പുൽപ്പള്ളി: ബാങ്ക് ഉദ്യോഗസ്ഥർ വായ്പ അടയ്ക്കാൻ സാവകാശം തന്നിരുവെങ്കിൽ തന്റെ ഭർത്താവ് ആത്മഹത്യ ചെയ്യില്ലായിരുവെന്ന് ഇരുളത്ത് ആത്മഹത്യ ചെയ്ത ടോമിയുടെ ഭാര്യ പുഷ്പ.
ബാങ്ക് അധികൃതരോട് ബാങ്കിലെത്തി കേണപേക്ഷിച്ചിട്ടും ചെവികൊണ്ടില്ലെന്നും ബാങ്കിലെ കുടിശിക 16 ലക്ഷം രൂപ അടച്ചാൽ തന്റെ ഭർത്താവിനെ തിരിച്ചു തരാൻ പറ്റുമോയെന്നും പുഷ്പ പറഞ്ഞു.
മൂന്ന് ലക്ഷം രുപയുമായി ബാങ്കിലെത്തിയിട്ടും ജപ്തി നടപടിയിൽ നിന്ന് പിൻമാറാതെ ബാങ്ക് റിക്കവറി ഓഫീസർമാർ ജപ്തി നടപടികളുമായി മുന്നോട്ടു പോയതാണ് ഭർത്താവ് ആത്മഹത്യ ചെയ്യാൻ കാരണമായത്.
ജപ്തി ഒഴിവാക്കാൻ ബന്ധുക്കളിൽ നിന്നും നാട്ടുകാരിൽ നിന്നും സ്വർണം വാങ്ങി പണയം വച്ചാണ് നാല് ലക്ഷം രൂപ ബാങ്കിൽ അടച്ചത്.
മൂന്ന് ലക്ഷം രൂപ ബാങ്കിൽ അടച്ചിട്ടും നാല് ലക്ഷം രൂപ അടച്ചാൽ മാത്രമേ ജപ്തി നടപടികളിൽ നിന്ന് പിൻമാറുകയുള്ളുവെന്ന് കടുംപിടിത്തം പിടിച്ചതും ഭർത്താവ് ടോമിയെ വേദനിപ്പിച്ചതായും പുഷ്പ പറഞ്ഞു.
ടോമിയുടെ ആത്മഹത്യ ബാങ്ക് ഉദ്യോഗസ്ഥരുടെ ഭീഷണിമൂലം: എംഎൽഎ
പുൽപ്പള്ളി: അഡ്വ.ടോമിയുടെ ആത്മഹത്യ ഉദ്യോഗസ്ഥരുടെ കടുത്ത ഭീഷണി മൂലമാണ് ടോമി ആത്മഹത്യ ചെയ്തതെന്ന് ഐ.സി. ബാലകൃഷ്ണൻ എംഎൽഎ.
ഉദ്യോഗസ്ഥരുടെ കിരാത നടപടി ടോമിയെ വേദനിപ്പിച്ചുവെന്നു മാത്രമല്ല നാട്ടുകാരും പൊതു പ്രവർത്തകരും ലോണ് അടയ്ക്കുന്നതിന് സാവകാശം ചോദിച്ചിട്ടും അത് കൊടുക്കാത്തതിലും മനംനൊന്താണ് ടോമിയുടെ മരണം.
ടോമിയുടെ കുടുംബത്തിന്റെ സംരക്ഷണം സർക്കാർ ഏറ്റെടുക്കണം. മഹാപ്രളയവും കോവിഡും മൂലം ജില്ലയിലെ കർഷകർ കടുത്ത പ്രതിസന്ധി നേരിടുന്ന ഈ സാഹചര്യത്തിൽ ബാങ്കുകൾ എടുത്ത ഇത്തരം നടപടി അനുവദിക്കാവില്ലെന്നും ബാങ്ക് അധികൃതരുടെയും പോലീസിന്റെയും കിരാത നടപടിയാണ് ടോമിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നും ടോമിയുടെ കുടുംബാംഗങ്ങളെ സന്ദർശിച്ച ശേഷം എംഎൽഎ പറഞ്ഞു.
പ്രതിഷേധം ശക്തമാക്കും
പുൽപ്പള്ളി: ജപ്തിയെ തുടർന്ന് ഇരുളത്തെ അഭിഭാഷകൻ മുണ്ടോട്ടുചുണ്ടയിൽ ടോമി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഉത്തരവാദികളായവർക്കെതിരേ നടപടി സ്വീകരിക്കണമെന്നും ബാങ്ക് ടോമിയുടെ ബാങ്ക് വായ്പ പൂർണമായും എഴുതി തള്ളണമെന്നും ആവശ്യപ്പെട്ട് ബാങ്കിന് മുന്നിൽ പ്രതിഷേധം ശക്തമാക്കാൻ രാഷ്ട്രീയ പാർട്ടികളും കർഷക സംഘടനകളും തീരുമാനിച്ചു.
ടോമിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്നും പ്രശ്നത്തിന് പരിഹാരം ഉണ്ടാകുവരെ സൗത്ത് ഇന്ത്യൻ ബാങ്കിന് മുന്നിൽ സമരം ശക്തമാക്കാനും തീരുമാനിച്ചു.
പ്രശ്നത്തിന് പരിഹാരം ഉണ്ടായാൽ മാത്രമേ ബാങ്ക് തുറക്കാൻ അനുവദിക്കുകയുള്ളുവെന്ന നിലപാടിലാണ് രാഷ്ട്രീയ പാർട്ടികൾ. ഇന്ന് ബാങ്കിലേക്ക് എഫ്ആർഎഫ്, ഡിവൈഎഫ്ഐ തുടങ്ങിയ സംഘടനകൾക്കു പുറമേ വിവിധ സംഘടനകളും ബാങ്കിന് മുന്നിൽ സമരം ശക്തമാക്കാനുള്ള തയാറെടുപ്പിലാണ്.
ടോമി ആത്മഹത്യ ചെയ്ത സംഭവം മനുഷ്യാവകാശ കമ്മീഷൻ കേസ് എടുത്തതോടെ കോടതി വഴി നിയമ നടപടിയുമായി മുന്നോട്ടു പോകാനുള്ള തയാറെടുപ്പിലാണ് ആക്ഷൻ കമ്മിറ്റിയും യുവജന സംഘടനകളും കർഷക സംഘടനകളും. വരും ദിവസങ്ങളിൽ ബാങ്കിലേക്ക് മാർച്ച് നടത്തുമെന്ന് നേതാക്കൾ പറഞ്ഞു.
ആത്മഹത്യക്ക് പ്രേരിപ്പിക്കുന്ന ബാങ്ക് സമീപനം മാറ്റണം: സ്വതന്ത്ര കർഷക സംഘം
കൽപ്പറ്റ: ബാങ്ക് വായ്പാ കുടിശികയുടെ പേരിൽ വായ്പക്കാരെ ആത്മഹത്യക്ക് പ്രേരിപ്പിക്കുന്ന നടപടികളിൽ നിന്നും ബാങ്ക് അധികൃതരെ പിൻതിരിപ്പിക്കാൻ സർക്കാർ ഇടപെടണമെന്ന് സ്വതന്ത്ര കർഷക സംഘം ജില്ലാ ജനറൽ സെക്രട്ടറി പി.കെ. അബ്ദുൾ അസീസ് ആവശ്യപ്പെട്ടു.
ബാങ്ക് ജപ്തി നീക്കത്തിൽ മനംനൊന്താണ് മുൻ അഡീഷണൽ പബ്ലിക് പോസിക്യൂട്ടർ ഇരുളത്തെ മുണ്ടോട്ടുചുണ്ടയിൽ ടോമി ആത്മഹത്യ ചെയ്തത്. കഴിഞ്ഞ മാസം തിരുനെല്ലിയിൽ ബാങ്ക് പീഡനം കാരണം ഒരു യുവ കർഷകനും ആത്മഹത്യ ചെയ്തിരുന്നു.
ഇടപാടുകാരുടെ പലിശയും കൂട്ടുപലിശയും പിഴ പലിശയും വാങ്ങി സന്പന്നമായി വളർന്ന ധനകാര്യ സ്ഥാപനങ്ങളെല്ലാം ഇടപാടുകാർ അനുഭവിക്കുന്ന പ്രതിസന്ധി കാലത്ത് അവരെ കടുത്ത പീഡനങ്ങൾക്ക് വിധേയമാക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ഇടപാടുകാരെ ദ്രോഹിക്കുന്ന ബാങ്ക് സമീപനത്തിൽ മാറ്റം വരണം. അല്ലാത്ത പക്ഷം ബാങ്കുകൾ വലിയ പ്രക്ഷോഭം നേരിടേണ്ടി വരും. വയനാട് ആത്മഹത്യയുടെ നാടായി മാറാതിരിക്കാൻ സർക്കാർ ഉണർന്ന് പ്രവർത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.