മലപ്പുറം: കേന്ദ്ര സർക്കാരിന്റെ ഗോവധ നിരോധനത്തിനു സുപ്രീം കോടതിയിൽ നിന്നു സ്റ്റേ ലഭിക്കാൻ പ്രയത്നിച്ച അഭിഭാഷകരിൽ മലപ്പുറം സ്വദേശിയും. എസ്എഫ്ഐ മലപ്പുറം ജില്ലാ കമ്മിറ്റി മുൻ പ്രസിഡന്റും സംസ്ഥാന ഭാരവാഹിയും ആയിരുന്ന കുറ്റിപ്പുറം സ്വദേശി അഡ്വക്കറ്റ് സുഭാഷ് ചന്ദ്രനാണ് കിസാൻസഭയ്ക്കായി സുപ്രീംകോടതിയിൽ ഹാജരായി സ്റ്റേ ഉത്തരവ് നേടിയെടുത്തത്. കാലിച്ചന്തകൾ വഴി കന്നുകാലികളെ വിൽക്കുന്നതു നിയന്ത്രിക്കുന്ന മെയ് 29-ലെ കേന്ദ്രസർക്കാർ വിജ്ഞാപനമാണ് സുപ്രീം കോടതി ഇന്നലെ മൂന്നു മാസത്തേക്ക് സ്റ്റേ ചെയ്തത്.
2003 മുതൽ 2007 വരെ എസ്എഫ്ഐയുടെ മലപ്പുറം ജില്ലാ പ്രസിഡന്റായിരുന്നു അഡ്വ. സുഭാഷ്ചന്ദ്രൻ. 2006 മുതൽ സംസ്ഥാന ഭാരവാഹിയായും പ്രവർത്തിച്ചു. 2009-ൽ കൈരളി ചാനലിന്റെ ഡൽഹിയിലെ ലീഗൽ റിപ്പോർട്ടറായി. 2013മുതൽ വക്കീലായി സുപ്രീം കോടതിയിൽ ഇദ്ദേഹം പ്രവർത്തനം തുടങ്ങി.
2016-ൽ ഗോസംരക്ഷണത്തിന്റെ പേരിൽ നടന്ന കൊലപാതകങ്ങൾക്കെതിരെ ദേശീയ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചാണ് അഡ്വ. സുഭാഷ്ചന്ദ്രൻ ഈ മേഖലയിൽ പോരാട്ടം ആരംഭിച്ചത്. ഈ ഇടപെടലിന്റെ ഫലമായി ഗോസംരക്ഷണവുമായി ബന്ധപ്പെട്ട ആക്രമണങ്ങളിൽ ശക്തമായ നടപടി കൈക്കൊള്ളാൻ മനുഷ്യാവകാശ കമ്മീഷൻ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനു നിർദേശം നൽകി.
എൻഡോസൾഫാൻ വിഷയത്തിലടക്കം നിയമപരമായ ഇടപെടലുകൾ അഡ്വ. സുഭാഷ്ചന്ദ്രൻ നടത്തിയിരുന്നു. കിസാൻസഭ അധികൃതർ ബന്ധപ്പെട്ടതനുസരിച്ചാണ് കർഷകരുടെ ബുദ്ധിമുട്ടുകൾ മനസിലാക്കി കന്നുകാലി വിൽപ്പന നിയന്ത്രണവുമായി ബന്ധപ്പെട്ടു സുപ്രീം കോടതിയിൽ ഹാജരായത്.
സുഭാഷ്ചന്ദ്രൻ ഉന്നയിച്ച കണക്കുകളും വസ്തുതകളും കോടതിക്ക് ബോധ്യമായതോടെയാണ് സ്റ്റേ ചെയ്തുള്ള മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീം കോടതിയും ആവർത്തിച്ചത്. ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയന്റെ ഡൽഹി സംസ്ഥാന എക്സിക്യൂട്ടീവ് അംഗവും ഡിവൈഎഫ്ഐയുടെ ലീഗൽ സെൽ നേതാവുമാണ് അഡ്വ. സുഭാഷ് ചന്ദ്രൻ.