ശങ്കറിന്റെ ബ്രഹ് മാണ്ഡ ചിത്രം അന്യനിലൂടെ ചലച്ചിത്രപ്രേമികളുടെ പ്രിയതാരമായി മാറിയ നടിയാണ് സദ. നോവല്‍ എന്ന ചിത്രത്തിലൂടെ നടി മലയാളത്തിലുമെത്തിയിരുന്നു.
തെന്നിന്ത്യന്‍ സിനിമയില്‍ നിറസാന്നിധ്യമായിരുന്ന നടി കുറേക്കാലമായി സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു.
നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമയില്‍ സജീവമാകുകയാണ് താരം. സോഷ്യല്‍മീഡിയയില്‍ സജീവമായ താരം ഇന്‍സ്റ്റഗ്രാം ലൈവില്‍ വന്ന് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ വൈറലാവുന്നത്.
താന്‍ ഒരു ബിസിനസ് നടത്തിയിരുന്നുവെന്നും സംരംഭത്തിന് ചില പ്രശ്നങ്ങള്‍ നേരിടേണ്ടി വന്നുവെന്നും താരം പറയുന്നു. എര്‍ത്ത് ലിങ്ക്സ് എന്ന പേരില്‍ ഒരു കഫേയായിരുന്നു സദ നടത്തിയിരുന്നത്.
2019ലായിരുന്നു ഇത് ആരംഭിച്ചത്. എന്നാല്‍ ഈ മെയ് മാസം അവസാനമാകുമ്പോഴേക്കും തന്റെ കഫേ അടച്ചുപൂട്ടാന്‍ പോകുകയാണെന്ന് സദ പറയുന്നു.
തന്റെ സ്വപ്നമായിരുന്നു ഈ കഫേ എന്നും ഏപ്രില്‍ മാസത്തില്‍ കടയുടെ വാര്‍ഷികം ആഘോഷിക്കുമ്പോഴായിരുന്നു കെട്ടിട ഉടമ തന്നോട് ഒഴിയാന്‍ പറയുന്നതെന്നും വേദനയോടെ താരം പറയുന്നു.
തന്റെ കുഞ്ഞിനെ പോലെയായിരുന്നു കഫേ. ആദ്യത്തെ ബിസിനസ് സംരംഭമാണെന്നും ലാഭവും നഷ്ടവും നോക്കാതെയായിരുന്നു താന്‍ ഇത് നടത്തിയതെന്നും ഒരു മാസമാണ് കെട്ടിടം ഒഴിയാന്‍ സമയം തന്നിരിക്കുന്നതെന്നും സദ കൂട്ടിച്ചേര്‍ത്തു.
വളരെ മോശം നിലയിലായിരുന്നു തനിക്ക് ഈ കെട്ടിടം കിട്ടിയത്. താന്‍ വളരെ കഷ്ടപ്പെട്ടാണ് ഇത്രയും മനോഹരമാക്കിയതെന്നും കട തുടങ്ങിയ സമയത്ത് 12 മണിക്കൂര്‍ വരെ താന്‍ ഇവിടെ ജോലി ചെയ്തിരുന്നുവെന്നും കോവിഡ് കാലത്ത് പോലും താന്‍ ഒന്നും പറയാതെ വാടക നല്‍കിയിരുന്നുവെന്നും ഇപ്പോള്‍ താന്‍ മാനസികമായും ശാരീരികമായും തളര്‍ന്നിരിക്കുകയാണെന്നും സദ പറയുന്നു.