കോട്ടയം: ഏഴു വർഷമായി തങ്ങളെ കാണാനെത്താത്ത വിദേശ ജോലിക്കാരിയായ അമ്മയുടെ സംരക്ഷണം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് മൂന്ന് പെണ്‍കുട്ടികൾ പിതാവിനോടൊപ്പം കളക്ടറേറ്റിൽ നടന്ന വനിതാ കമ്മീഷൻ അദാലത്തിലെത്തി. ഡ്രൈവറായി ജോലി ചെയ്യുന്ന തൃക്കൊടിത്താനം സ്വദേശിയുടെ ഹയർസെക്കൻഡറിക്കും എട്ടാം ക്ലാസിലും നാലാം ക്ലാസിലും പഠിക്കുന്ന പെണ്മക്കളാണ് അമ്മ കാണാൻ വരുന്നില്ലെന്ന പരാതിയുമായി വനിതാ കമ്മീഷനെ സമീപിച്ചത്.
ഇപ്പോൾ നാലാം ക്ലാസിൽ പഠിക്കുന്ന മകൾക്ക് രണ്ട് വയസുള്ളപ്പോൾ ഗൾഫിൽ ജോലിക്ക് പോയ ഭാര്യ പിന്നീട് പലപ്പോഴും അവധിക്ക് നാട്ടിലെത്തിയെങ്കിലും ഭർത്താവിനെയും മക്കളെയും കാണാൻ വീട്ടിൽ ചെന്നിട്ടില്ല. ഇടയ്ക്ക് രണ്ടു തവണ വിദേശത്തു നിന്നും മക്കളെ വിളിച്ചെങ്കിലും തിരിച്ചു വിളിക്കാനുള്ള ഫോണ്‍ നന്പരൊന്നും മക്കൾക്ക് അമ്മ കൊടുത്തിട്ടില്ല. ഇപ്പോൾ ഫോണിലൂടെയും അമ്മ ബന്ധപ്പെടുന്നില്ല. ഇപ്പോൾ അവധിക്ക് നാട്ടിലെത്തിയിട്ടുള്ള അമ്മ കുട്ടികളെക്കുറിച്ച് അന്വേഷിക്കുക പോലും ചെയ്യാതിരുന്ന സാഹചര്യത്തിലാണ് തങ്ങളുടെ സംരക്ഷണ ചുമതല അമ്മ കൂടി ഏറ്റെടുക്കണമെന്ന ആവശ്യം മക്കൾ ഉന്നയിച്ചിരിക്കുന്നത്.
അദാലത്തിൽ എത്തണമെന്ന് കുട്ടികളുടെ അമ്മയോട് കമ്മീഷൻ ആവശ്യപ്പെട്ടെങ്കിലും ഹാജരാകാതിരുന്നതിനാൽ കോട്ടയം വനിതാ പോലീസ് സെല്ലിൽ വിളിച്ചു വരുത്തി വിവരങ്ങളാരായാൻ സർക്കിൾ ഇൻസ്പെക്ടറെ കമ്മീഷനംഗം ഡോ.ജെ. പ്രമീളാദേവി ചുമതലപ്പെടുത്തി.ഭാര്യയും മൂന്നു കുഞ്ഞുങ്ങളുമടങ്ങുന്ന കുടുംബത്തെ ഉപേക്ഷിച്ചുപോയ ഭർത്താവിന്റെ സംരക്ഷണം കിട്ടണമെന്നാവശ്യപ്പെട്ടു ലഭിച്ച പരാതിയിൽ മദ്യപാനിയായ ഭർത്താവിനെ കൗണ്‍സലിംഗിനു വിധേയനാക്കാൻ കമ്മീഷൻ നിർദ്ദേശം നൽകി.
പിഎസിഎൽ ഇന്ത്യ ലിമിറ്റഡ് എന്ന പേരിലുള്ള ചിട്ടിക്കന്പനിയിൽ പണം നിക്ഷേപിച്ച് വഞ്ചിക്കപ്പെട്ട ചെങ്ങളം സ്വദേശിനിയായ വീട്ടമ്മ നൽകിയ പരാതിയും കമ്മീഷൻ പരിശോധിച്ചു. 1000 രൂപ നിരക്കിൽ 66 മാസം അടച്ചാൽ ഇരട്ടി തുക ലഭിക്കുമെന്ന് പ്രലോഭിപ്പിച്ചാണ് കന്പനി ഏജന്റായ അയൽക്കാരി വീട്ടമ്മയെ ചിട്ടിയിൽ ചേർത്തത്. 20 മാസം മുടങ്ങാതെ ചിട്ടി പണം അടച്ച വീട്ടമ്മയ്ക്ക് പിന്നീടാണ് ചിട്ടി തട്ടിപ്പാണെന്ന് മനസിലായത്. ഇത് സംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ കാഞ്ഞിരപ്പള്ളി ഡിവൈഎസ്പിക്ക് കമ്മീഷൻ നിർദ്ദേശം നൽകി.
അയൽവാസികളായ സ്ത്രീകൾക്ക് നേരെ അശ്ലീലം കാണിക്കുകയും പറയുകയും ചെയ്യുന്ന യുവാവിനെതിരെ കർശന നടപടി സ്വീകരിക്കാൻ പൊൻകുന്നം സർക്കിൾ ഇൻസ്പെക്ടർക്കു നിർദ്ദേശം നൽകി. കളക്ടറേറ്റ് കോണ്‍ഫറൻസ് ഹാളിൽ നടന്ന അദാലത്തിൽ 70 കേസുകൾ പരിഗണിച്ചു. 28 എണ്ണം തീർപ്പാക്കി. രണ്ടു കേസുകൾ ആർഡിഒയുടെ റിപ്പോർട്ടിനും എട്ടു കേസുകൾ പോലീസ് റിപ്പോർട്ടിനും അയച്ചു. 32 കേസുകൾ അടുത്ത അദാലത്തിലേക്ക് മാറ്റി.