കൊച്ചി: സിനിമയ്ക്കുവേണ്ടി ചിത്രീകരിച്ച ദൃശ്യങ്ങള്‍ അശ്ലീല സൈറ്റുകളില്‍ ഉള്‍പ്പെടെ പ്രചരിപ്പിച്ച സംഭവത്തില്‍ ഡിജിപിക്ക് അടക്കം പരാതി നല്‍കിയിട്ടും നടപടിയുണ്ടായിട്ടില്ലെന്നു തുറന്നുപറഞ്ഞു നിയമ വിദ്യാര്‍നി കൂടിയായ യുവനടി.
സിനിമയിലെ സ്ത്രീകൂട്ടായ്മയായ ഡബ്ല്യുസിസിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന റഫ്യൂസ് ദ അബ്യൂസ് എന്ന കാമ്പയിന്റെ ഭാഗമായാണു ഈ വെളിപ്പെടുത്തല്‍.
14 ാം വയസില്‍ അഭിനയിച്ച മലയാള സിനിമയിലെ ദൃശ്യങ്ങളാണു മോശമാക്കി പ്രചരിപ്പിച്ചതെന്നു നടി വ്യക്തമാക്കുന്നു. സിനിമയ്ക്കുവേണ്ടി ഷൂട്ട് ചെയ്ത ഏതാനും ദൃശ്യങ്ങള്‍ തീര്‍ത്തും മോശം കുറിപ്പുകളോടെ പ്രചരിപ്പിക്കുകയായിരുന്നു.
താനും കുടുംബവും വര്‍ഷങ്ങളായി സമൂഹത്തിന്റെ അധിക്ഷേപം നേരിടുകയാണെന്നും ഇനിയും മോചിതരായിട്ടില്ലെന്നും ഫേസ്ബുക്കില്‍ പങ്കുവച്ച വീഡിയോയില്‍ പറയുന്നു.
ആ ദൃശ്യങ്ങള്‍ ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമില്‍നിന്നും നീക്കം ചെയ്യാന്‍വേണ്ടി സമീപിക്കാന്‍ പറ്റുന്ന എല്ലാ നിയമ സംവിധാനങ്ങളെയും സമീപിച്ചു.
പക്ഷേ ഇന്നുവരെ അതിനോട് പോസിറ്റീവ് പ്രതികരണം കിട്ടിയിട്ടില്ല. ഡിജിപി, എഡിജിപി എന്നിവര്‍ക്കടക്കം പരാതി കൊടുത്തിട്ടുണ്ട്. പക്ഷേ ഇതുവരെ നടപടി എടുത്തിട്ടില്ല.
നിര്‍മാതാവിനും സംവിധായകനും എഡിറ്റര്‍ക്കും മാത്രം ലഭ്യമായിരുന്ന വീഡിയോ എങ്ങനെ പബ്ലിക് പ്ലാറ്റ്ഫോമില്‍ ലീക്കായി എന്ന ചോദ്യത്തിന് പോലും ഉത്തരം നല്കാന് അവര്‍ക്ക് ആയിട്ടില്ല.
ഹൈക്കോടതിയില്‍ ഇപ്പോഴും ഒരു ഹര്‍ജി നിലനില്‍ക്കുന്നതായും ഇവർ വെളിപ്പെടുത്തുന്നു. ആന്റോ കടവേലിലിന്റെ നിര്‍മാണത്തില്‍ സതീഷ് അനന്തപുരി സംവിധാനം ചെയ്തതാണ് സിനിമ.
മറ്റൊരു താരത്തിനു പകരമായിട്ടാണു വേഷം ലഭിച്ചത്. സ്വന്തം സഹോദരി നശിപ്പിക്കപ്പെടുന്നതുകണ്ട് ഹീറോയിന് കഥാപാത്രം മനംനൊന്ത് ആത്മഹത്യ ചെയ്യുന്നതാണു ചിത്രം.
നിര്‍ഭാഗ്യവശാല്‍ അതിലെ അനിയത്തി താനായിരുന്നുവെന്നും സ്വന്തം ജീവിതത്തില്‍ ആത്മഹത്യ ചെയ്യേണ്ട അവസ്ഥയില്‍ എത്തിപ്പെട്ടതും താനാണെന്നുമാണു വെളിപ്പെടുത്തല്‍.