എന്തിനാണു സ്ത്രീത്വത്തെ അപമാനിക്കുന്ന ദൃശ്യങ്ങളും സംഭാഷണങ്ങളും പാട്ടുകളും! സ്ത്രീകളുടെ അഭിപ്രായങ്ങളെ മാനിക്കാതിരിക്കുന്നത് ദയനീയം തന്നെയാണ്; കസബയെ വിമര്‍ശിച്ച പാര്‍വതിയ്ക്ക് പിന്തുണയുമായി നടി രേവതി

ഏതാനും ദിവസങ്ങളായി സമൂഹമാധ്യമങ്ങളിലൂടെയും അല്ലാതെയും തര്‍ക്കത്തിലിരിക്കുന്ന് വിഷയമാണ് നടി പാര്‍വതി നിഥിന്‍ രഞ്ജി പണിക്കര്‍ സംവിധാനം ചെയ്ത കസബ എന്ന ചിത്രത്തെയും അതില്‍ അഭിനയിച്ച നടന്‍ മമ്മൂട്ടിയെയും വിമര്‍ശിച്ചത്. സംവിധായകരും നിര്‍മ്മാതാക്കളുമടക്കമുള്ള നിരവധിയാളുകള്‍ പാര്‍വതിയ്‌ക്കെതിരെ രംഗത്തു വന്നിരുന്നു. ഇപ്പോഴിതാ ഈ വിഷയത്തില്‍ പാര്‍വതിയെ അനുകൂലിച്ച് നടിയും സംവിധായികയുമായ രേവതി. ആര്‍ക്കും എന്തും പറയാനുള്ള വേദിയായി സമൂഹമാധ്യമങ്ങള്‍ മാറിയിരിക്കുകയാണെന്നും സ്ത്രീകളുടെ അഭിപ്രായ സ്വാതന്ത്ര്യത്തിനു പുല്ലുവിലയാണ് സമൂഹം കൊടുക്കുന്നതെന്നും വിമര്‍ശിച്ചുകൊണ്ടാണ് രേവതി എത്തിയത്.

രേവതിയുടെ വാക്കുകളിങ്ങനെ…

അടുത്തിടെ നടന്ന ഒരു സംഭവമാണ് ഈ കുറിപ്പെഴുതാന്‍ കാരണം. നിങ്ങള്‍ക്കറിയാവുന്നതുപോലെ, അധികം എഴുതാത്തൊരു ആളാണു ഞാന്‍. പക്ഷേ ഇതെഴുതേണ്ടത് അവശ്യമെന്നു തോന്നി. സിനിമയിലെ വനിതാ പ്രവര്‍ത്തകരുടെ സുരക്ഷയ്ക്കായി തുടങ്ങിയ ഡബ്ല്യൂസിസി എന്ന സംഘടനയിലെ അംഗമാണു ഞാനും. മലയാള സിനിമയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളുടെ അന്തസ്സും അഭിമാനവും സുരക്ഷിതമാക്കാനായി തുടങ്ങിയ ഈ സംഘടനയെ പിന്തുണയ്ക്കുന്നവരും വിമര്‍ശകരും ഉണ്ട്. ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഇത് നിലനില്‍പ്പിന് ആവശ്യമാണെന്നു സംഘടനയുടെ പ്രവര്‍ത്തകര്‍ എന്ന നിലയില്‍ ഞങ്ങള്‍ മനസിലാക്കുന്നു.

ഇത്തവണത്തെ ഐഎഫ്ഫ്‌കെയില്‍ ഡബ്ല്യൂസിസിയുടെ സ്റ്റോള്‍ ഉദ്ഘാടനം ചെയ്തതു പ്രശസ്ത സംവിധായിക അപര്‍ണ സെന്‍ ആണ്. അന്നേ ദിവസം തന്നെ ഞങ്ങളുടെ ഔദ്യോഗിക വെബ്‌സൈറ്റ് നടി പാര്‍വതി പുറത്തിറക്കി. കുറച്ച് ദിവസങ്ങള്‍ക്ക് അവിടെ വച്ചു നടന്ന ഓപ്പണ്‍ഫോറത്തില്‍ കസബ എന്ന സിനിമയിലെ മോശം ചില സംഭാഷണങ്ങളെക്കുറിച്ച് തന്റെ അഭിപ്രായം പാര്‍വതി വ്യക്തമാക്കിയിരുന്നു. ഒട്ടേറെ ആരാധകരുള്ള സൂപ്പര്‍താരങ്ങളുടെ സിനിമയിലെ മോശം രംഗങ്ങളും സംഭാഷണങ്ങളും സിനിമ കാണുന്ന പ്രേക്ഷകരുടെ ചിന്താഗതിയെ തന്നെ ബാധിക്കുമെന്നും പാര്‍വതി പറയുകയുണ്ടായി.

നടന്മാരിലെ സൂപ്പര്‍താരങ്ങള്‍ക്ക് അവരുടെ ആരാധകരുടെ ചിന്താതലങ്ങളെ സ്വാധീനിക്കാന്‍ കഴിയുമെന്നും അതുകൊണ്ട് മോശമായ വാക്കുകള്‍ പറയുകയോ അതിര്‍വരമ്പുകള്‍ ലംഘിക്കുന്ന രംഗങ്ങളില്‍ സൂപ്പര്‍താരങ്ങള്‍ അഭിനയിക്കുകയോ ചെയ്യരുതെന്നും പാര്‍വതി ആവശ്യപ്പെടുകയുണ്ടായി. താരങ്ങള്‍ ഇപ്പോള്‍ തന്നെ സാമൂഹിക മാന്യതയുടെ അതിര്‍വരമ്പുകള്‍ ഭേദിച്ചെന്നും അതിന്റെ ഫലം അനുഭവിക്കുന്നത് ഇന്നത്തെ സമൂഹത്തിലെ പെണ്‍കുട്ടികളും സ്ത്രീകളുമാണെന്നുമാണ് പാര്‍വതി പറഞ്ഞത്.

പാര്‍വതിയുടെ ഈ അഭിപ്രായം വലിയ വാര്‍ത്തയായതിനെത്തുടര്‍ന്ന് തികച്ചും മോശമായും സഭ്യതയുടെ സ്പര്‍ശമില്ലാത്ത തരംതാണ രീതിയില്‍ പാര്‍വതിയെ ട്രോളാനും വ്യക്തിഹത്യചെയ്യാനും ആളുകള്‍ മുതിരുന്നുവെന്നതാണ് ഏറ്റവും പരിതാപകരം. സമൂഹമാധ്യമത്തില്‍ താരങ്ങളെ വ്യക്തിഹത്യചെയ്യുന്നത് ഒരു ട്രെന്‍ഡായി മാറിയിരിക്കുകയാണ്.

മറ്റുരാജ്യങ്ങളിലേക്കാള്‍ വ്യക്തി സ്വാതന്ത്ര്യം നമ്മുടെ നാട്ടിലുണ്ട് എന്ന വസ്തുത അംഗീകരിക്കുമ്പോള്‍തന്നെ സ്ത്രീകളുടെ അഭിപ്രായ സ്വാതന്ത്ര്യത്തിനു തെല്ലും വില കല്‍പ്പിക്കപ്പെടുന്നില്ലെന്ന സത്യവും മനസിലാക്കേണ്ടതുണ്ട്. സ്ത്രീ ദൈവങ്ങളെ ഏറ്റവും കൂടുതല്‍ ആരാധിക്കുന്ന രാജ്യത്തു പോലും സ്ത്രീകളുടെ അഭിപ്രായത്തിനു വിലയില്ലെന്നതു ഖേദകരമാണ്. എന്റെ ഉത്കണ്ഠ നിങ്ങളുമായി പങ്കുവെയ്ക്കണമെന്നു തോന്നി. ഇക്കാര്യത്തില്‍ എന്റെ പ്രിയ സുഹൃത്തുക്കളുടെ നിലപാട് അറിയാനും ഞാനാഗ്രഹിക്കുന്നു.

സമൂഹമാധ്യമങ്ങള്‍ സമൂഹത്തിന്റെ ഉന്നമനത്തിനായി ഉപയോഗിക്കാമെന്നിരിക്കേ സത്യം പറഞ്ഞതിന്റെ പേരില്‍ ഒരു താരത്തെ ഇങ്ങനെ സമൂഹമാധ്യമങ്ങളിലൂടെ ക്രൂശിക്കുന്നത് എന്തിനാണ്? ആര്‍ക്കും എന്തും പറയാനുള്ള വേദിയായി സമൂഹമാധ്യമങ്ങള്‍ മാറിയിരിക്കുന്നുവോ? എന്തു മോശം ഭാഷയും സമൂഹമാധ്യമങ്ങളില്‍ ഉപയോഗിക്കാമെന്നോ? സ്ത്രീകളെ ബഹുമാനിക്കാനറിയാത്ത സംസ്‌കാര ശൂന്യരായവരായി നാം മാറുകയാണോ? സമൂഹത്തില്‍ നിലയും വിലയും നേടിയ താരങ്ങള്‍ക്കു സാമൂഹികപ്രതിബദ്ധത ആവശ്യമില്ലെന്നാണോ നിങ്ങള്‍ കരുതുന്നത്. സിനിമ വിനോദത്തിനാണെന്നതു സത്യം തന്നെ. പക്ഷേ, എന്തിനാണു സ്ത്രീത്വത്തെ അപമാനിക്കുന്ന ദൃശ്യങ്ങളും സംഭാഷണങ്ങളും പാട്ടുകളും? അതോ ഇത്തരം പാട്ടുകളും സംഭാഷണങ്ങളും വിനോദം തന്നെയാണോ?

 

Related posts