തൃശൂർ: ജില്ലയിലെ വൈദ്യുതി സംബന്ധമായ പരാതികൾ പരിഹരിക്കുന്നതിനു വൈദ്യുതി മന്ത്രി എം.എം.മണി എത്തുന്നു. മന്ത്രിയുടെ നേതൃത്വത്തിൽ 27 നു രാവിലെ പത്തുമണി മുതൽ റീജണൽ തിയേറ്ററിലാണ് ജനകീയ വൈദ്യുതി അദാലത്ത് സംഘടിപ്പിക്കുന്നത്.
വൈദ്യുതി വിതരണ വിഭാഗത്തിനു കീഴിലുള്ള സർക്കിൾ, ഡിവിഷൻ, സബ് ഡിവിഷൻ, സെക്ഷൻ ഓഫീസുകളിലും പരാതികൾ സ്വീകരിക്കും. ശനിയാഴ്ച വൈകുന്നേരം അഞ്ചിനു മുന്പായി പരാതികൾ സമർപ്പിക്കണം. ഉത്പാദന, പ്രസരണ, വിതരണ മേഖലകൾ സംബന്ധിച്ച് ഉപഭോക്താക്കൾക്കോ, പൊതുജനങ്ങൾക്കോ ഉള്ള പരാതികൾ തീർപ്പാക്കും.
തൃശൂർ ജില്ലയിലെ വിതരണ വിഭഗത്തിലെ ഏഴു ഡിവിഷൻ ഓഫീസുകളായ കുന്നംകുളം, വടക്കാഞ്ചേരി, തൃശൂർ ഈസ്റ്റ്, തൃശൂർ വെസ്റ്റ്, ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂർ, ചാലക്കുടി എന്നിവയ്ക്കായി പ്രത്യേകം അദാലത്ത് കൗണ്ടറുകൾ സജ്ജീകരിക്കുമെന്നു തൃശൂർ ഈസ്റ്റ് എക്സിക്യൂട്ടീവ് എൻജിനീയറും അദാലത്ത് പബ്ലിസിറ്റി കണ്വീനറുമായ എം.എ. ഷാജു അറിയിച്ചു.
അന്യരുടെ വസ്തുവിലൂടെ വൈദ്യുതി ലൈൻ കടന്നുപോകുന്നതിനുള്ള അനുമതി സംബന്ധിച്ച്, വൈദ്യുതി ലൈൻ വലിക്കുന്നതിനുവേണ്ടി മരം മുറിക്കാനുള്ള നഷ്ടപരിഹാരം സംബന്ധിച്ച്, വനം വകുപ്പിന്റെ അനുമതി സംബന്ധിച്ച്, വൈദ്യുതി കണക്ഷൻ ലഭിക്കുന്നതുമായി ബന്ധപ്പെട്ടവ, സർവീസ് കണക്ഷൻ, പോസ്റ്റുകളും ലൈനുകളും മാറ്റുന്നതു സംബന്ധിച്ച്, കേബിൾ ടിവി ലൈനുകൾ സംബന്ധിച്ച പരാതികൾ, ഉപയോഗശൂന്യമായ ലൈനുകൾ അഴിച്ചുമാറ്റുന്നതു സംബന്ധിച്ച്, വോൾട്ടേജ് ക്ഷാമം, സേഫ്റ്റി ക്ലിയറൻസ് പ്രശ്നങ്ങൾ, കോടതിയിലുള്ള കേസുകൾ, വൈദ്യുതി ദുരുപയോഗം, വൈദ്യുതി ബിൽ, താരിഫ്, കുടിശിക നിവാരണം, കേടായ മീറ്ററുകൾ സംബന്ധിച്ച പരാതികൾ, റവന്യു റിക്കവറിയുമായി ബന്ധപ്പെട്ട പരാതികൾ തുടങ്ങിയ പരാതികളും അദാലത്തിൽ തീർപ്പാക്കും.
ഗവണ്മെന്റ് ഓഫീസുകൾ, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ എന്നിവയ്ക്കു പരാതികളുണ്ടെങ്കിൽ അദാലത്തിൽ സമർപ്പിക്കാവുന്നതാണ്.
വൈദ്യുതി മോഷണം മൂലമുള്ള കേസുകൾ അദാലത്തിൽ പരിഗണിക്കുന്നതല്ല.
നിലവിൽ കോടതിയിലുള്ള കേസുകൾ പരിഗണിക്കുമെങ്കിലും തീരുമാനം കോടതിയുടെ അനുമതിയോടെ മാത്രമായിരിക്കും നടപ്പാക്കുക. അദാലത്തു ദിവസം ലഭിക്കുന്ന പരാതികളും പരിഗണിക്കുന്നതായിരിക്കും.