സാധാരണക്കാരുടെ കുടുംബത്തിലെ പ്രശ്നങ്ങള്‍ തീര്‍ക്കാനെന്ന രീതിയില്‍ മലയാളം ചാനലുകളില്‍ അടക്കം സംപ്രേക്ഷണം ചെയ്യുന്ന കൗണ്‍ലിസിംഗ് പ്രോഗ്രാമുകള്ക്കെതിരേ നടി രഞ്ജിനി. ചിത്രം, മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് രഞ്ജിനി. കുടുംബവഴക്കുകള്‍ പരസ്യപ്പെടുത്തി ആളുകളെ അപമാനിക്കുന്ന ഇത്തരം പരിപാടികള്‍ നല്ലതല്ലെന്നും നടി ഫേസ്ബുക്കില്‍ ഇട്ട കുറിപ്പില്‍ പറയുന്നു.
മലയാളത്തിലും തമിഴിലുമായി നിരവധി ചാനലുകളില്‍ ഇത്തരത്തിലുള്ള പരിപാടികള്‍ നടക്കുന്നുണ്ട്. അവതാരകരാകട്ടെ മുന്‍കാല നടിമാരുമായിരിക്കും. എന്നാല്‍ പല നടിമാരും കുടുംബപരമായ പ്രശ്നങ്ങള്‍ക്ക് ഉപദേശം നല്‍കാനും കൗണ്‍സിലിംഗ് നല്‍കാനും യോഗ്യരല്ല. നടി ഖുഷ്ബു അവതരിപ്പിക്കുന്ന തമിഴ് പരിപാടിയായ നിജങ്കളിലിനെ വിമര്‍ശിച്ചാണ് രഞ്ജിനി ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരിക്കുന്നത്. പരിപാടിക്കിടെ പരാതിക്കാരന്റെ ഷര്‍ട്ടില്‍ കുത്തിപ്പിടിച്ച് ബഹളം വെക്കുന്ന ഖുഷ്ബുവിന്റെ ചിത്രവും പോസ്റ്റിനൊപ്പമുണ്ട്. ഇത് കൗണ്‍സിലിംഗ് അല്ലെന്നും ഭീഷണിയും ആക്രമണവും ലിംഗവിവേചനവും അധിക്ഷേപവുമാണെന്നാണ് രഞ്ജിനി പറയുന്നത്. ആളുകള്‍ പരിഹാസ്യരാകുകയല്ല വേണ്ടത്. കോടതിയില്‍ പോകുക അല്ലെങ്കില്‍ കൗണ്‍സിലിംഗ് സംഘടനകളെ സമീപിക്കുകയുമാണ് ചെയ്യേണ്ടതെന്നും രഞ്ജിനി പറയുന്നു. ഈ സംഭവം കേസാകുന്നതിന് മുമ്പ് ഖുഷ്ബു ക്ഷമ പറയുമെന്നാണ് തന്റെ പ്രതീക്ഷയെന്നും രഞ്ജിനി പറഞ്ഞു.
അടുത്തിടെ കൈരളി ടിവിയില്‍ സംപ്രേക്ഷണം ചെയ്തിരുന്ന ജീവിതം സാക്ഷി പരിപാടിക്കെതിരേ സമാനമായ വിമര്‍ശനം ഉയര്‍ന്നിരുന്നു. അവതാരകയായ നടി ഉര്‍വശി മദ്യപിച്ച് പരിപാടിക്കെത്തിയെന്നും പങ്കെടുത്തവരെ അപമാനിച്ചെന്നും മനുഷ്യാവകാശ കമ്മീഷന് പരാതി ലഭിച്ചിരുന്നു. സംഭവത്തില്‍ ഉര്‍വശിയോടും ചാനലിനോടും വിശദീകരണം ആവശ്യപ്പെടുകയും ചെയ്തിരുന്നു. സാധാരണക്കാരുടെ ദയനീയത മുതലെടുക്കുകയാണ് ഇത്തരം ചാനല്‍ പരിപാടികള്‍ ചെയ്യുന്നതെന്നാണ് വിമര്‍ശനം.