ആലുവ : സിപിഐയുടെ അഭിഭാഷക സംഘടനാ നേതാവും രാഷ്ട്രീയ നിരീക്ഷകനുമായ അഡ്വ. എ ജയശങ്കറിനെതിരേ സിപിഐ നടപടി എടുത്തേക്കും. ഇന്ന് സിപിഐ ജില്ലാ ഓഫീസിൽ ചേരുന്ന ജയശങ്കർ പാർട്ടി അംഗമായ അഭിഭാഷക ബ്രാഞ്ച് നിർവാഹക സമിതിയോഗമാണ് തീരുമാനമെടുക്കുക.
സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ വരെ വെല്ലുവിളിക്കുന്ന ചാനൽ ചർച്ചയിലെ നിലപാടുകളാണ് ജയശങ്കറിന് വിനയായത്. ദൃശ്യ മാധ്യമങ്ങളിലൂടെയും സമൂഹ മാധ്യമങ്ങളിലൂടെയും നിരന്തരം പാർട്ടി പരിപാടികളെയും പാർട്ടി നയങ്ങളെയും അപകീർത്തിപ്പെടുത്തുന്നതായി സിപിഐ നേതൃത്വം കണ്ടെത്തിയിട്ടുണ്ട്.
പാർട്ടി അംഗമെന്ന നിലയിൽ പൊതുവേദികളിൽ പാർട്ടിക്കെതിരേ നടത്തിയ പ്രസ്താവനകൾ പാർട്ടി അച്ചടക്ക ലംഘനമാണെന്ന് ജയശങ്കറിനു പാർട്ടി അംഗത്വമുള്ള അഭിഭാഷക ബ്രാഞ്ച് നിർവാഹക സമിതിയോഗവും കഴിഞ്ഞ ദിവസം വിലയിരുത്തി.
ഇതിന്റെ അടിസ്ഥാനത്തിൻ ജയശങ്കറിന് വിശദീകരണ നോട്ടീസ് നൽകി. ഇന്ന് വൈകിട്ട് സിപിഐ ജില്ലാ കമ്മിറ്റി ഓഫീസിൽ ചേരുന്ന ബ്രാഞ്ച് ജനറൽ ബോഡി യോഗത്തിൽ നേരിട്ട് ഹാജരായി വിശദീകരണം നൽകണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുള്ളത്.
പാർട്ടിക്കും എൽഡിഎഫിനും അവമതിപ്പുണ്ടാക്കുന്ന തരത്തിൽ പ്രവർത്തിക്കുന്ന ജയശങ്കറിനെ സിപിഐയിൽനിന്നു പുറത്താക്കണമെന്നാണ് ഭൂരിപക്ഷ അംഗങ്ങളുടെ നിലപാട്.