അന്തരിച്ച നടന്‍ ജയന്റെ ബന്ധുവെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയ സീരിയല്‍ താരം കൂടിയായ ഉമ എന്ന പെണ്‍കുട്ടി വിവാദത്തില്‍. ഒരു പ്രമുഖ ചാനലിന്റെ പരിപാടിയില്‍ പങ്കെടുക്കവെ താന്‍ ജയന്റെ സഹോദരന്റെ മകളാണെന്ന് ഉമ പരിചയപ്പെടുത്തിയിരുന്നു. ജയനെ വല്യച്ഛന്‍ എന്ന് അഭിസംബോധന ചെയ്ത് സംസാരിച്ച ഉമ ജയന്റെ അമ്മയും തന്റെ അച്ഛന്റെ അമ്മയും സഹോദരങ്ങളുടെ മക്കളാണെന്നും പറഞ്ഞിരുന്നു. കൂടാതെ പ്രശസ്ത നടി ജയഭാരതി തന്റെ അച്ഛന്റെ കസിന്‍ ആണെന്നും ഉമ വെളിപ്പെടുത്തിയിരുന്നു.
എന്നാല്‍, പരിപാടി സംപ്രേക്ഷണം ചെയ്തതോടെ ഈ അവകാശവാദം തെറ്റാണെന്ന് ആരോപിച്ച് ജയന്റെ സഹോദരന്‍ സോമന്‍ നായരുടെ മകള്‍ ലക്ഷ്മി രംഗത്ത് വരികയായിരുന്നു. നടന്‍ ജയന് ഒരേയൊരു സഹോദരനെ ഉള്ളൂവെന്നും, ആ സഹോദരന് താന്‍ ഉള്‍പ്പടെ മൂന്ന് മക്കളാണെന്നും അതില്‍ ഒരാള്‍ സീരിയലിലും മറ്റും സജീവമായി പ്രവര്‍ത്തിക്കുന്ന നടന്‍ ആദിത്യനാണെന്നുമാണ് ലക്ഷ്മി പറഞ്ഞത്. ഇത് വരെ ഉമ എന്നൊരു വ്യക്തിയെ താന്‍ കണ്ടിട്ടില്ലെന്നും എന്തടിസ്ഥാനത്തിലാണ് അവര്‍ ഇത്തരം അവകാശവാദം ഉന്നയിക്കുന്നതെന്നും ലക്ഷ്മി ചോദിച്ചു. പരിപാടിയില്‍ ഉമ പറഞ്ഞിരുന്നത് ജയന്‍ മരിച്ചത് 1981 ലാണെന്നാണ്. എന്നാല്‍ ജയന്‍ മരിച്ചത് 1980 നവംബര്‍ 16 നാണെന്നും അത് പോലും അറിയാതെയാണ് ബന്ധുത്വം പറയുന്നതെന്ന് ലക്ഷ്മി പറയുന്നു.
ഇതോടെ ലക്ഷ്മിയുടെ ഈ ആരോപണങ്ങള്‍ പൂര്‍ണമായും നിഷേധിച്ചുകൊണ്ട് ഫേസ്ബുക്ക് ലൈവിലൂടെ സീരിയല്‍ താരം ഉമ നായര്‍വീണ്ടുമെത്തി. ലക്ഷ്മി എന്ന് പറയുന്ന പെണ്‍കുട്ടി കുടുംബത്തിന്റെ വേരുകളെക്കുറിച്ചൊന്നും അന്വേഷിക്കാതെയാണ് ഇത്തരം ആരോപണങ്ങളുമായി വന്നതെന്നും 27 വര്‍ഷമായി താന്‍ സീരിയല്‍ രംഗത്ത് വന്നിട്ട്. ഇതുവരെ ജയന്‍ എന്ന നടന്റെ ബന്ധുത്വം പറഞ്ഞ് അവസരം വാങ്ങാനോ ആളാകാനോ ശ്രമിച്ചിട്ടില്ലെന്നും ഉമ പറഞ്ഞു. ഒരുപക്ഷെ തന്റെ സ്ഥാനം നഷ്ടമാകുമോ എന്ന ഭയം മൂലമാകാം ലക്ഷ്മി ഇത്തരം പ്രതികരണം നടത്തിയത്. എന്നാല്‍ തനിക്ക് അങ്ങനെ ഒരു സ്ഥാനം ആവശ്യമില്ലെന്നും താന്‍ മാനഷ്ടക്കേസിന് പോയാല്‍ കോടതിയില്‍ ലക്ഷ്മി ഉത്തരം പറയേണ്ടി വരുമെന്നും ഉമ വ്യക്തമാക്കി.