ഒരിടവേളയ്ക്കുശേഷം വീണ്ടും സിനിമയിലേയ്ക്കു തിരിച്ചു വരുകയാണ് നടി സാധിക. ബ്രേക്കിംഗ് ന്യൂസ് എന്ന ചിത്രത്തിനു ശേഷം ഇടവേളയെടുത്തു സാധിക സര്‍വോപരി പാലാക്കാരന്‍ എന്ന ചിത്രത്തിലൂടെ മടങ്ങി വരികയായിരുന്നു. സിനിമയിലേയ്ക്കു മടങ്ങി വരുന്നതിനുള്ള കാരണം സാധിക വ്യക്തമാക്കിയത് ഇങ്ങനെ. നല്ല റോളുണ്ട് എന്നു പറഞ്ഞാണു പലരും വിളിക്കുന്നത്. പക്ഷേ പലരുടേയും ആവശ്യം മറ്റൊന്നാണ്. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സാധിക പറഞ്ഞു.
‘ബ്രേക്കിങ് ന്യൂസ് ലൈവിനുശേഷമാണ് സിനിമയില്‍നിന്ന് പിന്‍വാങ്ങിയത്. തുടര്‍ന്ന് സിനിമ ചെയ്യേണ്ട എന്ന് തീരുമാനിച്ചു. ഒരിക്കലും സഹിക്കാന്‍ കഴിയാത്ത സംഭവങ്ങളുണ്ടായിരുന്നു അതിന് പിന്നില്‍. അവസരങ്ങള്‍ തുടര്‍ച്ചയായി നിഷേധിക്കപ്പെടുന്നതായി തോന്നിയപ്പോഴാണ് ഞാന്‍ സത്യത്തില്‍ അതിനെകുറിച്ച് ചിന്തിക്കുന്നത്. നല്ല റോളുണ്ടെന്ന് പറഞ്ഞാണ് എല്ലാവരും വിളിക്കുന്നത്. പലരുടെയും ആവശ്യം മറ്റൊന്നാണ്. സംവിധായകന് താല്‍പര്യമുണ്ടെന്നൊക്കെ തുറന്നുപറഞ്ഞുകളയും. സംവിധായകന്‍ ചിലപ്പോള്‍ അറിഞ്ഞുപോലും കാണില്ല. ഇവരുടെ ഭീഷണിക്ക് വഴങ്ങിയില്ലെങ്കില്‍ സിനിമ നഷ്ടപ്പെടും. ഒരു സിനിമയില്‍ സുഹൃത്തുക്കളായ താരങ്ങളില്‍ ചിലര്‍ എന്റെ പേര് നിര്‍ദേശിച്ചു. എന്നിട്ടും ഞാന്‍ ആ സിനിമയില്‍ ഉണ്ടായില്ല. സാധിക തിരക്കിലായിരുന്നു. സാധിക പണം കൂടുതല്‍ ചോദിച്ചിരുന്നു എന്നിങ്ങനെയുള്ള കാരണം നിരത്തിയാണ് എന്നെ ഒഴിവാക്കിയത്.
സത്യത്തില്‍ എന്നെയാരും വിളിച്ചിട്ടുപോലുമുണ്ടായിരുന്നില്ല. പിന്നീട് സുഹൃത്തുക്കള്‍ പറഞ്ഞപ്പോഴാണ് ഞാന്‍ ഈ സിനിമയെകുറിച്ച് അറിയുന്നതുതന്നെ. അപ്പോഴാണ് ഒരു കാര്യം മനസ്സിലായത്. മുമ്പ് എന്നെ വിളിച്ച് അഡ്ജസ്റ്റ് ചെയ്യാന്‍ ആവശ്യപ്പെട്ട ചിലര്‍ ആ സിനിമയുടെ അണിയറയിലും ഉണ്ടായിരുന്നു. തുടര്‍ച്ചയായി വേട്ടയാടുന്നതായി തോന്നിയപ്പോഴാണ് സിനിമ ഉപേക്ഷിക്കാന്‍ തീരുമാനിച്ചത്. പിന്നെ വിളിച്ചവരോട് സിനിമ വേണ്ടെന്ന് തുറന്നുപറയാന്‍ ധൈര്യം കാണിച്ചതില്‍ ഇപ്പോള്‍ അഭിമാനം തോന്നുന്നുണ്ട്. എന്തുകൊണ്ടു സിനിമയിലേയ്ക്കു മടങ്ങി വരുന്നു എന്നു പലരും ചോദിക്കുന്നുണ്ട്. അതിനു വ്യക്തമായ കാരണങ്ങളുണ്ട്. അതിലും പ്രധാനം സിനിമ കൂടുതല്‍ സ്ത്രീ സുരക്ഷയ്ക്കു പ്രധാന്യം കൊടുത്തു തുടങ്ങി എന്ന തോന്നലാണ്’. സാധിക പറയുന്നു.