ശബരിമല ദര്‍ശനത്തിനെത്തിയ ആക്ടിവിസ്റ്റ് ബിന്ദു അമ്മിണിയ്ക്കെതിരേ കുരുമുളക് സ്പ്രേ ആക്രമണം നടന്നത് വലിയ വാര്‍ത്തയായിരുന്നു. ഐജി ഓഫീസിന് മുന്നില്‍വെച്ച് ഒരാള്‍ ബിന്ദുവിന്റെ നേരെ പെപ്പര്‍ സ്പ്രേ അഥവാ കുരുമുളക് സ്പ്രേ ചീറ്റിക്കുകയായിരുന്നു. ഇയാളെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇപ്പോള്‍ പെപ്പര്‍ സ്പ്രേ യഥാര്‍ഥത്തില്‍ എന്താണെന്ന് വിശദീകരിക്കുകയാണ് സുരേഷ് സി പിള്ള. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇദ്ദേഹം ഇത് വിശദീകരിക്കുന്നത്…
സുരേഷ് സി പിള്ളയുടെ ഫേസ്ബുക്ക് കുറിപ്പ്;
പെപ്പര്‍ സ്പ്രേ ഇന്ന് വാര്‍ത്തകളില്‍ ഉണ്ടല്ലോ? ശരിക്കും എന്താണ് പെപ്പര്‍ സ്പ്രേ?
പെപ്പര്‍ എന്നാല്‍ കുരുമുളക് എന്ന് പെട്ടെന്ന് തോന്നുമെങ്കിലും ഇതിന് കുരുമുളകും ആയി നേരിട്ടു ബന്ധമില്ല.
ചില്ലി പെപ്പര്‍ അല്ലെങ്കില്‍ ‘പച്ച മുളക്/ കാന്താരി മുളക്’ ഇവയില്‍ കാണുന്ന Capsaicin (8-methyl-N-vanillyl-6-nonenamide- Chemical formula C18H27NO3) എന്ന കെമിക്കല്‍ ആണ് മുളകിന് എരിവ് നല്‍കുന്നത്.
Oleoresin capsicum എന്ന തരം മുളകില്‍ നിന്ന് ഇത് ഉണ്ടാക്കുന്നത്. എരിവ് എന്നത് സ്കിന്നില്‍ ആകുമ്പോള്‍ അത് പുകച്ചിലും, ചൊറിച്ചിലും ആയി മാറും.
Oleoresin capsicum പൊടിച്ച് അതില്‍ നിന്നും ഈതൈല്‍ ആല്‍ക്കഹോള്‍ ഉപയോഗിച്ച് ആണ് ഇതില്‍ നിന്നും 8-methyl-N-vanillyl-6-nonenamide വേര് തിരിച്ചെടുക്കുന്നത്. ഈ കെമിക്കല്‍ വെള്ളത്തില്‍ ലയിക്കില്ല, അതിനാല്‍ പ്രൊപ്പിലീന്‍ ഗ്ലൈക്കോള്‍ എന്ന കെമിക്കല്‍ ഉപയോഗിച്ചാണ് വെള്ളത്തില്‍ കലര്‍ത്തി സ്പ്രേ പോലെ ആകുന്നത്. വളരെ കുറഞ്ഞ അളവില്‍ 0.18% മുതല്‍ 1.33% Capsaicin മാത്രമേ പെപ്പര്‍ സ്പ്രേ യില്‍ സാധാരണ കാണൂ. OC percentage ആണ് സാധരണ ഇതിന്റെ അളവ് കാണിക്കാന്‍ ഉപയോഗിക്കുന്ന യൂണിറ്റ്. Capsaicin എത്ര ഉണ്ടെന്നല്ല, മറിച്ച് എത്ര അളവ് മുളക് (oleoresin capsicum) ഉപയോഗിച്ചു എന്നാണ് ഇത് കാണിക്കുന്നത്.
എന്താണ് ഇതിന്റെ കളര്‍?
ഇതിന് സാധാരണ പച്ച വെള്ളം പോലെ തെളി നിറം ആണ്. സ്പ്രേ ആകുമ്പോള്‍ ‘മിസ്റ്റ്’ പോലെ. നിര്‍മ്മാതാക്കള്‍ പ്രത്യേകമായി എന്തെങ്കിലും കളര്‍ ചേര്‍ത്താല്‍ എ കളറില്‍ ആവും പെപ്പര്‍ സ്പ്രേ.
ഇത് മുഖത്തു വീണാല്‍ എന്ത് ചെയ്യണം?
പെപ്പര്‍ സ്പ്രേ വീണാല്‍, മുഖത്ത്, കണ്ണില്‍, തൊണ്ടയില്‍, മൂക്കില്‍ ഒക്കെ അതിയായ പുകച്ചിലും ചൊറിച്ചിലും ഉണ്ടാക്കും. 8-methyl-N-vanillyl-6-nonenamide വെള്ളത്തില്‍ ലയിക്കില്ല എന്ന് പറഞ്ഞല്ലോ? അപ്പോള്‍ വെള്ളം ഒഴിച്ചു കഴുകിയാല്‍ ഈ കെമിക്കല്‍ കണ്ണില്‍ നിന്നും മാറ്റാന്‍ കഴിയില്ല. കണ്ണില്‍ നിന്നും പോകാന്‍ തുടര്‍ച്ചയായി കണ്ണുകള്‍ അടച്ചും തുറന്നും കണ്ണുനീര് വെളിയില്‍ കളയുന്നത് കണ്ണില്‍ നിന്നും ഈ കെമിക്കല്‍ കൂടുതലായി പുറത്തു കളയാന്‍ സഹായിക്കും. കഴിവതും കൈകള്‍ കൊണ്ട് തടവുകയോ, തിരുമ്മുകയോ ചെയ്യാതെ ഇരിക്കുക. ഇത് മറ്റുള്ള ഭാഗങ്ങളിലേക്ക് കൂടി ഈ കെമിക്കല്‍ പടരാന്‍ കാരണം ആകും. ഷാംപൂ, പശുവിന് പാല് ഇവയൊക്കെ ഒഴിച്ചു കഴുകിയിട്ടും നീറ്റല്‍ കുറഞ്ഞില്ല എന്ന് 2008 ലെ ഒരു പഠനത്തില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ( ‘A randomized controlled trial comparing treatment regimens for acute pain for topical oleoresin capsaicin (pepper spray) exposure in adult volunteers.’ Prehospital Emergency Care 12, no. 4 (2008): 432-437. Barry, James D., Robert Hennessy, and John G. McManus Jr.). താല്ക്കാലികമായ നീറ്റല്‍, പുകച്ചില്‍ തുടങ്ങിയ അസ്വസ്ഥതകള്‍ ഉണ്ടാകുമെങ്കിലും ആരോഗ്യകരമായ വേറെ പ്രശനങ്ങള്‍ ഒന്നും ഒന്നോ രണ്ടോ പ്രാവശ്യം പെപ്പര്‍ സ്പ്രേ ശരീരത്തു വീണത് കൊണ്ട് പ്രശ്നമില്ല എന്നും പഠനങ്ങള്‍ കാണിക്കുന്നു. നീറ്റല്‍ ചൊറിച്ചില്‍ ഇവയൊക്കെ, പെപ്പര്‍ സ്പ്രേ യുടെ കെമിക്കല്‍ അളവ് അനുസരിച്ചു, ഒന്നോ രണ്ടോ മണിക്കൂര്‍ നീണ്ടു നില്ക്കാം. കണ്ണിലെ നീറ്റല്‍ ഒരു ദിവസത്തിനകം മാറും. (കൂടുതല്‍ വായനയ്ക്ക്: Lee, R.J., 1994. Personal defense sprays: effects and management of exposure; Zollman, T.M., Bragg, R.M. and Harrison, D.A., 2000. Clinical effects of oleoresin capsicum (pepper spray) on the human cornea and conjunctiva. Ophthalmology, 107(12), pp.2186-2189.).
എഴുതിയത് സുരേഷ് സി പിള്ള