സ്വന്തം ലേഖകൻ
തലശേരി: സംസ്ഥാന ബാലാവകാശ കമ്മീഷന് ചെയര്‍മാനായി തലശേരി വടക്കുമ്പാട് സ്വദേശി അഡ്വ.കെ.വി മനോജ് നിയമിതനാകും. മനോജിന്റെ നിയമനത്തെ അട്ടിമറിക്കാന്‍ തിരുവനന്തപുരം ലോബി സജീവമായി രംഗത്തെത്തിയിട്ടുണ്ട്.
തിരുവനന്തപുരത്തെ ബാലവകാശ കമ്മീഷന് ഓഫീസിലെ മുന്‍ ജീവനക്കാരന്റെ നേതൃത്വത്തിലാണ് മനോജിന്റെ നിയമനത്തെ അട്ടിമറിക്കാന്‍ നീക്കം നടക്കുന്നത്.
ബാലാവകാശ കമ്മീഷന് ചെയര്‍പേഴ്സണ്‍ പോസ്റ്റിലേക്ക് അപേക്ഷ നല്കിയ തലശേരി സെഷന്‍സ് ജഡ്ജിയായി വിരമിച്ച പാലക്കാട് സ്വദേശിനി ടി.ഇന്ദിരക്കെതിരേയും ഈ ലോബി സജീവമായി രംഗത്തെത്തിയിരുന്നു. ടി. ഇന്ദിര ക്രമപ്രകാരമല്ല അപേക്ഷ നല്‍കിയതെന്നായിരുന്നു പ്രചാരണം.
27 പേരാണ് അവസാന ഘട്ടത്തില്‍ ഈ തസ്തികയിലേക്കുള്ള ഇന്റർവ്യൂവിൽ വിവിധ ജില്ലകളില്‍ പങ്കെടുത്തത്. ആദ്യ ഘട്ടങ്ങളില്‍ ടി. ഇന്ദിരയുടെ പേരാണ് പരിഗണനയിലുണ്ടായിരുന്നത്. ഇവര്‍ക്കെതിരെ ശക്തമായ നീക്കമാണ് നടന്നത്.
ഒടുവില്‍ മനോജിനെ നിയമിക്കുമെന്ന വിവരം പുറത്ത് വന്നപ്പോഴാണ് മനോജിനെതിരെ ശക്തമായ നീക്കം ആരംഭിച്ചിട്ടുള്ളത്. തലശേരി ബാറിലെ അഭിഭാഷകനും മൂന്ന് വര്‍ഷക്കാലം സഹകരണ ഓംബുഡ്സ്മാനുമായിരുന്ന മനോജ് ആറ് വര്‍ഷം റബ്കോയുടെ ലീഗല്‍ അഡ്വൈസര്‍ ആയിരുന്നു.
മുഖ്യമന്ത്രിയുടെ നിയോജക മണ്ഡത്തിലെ നിന്നുള്ള പരേതനായ പ്രമുഖ സിപിഎം നേതാവിന്റെ മകനുമാണ് മനോജ്. വടക്കന്‍ ജില്ലയില്‍ സര്‍വീസിലുള്ള ഒരു ജില്ലാ ജഡ്ജിയെ ബാലാവകാശ കമ്മീഷന് ചെയര്മാന് പോ കൊണ്ടു വരാനാണ് തിരുവനന്തപുരം ലോബി ഇപ്പോള്‍ ശ്രമിക്കന്നതെന്നാണ് കമ്മീഷന് കേന്ദ്രങ്ങളുമായി ബന്ധപ്പെട്ടവര്‍ പറയുന്നത്.
ഈ ജഡ്ജി സേവനമനുഷ്ഠിച്ച ഒരു കോടതിയിലെ ബാര്‍ അസോസിയേഷന് ഇദ്ദേഹത്തിനെതിരെ പ്രമേയം പാസാക്കുകയും ഹൈക്കോടതിക്ക് പരാതി നല്‍കുകയും ചെയ്തിരുന്നു.
അഭിഭാഷകനും സബ് ജഡ്ജിയായിരുന്ന ഭാര്യയും തമ്മിലുള്ള കുടുംബ പ്രശ്നത്തില്‍ ഈ ന്യായാധിപന് ഇടപെടുകയും ഇത് സംബന്ധിച്ച് ഭര്‍ത്താവായ അഭിഭാഷകന് നവമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത കുറിപ്പ് വൈറലാകുകയും ചെയ്തിരുന്നു.