മകന്റെ രണ്ട് വൃക്കകളും തകരാറിലാണെന്നും കൊച്ചുകുട്ടികളാണ് അവനുള്ളതെന്നും അവര്‍ പറക്കമുറ്റവരാകുന്നത് വരെയെങ്കിലും ജീവിക്കണമെന്നാണ് അവന്റെ ആഗ്രഹമെന്നും ചികിത്സയ്ക്കുള്ള ചെലവുകള്‍ തന്നെക്കൊണ്ട് കൂട്ടിയാല്‍ കൂട്ടാവുന്നതല്ലെന്നും സാധിക്കുന്നവര്‍ സഹായിക്കണമെന്നും ആവശ്യപ്പെട്ട് നടി സേതുലക്ഷ്മി ഇക്കഴിഞ്ഞ ദിവസം ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന്റെ വീഡിയോ വഴി രംഗത്തെത്തിയിരുന്നു.
എന്നാല്‍ അതിപ്പോള്‍ തനിക്ക് പാരയായിരിക്കുകയാണെന്ന് അതേ മാധ്യമത്തോട് സംസാരിക്കവെ വെളിപ്പെടുത്തിയിരിക്കുകയാണ് സേതുലക്ഷ്മി. വാര്‍ത്ത കണ്ടും കേട്ടും നിരവധിയാളുകള്‍ നേരിട്ടും ഫോണിലൂടെയും ബന്ധപ്പെടുന്നുണ്ട്. എന്നാല്‍ എല്ലാവര്‍ക്കും അറിയേണ്ടത്, താരസംഘടനയില്‍ അംഗമല്ലേ, അമ്മയില്‍ നിന്ന് എന്ത് കിട്ടി, അവര്‍ തരില്ലേ എന്നൊക്കെയാണ്.
പലരും ഭീഷണി പോലെയൊക്കെയാണ് സംസാരിക്കുന്നത്. ഇതിപ്പോള്‍ വലിയ മാനസിക പ്രയാസത്തിനു കൂടി വഴി വച്ചിരിക്കുകയാണ്. സഹായിക്കാന്‍ താത്പര്യമില്ലാത്തവര്‍ വിളിക്കാതിരുന്നു കൂടെയെന്നും സേതുലക്ഷ്മി ചോദിക്കുന്നു. സേതുലക്ഷ്മിയുടെ വാക്കുകളിങ്ങനെ..
‘വാര്‍ത്തയും മറ്റും കണ്ടിട്ട് കുറെ പേര്‍ വിളിച്ചിരുന്നു. എല്ലാവരും ചോദിക്കുന്നത് എ.എം.എം.എയില്‍ ഇല്ലേ, അവര്‍ സഹായിച്ചില്ലേ എന്നൊക്കെയാണ്. ഇത് വല്ലാത്ത മാനസിക പ്രയാസം ഉണ്ടാക്കുന്നുണ്ട്. പത്തു പൈസ അംഗത്വ ഫീസ് വാങ്ങാതെ എന്നെ സംഘടനയില്‍ ചേര്‍ത്തത് അവരാണ്. ഞാനൊരു സിനിമാനടിയാണ്. എന്റെ കയ്യില്‍ നിറയെ പൈസ ആണെന്നാണ് വിളിക്കുന്നവര്‍ കരുതുന്നത്.
എനിക്ക് എന്റെ മകനെ ചികിത്സിക്കണം. അവന്റെ കുടുംബത്തെയും കുട്ടികളെയും നോക്കണം. വീട്ടുവാടക കൊടുക്കണം. കിട്ടുന്ന പൈസ ഇതിനേ തികയൂ. ഡയാലിസിസുമായി മുന്നോട്ടുപോകാനായിരുന്നെങ്കില്‍ എനിക്ക് ഇതിന്റെ ആവശ്യം വരില്ലായിരുന്നു.
പക്ഷേ, പെട്ടെന്നാണ് ഡോക്ടര്‍ വിളിച്ചുപറയുന്നത് അവന്റെ വൃക്ക മാറ്റിവയ്ക്കണമെന്ന്. അതിന് നല്ലൊരു തുക ചെലവാകും. ഞാന്‍ എത്ര ശ്രമിച്ചാലും അത് എന്നെ കൊണ്ടാവില്ല. അതിനുള്ള ശമ്പളമേ എനിക്കുള്ളൂ.
എ.എം.എം.എക്ക് ഇത് അറിയുമായിരുന്നു. പക്ഷേ പെട്ടെന്ന് എനിക്ക് ഇത്രയും പൈസ ആവശ്യം വന്നപ്പോള്‍ മറ്റൊന്നും ചിന്തിച്ചില്ല. ഇങ്ങനെ ഒരു പ്രൊമോഷന്‍ കൊടുക്കാമെന്ന് പറഞ്ഞപ്പോള്‍ കൊടുത്തു. പക്ഷേ എനിക്കെത്ര രൂപ കിട്ടിയെന്നാണ് എല്ലാവര്‍ക്കും അറിയേണ്ടത്. വളരെ തുച്ഛമായ തുകയേ എനിക്ക് കിട്ടിയിട്ടുള്ളൂ.
ഗള്‍ഫില്‍ നിന്നൊക്കെ പലരും വിളിക്കുന്നുണ്ട്. പല ചാനലുകളും വന്ന് വീഡിയോ ഒക്കെ എടുത്തു കൊണ്ടുപോയി. പക്ഷേ, എനിക്ക് ഒരു ലക്ഷത്തി ചില്വാനം രൂപയുടെ അടുത്തേ കിട്ടിയിട്ടുള്ളൂ.
എന്റെ മകനെ രക്ഷിക്കാന്‍, അവന് വൃക്ക മാറ്റിവയ്ക്കാന്‍ നാല്‍പത് ലക്ഷത്തോളം രൂപ ആവശ്യമുണ്ട്. എ.എം.എം.എ എന്നെ സഹായിക്കും. പക്ഷേ, അങ്ങോട്ട് കയ്യും വീശി ചെന്നു പറയാനുള്ള മാനസികാവസ്ഥ എനിക്കില്ല. അതുകൊണ്ട് ഞാന്‍ വിചാരിച്ചു എത്രയും പെട്ടെന്ന് കുറച്ചു പൈസ ഉണ്ടാക്കി ബാക്കി അവരോട് ചോദിക്കാമെന്ന്.
വൃക്ക വാങ്ങാനുള്ള പൈസ കുറച്ചെങ്കിലും ആയാല്‍ ഞാന്‍ സംഘടനയോട് പറയും… മക്കളെ വൃക്ക വാങ്ങാനുള്ളതായി. ബാക്കി നിങ്ങളൊന്ന് സഹായിക്കണമെന്ന്. അവരോട് ഞാന്‍ പറഞ്ഞിട്ടുമുണ്ട്. അവര്‍ സഹായിക്കാമെന്ന് പറഞ്ഞിട്ടുമുണ്ട്.
ഞാനാണ് പറഞ്ഞത് എത്രയാണ് കിട്ടിയതെന്ന് അറിയിക്കാമെന്ന്. പക്ഷേ ഒരു അഞ്ചു ലക്ഷമെങ്കിലും ആകാതെ പറയാന്‍ എനിക്ക് നാണക്കേടാണ്. എ.എം.എം.എ മറ്റു ചില സംഘടനകളെ വിവരമറിയിച്ചു. അവരും സഹായിക്കും.
ഒരു അഞ്ച് ലക്ഷം രൂപയെങ്കിലും ഒപ്പിച്ച് എനിക്ക് അവരോട് പറയാമെന്നാണ് കരുതിയത്. ഞാന്‍ അക്കൗണ്ട് നമ്പര്‍ കൊടുത്തിട്ടുണ്ട്. ഇനി സന്മനസ് ഉള്ളവര്‍ തരട്ടെ എന്നേ ഞാന്‍ കരുതുന്നുള്ളൂ.
ആയിരം, ആയിരത്തിയഞ്ഞൂറ്…. അങ്ങനെ തുച്ഛമായ തുകയാണ് അക്കൗണ്ടിലേക്ക് വന്നിട്ടുള്ളത്. ഏറ്റവും കുറഞ്ഞത് ഒരു 40-45 ലക്ഷം രൂപയെങ്കിലും കരുതിവയ്ക്കണമെന്നാണ് ഡോക്ടര്‍ പറഞ്ഞിട്ടുള്ളത്. അവനെ ചികിത്സിക്കുന്ന ആശുപത്രിയില്‍ തന്നെ ശസ്ത്രക്രിയ നടത്താമെന്നാണ് പറഞ്ഞത്.
ഇതുവരെ വൃക്ക കിട്ടിയിയിട്ടില്ല . പൈസ ആയാല്‍ വൃക്ക പൈസ കൊടുത്തെങ്കിലും വാങ്ങാമെന്നാണ് കരുതിയത്. 90-80 വയസ് പ്രായമായവരുടെയൊക്കെ വൃക്കയാണ് സൗജന്യമായി തരാമെന്ന് പറഞ്ഞിട്ടുള്ളത്. അവന് 43 വയസായിട്ടേയുള്ളൂ. അതും രണ്ട് വൃക്കയും പോയിരിക്കുകയാണ്. എന്നിട്ട് ഇങ്ങനെ പ്രായമായവരുടെ വൃക്ക വച്ചിട്ട് മോന് എന്തെങ്കിലും സംഭവിച്ചാലോ. വല്ലോരും തരുന്ന പൈസേം പോകും. എന്റെ മോനും പോകും. അതെനിക്ക് താങ്ങാനാവില്ല.
അതുകൊണ്ടാണ് പൈസ കൊടുത്ത് തന്നെ വാങ്ങാമെന്ന് പറഞ്ഞത്. പിന്നെ ഇത് കഴിഞ്ഞുള്ള ചികിത്സ, ഗുളികകള്‍ ഇതിനെല്ലാം കരുതി വച്ചേ പറ്റൂ എന്ന് എന്നോട് പറഞ്ഞിട്ടുണ്ട്. അപ്പൊള്‍ എന്തെങ്കിലും ഒരു കരുതലോടെ ഞാന്‍ എന്റെ സംഘടനയില്‍ ചെന്ന് പറയുമ്പോള്‍ അവരെന്നെ സഹായിക്കും. ആ വാര്‍ത്തയും മറ്റും കണ്ടിട്ടാണ് ഇപ്പോള്‍ എല്ലാവരും എന്നെ വിളിക്കുന്നത്. ഇനി എല്ലാം വിധി പോലെ നടക്കട്ടെ അല്ലാതെ ഞാനിനി എന്ത് പറയാനാണ്.
അക്കൗണ്ട് വിവരങ്ങള്‍:
ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്
തൈക്കാട് ശാഖ
അ/ഇ നമ്പര്‍ : 130301000008011
കഎടഇ: കഛആഅ0001303