മലയാളി സിനിമാ സീരിയല്‍ പ്രേക്ഷകര്‍ക്ക് വളരെ ഇഷ്ടമുള്ള നടിയാണ് സേതുലക്ഷ്മി. ഇപ്പോഴിതാ മകന്റെ ജീവിതത്തില്‍ നേരിടേണ്ടി വന്ന കഠിനകരമായ അനുഭവങ്ങളെക്കുറിച്ചും നാടകത്തില്‍ നിന്നും സിനിമയിലേക്കും സീരിയലിലേക്കുമുള്ള കടന്ന് വരവിനെ കുറിച്ചും തുറന്ന് പറയുകയാണ് താരം.
സേതുലക്ഷ്മിയുടെ വാക്കുകള്‍ ഇങ്ങനെ…മകന്റെ വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞിട്ട് മൂന്ന് വര്‍ഷം കഴിഞ്ഞു. രോഗപ്രതിരോധ ശക്തിക്ക് കുറച്ച് കുറവുണ്ട് എന്നതൊഴിച്ചാല്‍ മറ്റ് പ്രശ്നങ്ങള്‍ ഒന്നുമില്ല.
10 വര്‍ഷം ഒരു പ്രശ്നവും ഉണ്ടാവില്ലെന്നാണ് ഡോക്ടര്‍ പറഞ്ഞത്. അഞ്ചു വര്‍ഷം പേടിക്കേണ്ട ഒരു കാര്യവുമില്ല. വൃക്ക മാറ്റിവെക്കേണ്ട അവസ്ഥ വന്നപ്പോഴാണ് സാമ്പത്തികപരമായ ബുദ്ധിമുട്ട് നേരിടേണ്ടി വന്നത്.
വലിയ വിഷമം ആയി ഇരിക്കുമ്പോള്‍ നടി തെസ്നിഖാന്റെ ഉമ്മ കാര്യം അന്വേഷിക്കുന്നത്. ആദ്യം ഒന്നും പറഞ്ഞില്ലെങ്കിലും പിന്നീട് മകന് എത്രയും പെട്ടെന്ന് കരള്‍ മാറ്റിവെക്കേണ്ടതുണ്ടെന്ന കാര്യം അവരോട് പറഞ്ഞു.
അങ്ങനെയാണ് സോഷ്യല്‍ മീഡിയയിലൊക്കെ ഇടപെടുന്ന എറണാകുളത്തെ മിഥുന് മിത്ര എന്നയാളുമായി ബന്ധപ്പെടുന്നത്.
അങ്ങനെ എറണാകുളത്ത് സീരിയല്‍ വര്‍ക്കിനായി ചെന്ന സമയത്ത് അവരുടെ കൂടെ സഹായത്തോടെ ഫേസ്ബുക്കില്‍ കാര്യം പറയുകയായിരുന്നു. അന്ന് ഫോണ്‍ നമ്പര്‍ മാത്രമായിരുന്നു പങ്കുവെച്ചിരുന്നത്.
നിരവധി ആളുകള്‍ പണം അയച്ചു. അമേരിക്കയിലുള്ള ഒരു കുടുംബം ഇപ്പോഴും സഹായിക്കുകയാണ്. മകന്റെ രണ്ട് മക്കളുടെ പഠനവും അവര്‍ ഏറ്റെടുത്തു.
അവര്‍ക്ക് താല്പര്യമുള്ള ഏത് കോഴ്സും പഠിക്കാം. അതിന്റെയെല്ലാം ചിലവ് അവര്‍ നോക്കും. പിന്നീട് ഈ കുട്ടികള്‍ക്ക് ജോലി ആവുമ്പോള്‍ ഇതുപോലെ പഠിക്കാന്‍ ബുദ്ധിമുട്ട് നേരിടുന്ന മറ്റൊരു കുട്ടിയെ സഹായിക്കണം എന്നത് മാത്രമാണ് നിബന്ധന. അതുപോലെ ഒരുപാട് കുട്ടികളെ അവര്‍ സഹായിക്കുന്നുണ്ട്.
ഒരു കലാകാരി ആയതുകൊണ്ട് കൂടിയാണ് എനിക്ക് ഇത്രയും പെട്ടെന്ന സഹായം കിട്ടാന്‍ കാരണമായത്. അങ്ങനെയല്ലാത്ത മറ്റ് പലരും എന്നെ വിളിച്ച് ഞങ്ങള്‍ക്കും കൂടെ എങ്ങനെ സഹായം കിട്ടുമെന്ന് അന്വേഷിക്കും.
അപ്പോള്‍ എനിക്ക് സങ്കടമാവും. കിഡ്നിരോഗികള്‍ സഹായം തേടുന്നുവെന്ന തരത്തില്‍ പേപ്പറിലൊക്കെ കാണുകയും ചെയ്യും.
അപ്പോള്‍ ഞാന്‍ അങ്ങോട്ട് വിളിച്ച് കാര്യങ്ങള്‍ അന്വേഷിച്ച് എന്നാല്‍ കഴിയുന്ന സഹായങ്ങള്‍ ചെയ്യും എന്നും സേതു ലക്ഷ്മി പറയുന്നു.
ഇപ്പോള്‍ മൗനരാഗം എന്ന സീരിയലില്‍ ആണ് സേതുലക്ഷ്മി അഭിനയിച്ചുകൊണ്ടിരിക്കുന്നത്. അഭിനയത്തിനുള്ള കേരള സംസ്ഥാന പുരസ്കാരം നാലു പ്രാവശ്യം നേടിയിട്ടുള്ള താരം കൂടിയാണ് സേതുലക്ഷ്മി.
ആദ്യമായി കൊല്ലം ഉപാസനയുടെ കൊന്നപ്പൂക്കളില്‍ എന്ന നാടകത്തില്‍ ആണ് അഭിനയിക്കുന്നത്.