പാലക്കാട്: സ്വത്ത് ഭാഗം വെയ്പിനുശേഷം മക്കൾ തന്നെ സംരക്ഷിക്കുന്നില്ലെന്ന പരാതിയുമായി വനിത കമ്മീഷന് മുന്നിലെത്തിയ മാതാവിന്റെ കേസിൽ കളക്ടർക്ക് അപ്പീൽ നൽകാൻ വനിതാ കമ്മീഷൻ ചെയർപേഴ്സണ്‍ എം.സി ജോസഫൈൻ നിർദേശിച്ചു.
അഞ്ചേക്കർ സ്ഥലത്തിൽ നിന്നും നാലേക്കർ സ്ഥലം നാല് ആണ്മക്കൾക്കും ബാക്കി സ്ഥലം നാല് പെണ്മക്കൾക്കും വീതിച്ചു നൽകി. എന്നാൽ ഭാഗംവെയ്പിൽ ഒരു സെന്റ് സ്ഥലം പോലും സ്വന്തമായി നീക്കിവെക്കാതിരുന്ന 80 വയസ്സുള്ള മാതാവ് ഇപ്പോൾ വാടകവീട്ടിലാണ് താമസം.
ആർ.ഡി.ഒ.യ്ക്ക് ഇതു സംബന്ധിച്ച് മുന്‍പ് നൽകിയ പരാതിയിൽ നിശ്ചിത തുക മാസാമാസം ആണ്മക്കളോട് നൽകാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതുവരെ തുക നൽകാത്തതിനെ തുടർന്നാണ് കമ്മീഷനെ സമീപിച്ചത്. മക്കളും ഭാര്യയുമുള്ള യുവാവ് നിയമപരമായി ബന്ധം വേർപെടുത്താതെ മറ്റൊരു വിവാഹം കഴിച്ചെന്ന യുവതിയുടെ പരാതി കുടുംബകോടതിയിൽ കേസ് നടക്കുന്നതിനാൽ റിപ്പോർട്ട് ലഭിക്കുന്നതിനായി മാറ്റിവെച്ചു.
കുടുംബശ്രീയുടെ പ്രവർത്തനത്തെ തടസ്സപ്പെടുത്തുന്ന യാതൊരുവിധ പ്രകോപനപരമായ നടപടികളും അംഗീകരിക്കാനാവില്ലെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ എം.സി. ജോസഫൈൻ പറഞ്ഞു. ഒരാഴ്ചയ്ക്കിടെ സി.ഡി.എസ് ചെയർപേഴ്സണ്‍മാരുടെ രണ്ട് പരാതികളാണ് കമ്മീഷന് മുന്നിലെത്തിയത്.
സർക്കാർ സംവിധാനമായ കുടുംബശ്രീയുടെ പ്രവർത്തനങ്ങളിൽ രാഷ്ടീയ ഇടപെടൽ ഉണ്ടാവരുതെന്നും കളക്ടറേറ്റ് കോണ്‍ഫറൻസ് ഹാളിൽ നടത്തിയ വനിതാ കമ്മീഷൻ അദാലത്തിൽ വ്യക്തമാക്കി. അദാലത്തിൽ 75 കേസുകളാണ് പരിഗണിച്ചത്.
ഇതിൽ 10 കേസുകൾ തീർപ്പാക്കി. ഒൻപത് കേസുകൾ റിപ്പോർട്ടിങ്ങിനായി മാറ്റിവെച്ചു. 47 കേസുകൾ അടുത്ത അദാലത്തിൽ പരിഗണിക്കും. വനിത കമ്മീഷൻ അംഗങ്ങളായ അഡ്വ.ഷിജി ശിവജി, ഇ.എം.രാധ, വനിത സെൽ എസ്.ഐ വി.അനില കുമാരി, അഡ്വ.രമിക, അഡ്വ. വിജയലക്ഷ്മി എന്നിവർ പങ്കെടുത്തു.