മിനിസ്‌ക്രീനില്‍ ഒരു സമയത്ത് മിന്നിത്തിളങ്ങി നിന്നിരുന്ന താരമായിരുന്നു രസ്‌ന. പാരിജാതം എന്ന സൂപ്പര്‍ഹിറ്റ് പരമ്പരയാണ് രസ്‌നയെ മലയാളി വീട്ടമ്മമാരുടെ മനസ്സില്‍ പ്രതിഷ്ഠിച്ചത്. ആറാം ക്ളാസ് മുതല്‍ അഭിനയ രംഗത്ത് എത്തിയ രസ്‌ന മലയാളി വീട്ടമ്മമാരുടെ സ്വന്തം നായിക ആണ്.
മിനിസ്‌ക്രീനില്‍ ഇപ്പോള്‍ തരംഗമായി മാറിയിരിക്കുന്ന സത്യ എന്ന പെണ്‍കുട്ടി എന്ന സീരിയലിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന മെര്‍ഷീന നീനു രസ്‌നയുടെ സഹോദരിയാണ്. രസ്‌നയെ കുറിച്ച് പല ഗോസിപ്പുകളും ഒരുകാലത്ത് പ്രചരിച്ചിരുന്നു.
പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി ആയിരിക്കുമ്പോഴാണ് താരം മലയാള ടെലിവിഷന്‍ ആസ്വാദകരുടെ സ്വീകരണ മുറിയില്‍ ഒരേ സമയം സീമയായും അരുണയായും അങ്ങനെ പടര്‍ന്ന് പന്തലിച്ചത്. ഒരേ സമയം വ്യത്യസ്ത സ്വഭാവമുള്ള കഥാപാത്രങ്ങളെ ഡബിള്‍ റോളില്‍ അവതരിപ്പിക്കാന്‍ അന്ന് രസ്‌ന കാണിച്ച മിടുക്ക് പിന്നീട് ഒരുപാട് സീരിയലുകളില്‍ നായിക പ്രാധാന്യമുള്ള കഥാപാത്രങ്ങളായും, നായികയായും രസ്‌നയെ കൊണ്ട് ചെന്നെത്തിച്ചു.മലയാളത്തിന് പുറമെ തമിഴ്, കന്നട ഭാഷകളിലും താരം തിളങ്ങി. ആറാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് ആദ്യമായി രസ്‌ന ക്യാമറയ്ക്ക് മുന്നിലെത്തുന്നത്. ഷാജു ശ്രീധറിന്റെ സംഗീത ആല്‍ബങ്ങളായിരുന്നു ആദ്യ തട്ടകം. അതിനുശേഷം നിരവധി വേഷങ്ങള്‍ രസ്‌നയുടെ കൈയ്യില്‍ ഭദ്രമായി.
പ്രശസ്ത സംവിധായകനും താരത്തിന്റെ ജീവിത നായകനുമായ ബൈജു ദേവരാജന്റെ സൂപ്പര്‍ ഹിറ്റ് മെഗാ പരമ്പര പാരിജാതമാണ് രസ്‌നയുടെ ജീവിതം മാറ്റിമറിച്ചത്. ഇതിനു ശേഷം സിന്ദൂരച്ചെപ്പ്, , വൃന്ദാവനം, വധു, നന്ദനം തുടങ്ങിയ സീരിയലുകളിലും താരം മിന്നിത്തിളങ്ങി. എന്നാല്‍ അഭിനയത്തില്‍ നിന്നും ഇടവേള എടുത്ത് മാറിനില്‍ക്കുകയാണ് താരം ഇപ്പോള്‍. അഭിനയത്തില്‍ നിന്നും മാറിനില്‍ക്കാനുള്ള കാരണവും, ജീവിതത്തിലെ പുതിയ വിശേഷവും പങ്ക് വയ്ക്കുകയാണ്. ‘രസ്‌ന അല്ലേ, അല്ല ഞാനിപ്പോള്‍ സാക്ഷിയാണ്. ഇപ്പോള്‍ രണ്ടു കുട്ടികളുടെ അമ്മയാണ് ഞാന്‍ .
എല്‍ കെ ജി കാരിയായ ദേവനന്ദയുടെയും, ഏഴുമാസക്കാരനായ വിഘ്നേഷിന്റെയും. അവരുടെ വളര്‍ച്ച ഇങ്ങനെ ആസ്വദിച്ചു കാണുകയാണ് ഞാന്‍. അപ്പോള്‍ അഭിനയത്തിനെപ്പറ്റി ചിന്തിക്കാന്‍ പോലും സമയം ഇല്ല. കാരണം അത്രയും തിരക്കാണ്. മോള്‍ ഇപ്പോള്‍ സ്‌കൂളില്‍ പോയി തുടങ്ങിയല്ലോ. പിന്നെ ഞങ്ങളുടെ കുട്ടിത്താരത്തിന് കൂട്ട് വേണ്ടേ. രണ്ടുപേരുടെയും കാര്യം ഞാന്‍ തന്നെ നോക്കണം. അല്ലാതെ ഒന്നും ശരിയാകില്ല. ഏട്ടന്‍ ജോലി തിരക്കുകളില്‍ ആണ്. അപ്പോള്‍ അദ്ദേഹത്തിനും ഒരു പിന്തുണയുടെ ആവശ്യം ഉണ്ട് . രസ്‌ന പറയുന്നു.
അഭിനയം നിര്‍ത്തി എന്നു പറയാനാകില്ലെന്നും ഇപ്പോഴത്തെ സാഹചര്യത്തില്‍ ഏത്ര വലിയ റോളു വന്നാലും സ്വീകരിക്കാനില്ലെന്നും രസ്‌ന പറയുന്നു.അതിപ്പോള്‍ സിനിമ ആണെങ്കിലും സീരിയല്‍ ആണെങ്കിലും ശരി കുടുംബം കഴിഞ്ഞേ മറ്റെന്തും എനിക്കൊള്ളൂ’, പഴയ കുസൃതി ചിരിയോടെ രസ്‌ന പറയുന്നു. സിനിമയിലേക്കെന്തേ കൂടുതല്‍ വേഷങ്ങളില്‍ വരാതിരുന്നത് എന്ന ചോദ്യത്തിനും താരം കൃത്യമായ മറുപടി തന്നെ നല്‍കി. ‘അന്ന് ഞാനൊക്കെ സീരിയലുകളില്‍ അഭിനയിക്കുമ്പോള്‍ ഇന്നത്തെപോലെ രണ്ടും ഒരേ പോലെ കൊണ്ട് പോകാന്‍ സാധിക്കില്ലായിരുന്നു.
മാത്രവും അല്ല സീരിയല്‍ താരങ്ങളോട് എല്ലാവര്‍ക്കും ഒരു തരം പുച്ഛ ഭാവവും ആയിരുന്നു . അത് കൊണ്ട് തന്നെയാകാം അങ്ങനൊരു ഓഫര്‍ കിട്ടിയിട്ടില്ല. പക്ഷേ ഇപ്പോള്‍ അത് മാറിയെന്നും, പിന്നെ അതൊന്നും ഓര്‍ക്കാന്‍ തന്നെ ഇപ്പോള്‍ സമയം കിട്ടില്ല. കുടുംബത്തിന്റെ കാര്യങ്ങള്‍ നോക്കാന്‍ പോലും സമയം തികയാത്തതിനാല്‍ അഭിനയത്തെക്കുറിച്ച് ആലോചിക്കാനേ പറ്റുന്നില്ലെന്നും രസ്‌ന വ്യക്തമാക്കി. ചോക്ലേറ്റ് കാര്യസ്ഥന്‍, വെള്ളരിപ്രാവിന്റെ ചങ്ങാതി തുടങ്ങിയ സിനിമകളില്‍ രസ്‌ന അഭിനയിച്ചിരുന്നു. ബൈജു ദേവരാജും രസ്‌നയും ലിവിംഗ് ടുഗെദറിലാണെന്നും ചില ശ്രുതികളുണ്ട്.