പുല്‍വാമ ഭീകരാക്രമണത്തില്‍ ജീവന്‍വെടിഞ്ഞ ജവാന് അന്ത്യവിശ്രമം കൊള്ളാനുള്ള സ്ഥലം അനുവദിച്ച് നടി സുമലത. ജവാനായ മാണ്ഡ്യ മെല്ലഹള്ളി സ്വദേശി എച്ച്.ഗുരു(33)വിന്റെ കുടുംബത്തിന് അരയേക്കര്‍ ഭൂമി ദാനം ചെയ്യാന്‍ തയ്യാറാണെന്നാണ് നടി വ്യക്തമാക്കിയത്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബത്തിലാണ് ഗുരു ജനിച്ചത്. കുടുംബത്തിന് ഒരു അലക്കുകടയാണ് ഉണ്ടായിരുന്നത്. സ്വന്തമായി അവര്‍ക്കു ഭൂമിയുമില്ല. ഗുരുവിന്റെ സംസ്‌കാരം നടത്താനും കുടുംബത്തിനു സ്വന്തമായി ഭൂമി ഉണ്ടായിരുന്നില്ല. ഇതറിഞ്ഞ് ഗുരുവിന്റെ കുടുംബത്തിന് അരയേക്കര്‍ ഭൂമി ദാനം ചെയ്യാന്‍ സുമലത തയ്യാറായത്.
കര്‍ണാടകയുടെ മകള്‍ എന്ന നിലയിലും മാണ്ഡ്യയുടെ മരുമകള്‍ എന്ന നിലയിലുമാണ് താന്‍ ഭൂമി ദാനം ചെയ്യുന്നതെന്നും സുമതല അറിയിച്ചു. ജലസേചന സൗകര്യമുള്ള ഭൂമിയാണ് സുമലത ഗുരുവിന്റെ കുടുംബത്തിനായി വാഗ്ദാനം ചെയ്തിരിക്കുന്നത്. കര്‍ണാടകയുടെ വിവിധയിടങ്ങങ്ങളില്‍ നടന്നുകൊണ്ടിരുന്ന ഷൂട്ടിങ് നിര്‍ത്തിവച്ച് സിനിമാതാരങ്ങളും കഴിഞ്ഞദിവസം ഗുരുവിന്റെ സമാധി സ്ഥലത്തെത്തി സാധാരണക്കാര്‍ക്കൊപ്പം പ്രാര്‍ഥനകളില്‍ പങ്കെടുത്തു.ആറുമാസം മുന്‍പായിരുന്നു ഗുരുവിന്റെയും ഭാര്യ കലാവതിയുടെയും വിവാഹം. ഭാര്യ നാലുമാസം ഗര്‍ഭിണിയായിരിക്കുമ്പോഴായിരുന്നു ഗുരുവിന്റെ വീരമൃത്യു.
10 വര്‍ഷം കൂടി സൈന്യത്തില്‍ സേവനം ചെയ്യണമെന്നാണു ഭര്‍ത്താവ് ആഗ്രഹിച്ചതെന്നും തനിക്ക് കരസേനയില്‍ ചേര്‍ന്ന് സേവനം അനുഷ്ഠിക്കാനമെന്നുണ്ടെന്നും ഭാര്യ കലാവതി പറഞ്ഞു. ബിരുദധാരിയായ കലാവതിയെ എംഎയ്ക്കു ചേര്‍ക്കാനുള്ള ഒരുക്കത്തിലായിരുന്നു ഗുരു. ഗുരുവിന്റെ പിറക്കാനിരിക്കുന്ന കുഞ്ഞിനെയും മറ്റു ചെറുമക്കളെയും സൈന്യത്തില്‍ ചേര്‍ക്കുമെന്ന് ഗുരുവിന്റ മാതാപിതാക്കളും വ്യക്തമാക്കിയിരുന്നു.’എനിക്കൊരു മകന്‍ കൂടിയുണ്ട്. ദയവുചെയ്ത് അവനെക്കൂടി സൈന്യത്തിലെടുക്കുക.
കേന്ദ്രസര്‍ക്കാരിനോട് എനിക്കുള്ള അപേക്ഷ ഇതുമാത്രമാണ്. രാജ്യത്തിനുവേണ്ടി രണ്ടാമത്തെ മകനെയും ഞാനിതാ സമര്‍പ്പിക്കുന്നു..രാജ്യത്തിനു വേണ്ടി ജീവന്‍ ത്യജിച്ച മകനെയോര്‍ത്ത് എനിക്ക് അഭിമാനം മാത്രമേയുള്ളൂ” ഗുരുവിന്റെ അമ്മ ചിക്കൊലമ്മ പറയുന്നു. ഗുരുവിന്റെ അച്ഛന്‍ ഹൊന്നയ്യയും ചിക്കൊലമ്മയെ പിന്താങ്ങുന്നു. ഇപ്പോള്‍ ഹോം ഗാര്‍ഡായി ജോലി ചെയ്യുന്ന രണ്ടാമത്തെ മകന്‍ ആനന്ദിനെയും ഉടനെ സൈന്യത്തില്‍ ചേര്‍ക്കാന്‍ ഞാന്‍ തയാറാണ്. സിആര്‍പിഎഫില്‍ ചേര്‍ന്ന കാര്യം ഗുരു തുടക്കത്തില്‍ കുടുംബത്തില്‍ അറിയിച്ചിരുന്നില്ലെന്നു ചിക്കൊലമ്മ പറയുന്നു. പൊലീസില്‍ ചേരുന്നു എന്നാണ് ആദ്യം പറഞ്ഞിരുന്നത്. മാസങ്ങള്‍ പലതു കഴിഞ്ഞതിനുശേഷം മാത്രമാണ് മകന്‍ അതിര്‍ത്തി രക്ഷാസേനയിലാണ് ചേര്‍ന്നതെന്ന് കുടുംബം അറിയുന്നത്. ഗുരുവിന്റെ കുടുംബത്തിന് ഭൂമി നല്‍കിയ നടിയുടെ പ്രവൃത്തിയെ അഭിനന്ദിച്ച് നിരവധി ആളുകള്‍ രംഗത്തെത്തി.