ന്യൂഡൽഹി: അഭിനയം പാർലമെന്റിലും വേണോ ? കന്നി എംപിമാരുടെ ആദ്യ ചോദ്യം പാർലമെന്റിന് പുറത്തായിരുന്നു. തുർക്കിയിൽ ചെന്നു മിന്നുകെട്ടി വന്ന നവവധു നുസ്രത് ജഹാൻ റൂഹി തന്റെ ഉറ്റ തോഴി മിമി ചക്രവർത്തിയെ ക്യാമറ തിരക്കിൽ നിന്നൊഴിവാക്കി ചേർത്തു പിടിച്ചു കൊണ്ടു ചോദിച്ചതാണിത്.
പാർലമെന്റിന്റെ പടിയിൽ തൊട്ടു പ്രാർഥനയോടെ കയറിയ ചലച്ചിത്രതാരങ്ങൾ കാമറക്കണ്ണുകളിൽ മിന്നിത്തെളിഞ്ഞു. നുസ്രത്തിന്റെ വിവാഹത്തിനായി ഉറ്റ കൂട്ടുകാരിയായ മിമി ചക്രവർത്തിയും തുർക്കിയിലേക്കു പോയതിനാലാണ് മറ്റ് എംപിമാർക്കൊപ്പം ഇവർക്ക് സത്യപ്രതിജ്ഞ ചെയ്യാൻ കഴിയാതിരുന്നത്.
സദസിനെ ചെറുതായൊന്ന് അഭിസംബോധന ചെയ്യാനൊരുങ്ങിയ മിമിയെ ലോക്സഭാ സെക്രട്ടറി ജനറൽ സത്യവാചകം മാത്രം ചൊല്ലിയാൽ മതിയെന്നു പറഞ്ഞു വിലക്കി. തൊട്ടു പിന്നാലെതന്നെ സ്പീക്കറുടെ ചേംബറിൽ ചെന്ന് ഓം ബിർളയുടെ കാൽ തൊട്ടു വന്ദിക്കുകയും ചെയ്തു. വീണ്ടും നടുത്തളം ചുറ്റി വന്ന നുസ്രത്, ആഭ്യന്തര മന്ത്രി അമിത്ഷായുടെ മുന്നിലെത്തി നമസ്കാരം പറഞ്ഞു.
മിമി ചക്രവർത്തി സത്യവാചകം ചൊല്ലാനെത്തിയപ്പോൾ ഇവർക്കൊക്കെ ബിജെപിയിൽ ചേർന്നുകൂടേ എന്ന മന്ത്രി ഗിരിരാജ് സിംഗിന്റെ കമന്റ് ഒരൽപം ഉച്ചത്തിലായിപ്പോയി. സത്യപ്രതിജ്ഞയ്ക്കു മുന്പ് സഭയിലെത്തിയ ഇരുവരെയും പരിചയപ്പെടാനെത്തിയത് പ്രതിപക്ഷനിരയിൽനിന്നുള്ള കേരള എംപിമാരായിരുന്നു. ബെന്നി ബഹനാൻ ആണ് ആദ്യം പരിചയപ്പെട്ടത്.
ചോദ്യോത്തര വേള മുഴുവനും കേട്ടിരുന്ന നുസ്രത് ജഹാൻ റൂഹിക്കും മിമി ചക്രവർത്തിക്കും തൃണമൂൽ എംപി കല്യാണ് ബാനർജി സഭാനടപടിക്രമങ്ങൾ വിശദീകരിച്ചു കൊടുക്കുന്നുണ്ടായിരുന്നു. ഉച്ചയോടെ പാർലമെന്റിനു പുറത്തിറങ്ങിയ എംപിമാരെ വീണ്ടും മാധ്യമങ്ങളുടെ ക്യാമറകളും ചോദ്യങ്ങളും കൊണ്ടു വളഞ്ഞു. ഉന്തിലും തള്ളിലും പെട്ട് മിമി ചക്രവർത്തി മറിഞ്ഞു വീഴാൻ ഒരുങ്ങിയപ്പോൾ ഒരു കൈകൊണ്ട് ചേർത്തു പിടിച്ച നുസ്രത്ത് നിങ്ങൾ ഞങ്ങളെ ഇങ്ങനെ തള്ളിയിടല്ലേ ദയവ് ചെയ്ത് ഒന്നു മനസിലാക്കൂ എന്നു പറയുന്നുണ്ടായിരുന്നു.
പശ്ചിമബംഗാളിലെ ബസിർഹട്ടിൽനിന്നുള്ള എംപിയായ നുസ്രത് ജഹാന്റെ വിവാഹം കഴിഞ്ഞ ദിവസം തുർക്കിയിലെ ബോർഡം നഗരത്തിൽവച്ചായിരുന്നു. കോൽക്കത്തിയിലെ ടെക്സ്റ്റൈൽ വ്യവസായിയായ നിഖിൽ ജയിനാണ് ഭർത്താവ്. നിഖിലിന്റെ സ്ഥാപനത്തിന്റെ മോഡൽ കൂടിയായിരുന്നു നുസ്രത്. നുസ്രത് ജഹാന്റെ കന്നിയങ്കമായിരുന്നു. ബസിർഹാതിൽ 3.5 ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ബിജെപി സ്ഥാനാർഥി സായന്തൻ ബസുവിനെ തോൽപിച്ചത്.
മിമി ചക്രവർത്തി ജാദവ്പുരിൽനിന്നാണ് തെരഞ്ഞെടുക്കപ്പെട്ടത്. 2011ൽ പുറത്തിറങ്ങിയ ’ഷോത്രൂ’ എന്ന ആക്ഷൻ സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ നുസ്രത്ത്, 2010 ലെ മിസ് കോൽക്കത്ത ആയിരുന്നു. ഖോക 420, ഖിലാഡി, ഹർ ഹർ ബയോംകേഷ് ,പവർ, സുൽഫിക്കർ എന്നീ സിനിമകളിലെ അഭിനയം പ്രശംസ പിടിച്ചുപറ്റി. മിമി ചക്രവർത്തിക്കൊപ്പം ജമായ് 420, കെലോർ കിർത്തി എന്നീ സിനിമകളിൽ നുസ്രത് അഭിനയിച്ചിട്ടുണ്ട്.
സെബി മാത്യു