കൊച്ചി: എറണാകുളം പത്മ ജംഗ്ഷനിലെ കെട്ടിടത്തിൽനിന്നു വീണ് ആരും തിരിഞ്ഞുനോക്കാതെ കിടന്നിരുന്ന തൃശൂർ സ്വദേശി ഷാജിയെ ആശുപത്രിയിലെത്തിക്കാൻ മുൻകൈയെടുത്തത് ഹൈക്കോടതി അഭിഭാഷകയായ രഞ്ജിനി. പത്മ ജംഗ്ഷന് സമീപം താമസിക്കുന്ന രഞ്ജിനി ഒരു ചടങ്ങിൽ പങ്കെടുക്കാനായി വൈകുന്നേരം 6.45 ഓടെ മെട്രോ സ്റ്റേഷനിലേക്കു പോകുന്നതിനിടെയാണ് കെട്ടിടത്തിൽ നിന്നും വീണു കിടക്കുന്ന ഷാജിയെ കാണുന്നത്.
തലയ്ക്കും കാലിനും ഗുരുതരപരിക്കേറ്റ അവസ്ഥയിലായിരുന്നു ഷാജി. സമീപത്തുണ്ടായിരുന്ന ആരും തന്നെ അദ്ദേഹത്തെ ആശുപത്രിയിലെത്തിക്കാനുള്ള ശ്രമം നടത്തിയില്ലെന്ന് രഞ്ജിനി പറഞ്ഞു. കൂടി നിന്നിരുന്ന ആളുകളോടും വണ്ടിക്കാരോടും ഇദ്ദേഹത്തെ ആശുപത്രിയിലെത്തിക്കാൻ അപേക്ഷിച്ചെങ്കിലും ആരും ചെവിക്കൊണ്ടില്ല.
തനിക്ക് പരിചയമുള്ള ഒരു സ്വകാര്യ ആശുപത്രിയിൽ ബന്ധപ്പെട്ടെങ്കിലും അവിടെ ആ സമയം ആംബുലൻസില്ലെന്ന മറുപടിയാണ് ലഭിച്ചത്. തുടർന്ന് ലഭിച്ച ഒരു കാറിൽ ഷാജിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനുള്ള സാഹചര്യമുണ്ടാക്കുകയായിരുന്നു. അപകടത്തിൽപ്പെട്ട മനുഷ്യന്റെ കുടുംബത്തിലുള്ളവരെക്കുറിച്ചാണ് ആ നിമിഷം താൻ ചിന്തിച്ചതെന്നും രഞ്ജിനി പറഞ്ഞു.