താന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചതല്ലെന്നും കഴിച്ച ഉറക്കഗുളികയുടെ അളവ് അമിതമായതാണെന്നും
കൊച്ചിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട യുവ നടിയുടെ വിശദീകരണം.
ഉറങ്ങാനായി കഴിച്ച ഗുളികയുടെ ഡോസ് അധികമായിപ്പോയതാണെന്നാണ് നടി പറയുന്നത് എന്നാണ് പോലീസ് നല്‍കുന്ന വിവരം.
എന്നാല്‍, ഇക്കാര്യം പോലീസ് പൂര്‍ണമായും മുഖവിലയ്ക്കെടുത്തിട്ടില്ല. ചൊവ്വാഴ്ചയാണ് ഉറക്കഗുളിക കഴിച്ച് അവശയായ നടിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഇവര്‍ അപകടനില തരണംചെയ്തിട്ടുണ്ട്. നടി ആക്രമിക്കപ്പെട്ട കേസിലെ പുതിയ സംഭവവികാസങ്ങള്‍ മൂലമാണ് ഇവര്‍ ആത്മഹത്യക്ക് ശ്രമിച്ചതെന്ന രീതിയില്‍ സാമൂഹിക മാധ്യമങ്ങളില്‍ അഭ്യൂഹമുയര്‍ന്നിരുന്നു.
എറണാകുളം നോര്‍ത്തിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട നടി ആരോഗ്യനില വീണ്ടെടുത്ത ശേഷം ഡിസ്ചാര്‍ജ്ജായി പോയിരുന്നു.
നടി ആക്രമിക്കപ്പെട്ട കേസില്‍ കൂറുമാറിയവരുടെ സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കുമെന്ന് അന്വേഷണസംഘം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
കൂറുമാറിയ ശേഷം സാക്ഷികളില്‍ ആരുടെയെങ്കിലും ബാങ്ക് അക്കൗണ്ടിലേയ്ക്കു വലിയ തുകയുടെ കൈമാറ്റം നടന്നിട്ടുണ്ടോ എന്നാണ് ക്രൈംബ്രാഞ്ച് പരിശോധിക്കുന്നത്.
സിനിമാ മേഖലയില്‍ നിന്നുള്ള ഇരുപതിലേറെ സാക്ഷികള്‍ കൂറുമാറിയത് പ്രോസിക്യൂഷനു വിചാരണ വേളയില്‍ കനത്ത തിരിച്ചടിയായിരുന്നു.
നടിയെ ആക്രമിച്ച കേസില്‍ കൂറുമാറിയ നടി ആത്മഹത്യയ്ക്ക് ശ്രമിച്ചതായി വാര്‍ത്തകള്‍ വന്നത് ദിലീപിനെതിരേ ഗുരുതര ആരോപണങ്ങള്‍ വന്നതിന് പിന്നാലെയായിരുന്നു.
ദിലീപിന്റേതെന്നു പറയുന്ന ചില ഓഡിയോ സംഭാഷണങ്ങള്‍ സംവിധായകന്‍ ബാല ചന്ദ്രകുമാര്‍ പുറത്ത് വിട്ടത് വലിയ ചര്‍ച്ചയായതിന് പിന്നാലെയാണ് നടി ആത്മഹത്യക്ക് ശ്രമിച്ചു എന്ന് വിവരം പുറത്ത് വരുന്നത്.
അതേ സമയം നടിയുടെ കുടുംബ പ്രശ്‌നങ്ങളാണ് ഇതിന് പിന്നിലെന്നാണ് സിനിമാ മേഖലയിലുള്ളവര്‍ പറയുന്നത്.
നേരത്തെ നടിയെ ആക്രമിച്ചു കേസുമായി ബന്ധപ്പെട്ട നിര്‍ണായക മൊഴി ഈ യുവനടി രേഖപ്പെടുത്തിയിരുന്നു.
എന്നാല്‍, കോടതിയില്‍ ഇവര്‍ ഇക്കാര്യം സ്ഥിരീകരിക്കാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് കൂറുമാറിയതായി പ്രഖ്യാപിക്കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെടുകയായിരുന്നു.
ആദ്യം അക്രമിക്കപ്പെട്ട നടിക്കൊപ്പം നിന്നിരുന്ന ഇവര്‍ പിന്നീട് പിന്‍വാങ്ങിയതെന്താണെന്ന് ആര്‍ക്കും അറിയില്ല.
കോടതിയില്‍ കൂറുമാറിയതിന് പിന്നാലെ 2017 ല്‍ നടി സമൂഹ മാധ്യമത്തില്‍ എഴുതിയ കുറിപ്പ് വീണ്ടും ഉയര്‍ന്നു വന്നത്. ഇതോടെയാണ് പോസ്റ്റ് നടി നീക്കം ചെയ്തത്.
വലിയ വിമര്‍ശനങ്ങള്‍ ഇവര്‍ അന്ന് നേരിട്ടിരുന്നു. ഇപ്പോഴത്തേത് ആത്മഹത്യ ശ്രമമാണെങ്കില്‍ അത് കാര്യങ്ങള്‍ കൂടുതല്‍ ദുരൂഹമാക്കുന്നതാണ്.