സ്വന്തംലേഖകൻ
തൃശൂർ: ഏടാകൂടത്തിന്റെ കാര്യമൊന്നും ഈ അധ്യാപകനോടു പറയേണ്ട. ഏത് ഏടാകൂടമായാലും അതൊക്കെ നിസാര സംഭവമാണ് ഈ മാഷിന്. ഏടാകൂടം സോൾവ് ചെയ്യുക മാത്രമല്ല പുതിയവ നിർമിക്കുകകൂടി ചെയ്യും.
അതാണ് അളഗപ്പനഗർ ത്യാഗരാജാർ പോളിടെക്നിക്കിലെ കാർപെന്റർ വിഭാഗം അധ്യാപകനായ തലോർ സ്വദേശി വടക്കേത്തല വെമ്മത്ത് ജോസ് മകൻ വർഗീസ്. ഒന്നും രണ്ടുമല്ല 25 ഏടാകൂടങ്ങളാണു മാഷ് നിർമിച്ചിരിക്കുന്നത്.
മൂന്നു മുതൽ 99 പീസുകൾ വരെയുള്ള ഏടാകൂടങ്ങൾ സ്വന്തമായി നിർമിച്ചിട്ടുണ്ട്. അവയൊക്കെ ശരിയാക്കാനും പഠിച്ചിട്ടുണ്ട്. ഇപ്പോൾ മാഷിന്റെ ഏടാകൂടങ്ങൾ ശരിയാക്കാനുള്ള ശ്രമത്തിലാണ് കുട്ടികൾ.
ന്ധദുർഘടം പിടിച്ച കാര്യങ്ങൾ’ എന്ന അർഥത്തിലാണ് ഏടാകൂടം എന്ന വാക്ക് നമ്മുടെ മനസിലേക്കു വരിക. ഏടാകൂടം എന്നത് പുരാതന കാലഘട്ടത്തിലെ ഒരു കളിക്കോപ്പ് ആയിരുന്നു.
ബുദ്ധിപൂർവമായ വ്യായാമത്തിനു വേണ്ടി പഴയ കാലത്തുപയോഗിച്ചിരുന്ന ഒരു കളിപ്പാട്ടം. അഴിച്ചെടുത്താൽ വീണ്ടും കൂട്ടിയോജിപ്പിക്കാൻ ഏറെ പ്രയാസപ്പെടുന്ന പലക കഷണങ്ങൾ ചേർത്തുവച്ച ഒരു കളിപ്പാട്ടം.
ചിലത് അഴിച്ചുമാറ്റാനും വളരെ ബുദ്ധിമുട്ടുള്ളതാണ്. നല്ല ക്ഷമയും, ഏകാഗ്രതയും, ബുദ്ധിയും, ആലോചനയും ആവശ്യമുള്ള ഈ കരകൗശലവിദ്യയുടെ കൂട്ടിച്ചേർക്കൽ പരാജയപ്പെട്ടാൽ അപമാനമായി കരുതിയിരുന്ന ഒരു കാലഘട്ടമുണ്ടായിരുന്നു.
ഒരിക്കൽ ഒരു സഹപ്രവർത്തകൻ കൊണ്ടുവന്ന ഏടാകൂടം വർഗീസ് മാഷിൽ കൗതുകമുണർത്തുകയും ലോക് ഡൗണ്കാലത്തെ ഇടവേളയിൽ യൂട്യൂബ് പാഠശാലയാക്കി ഏടാകൂടങ്ങൾ നിർമിച്ചു തുടങ്ങുകയുമായിരുന്നു.
അന്യം നിന്നുപോയ ഏടാകൂടത്തെ പുതുതലമുറയിലേക്ക് എത്തിക്കുകയെന്നതാണ് തന്റെ ദൗത്യമെന്ന് വർഗീസ് മാഷ് പറഞ്ഞു.
ഏടാകൂടംപ്രദർശനം
അളഗപ്പനഗർ പോളിടെക്നിക് കോളജിൽ വർഗീസ് മാഷ് നിർമിച്ച ഏടാകൂടങ്ങളുടെ പ്രദർശനം അധ്യാപകർക്കും വിദ്യാർഥികൾക്കും അത്ഭുതവും കൗതുകവുമുണർത്തി.
പ്രദർശനവും ശില്പശാലയും ദീപിക മാർക്കറ്റിംഗ് കോഓർഡിനേറ്റർ ഫാ. ജിയോ തെക്കിനിയത്ത് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ അന്ന ടെർജി മുഖ്യ പ്രഭാഷണം നടത്തി.