ജി.വി പ്രകാശിന്റെ അമ്മവേഷത്തിലാണ് പുതിയ ചിത്രത്തില്‍ രേഖ എത്തുന്നത്.