ശാസ്താംകോട്ട: നീതിപീഠങ്ങളുടെ നേതൃത്വത്തിലുള്ള ലീഗൽ സർവീസസ് കമ്മിറ്റികൾ നടത്തുന്ന അദാലത്തുകളും നിയമസഹായ ക്ലിനിക്കുകളും അധുനിക നീതി നിർവ്വഹണ സംവിധാനത്തിന്റെ ഏറ്റവും പുരോഗമനാത്മകവും അർത്ഥപൂർണവുമായ മുഖമാണെന്ന് കൊല്ലം ജില്ല സെക്ഷൻസ് ജഡ്ജ് എസ്. എച്ച്. പഞ്ചാപകേശൻ.
തീരെ പണച്ചെലവ് ഇല്ലാത്തതും പെട്ടെന്ന് ഫലം കിട്ടുന്നതുമായ ഈ നീതി നിർവ്വഹണ രീതി ഒരു ശീലമാക്കാൻ ബഹുജനങ്ങൾ മുന്നോട്ട് വരണം.കുന്നത്തൂർ താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി താലൂക്കിലെ ഏഴ് പഞ്ചായത്തുകളിലും നടപ്പാക്കുന്ന സൗജന്യ നിയമസഹായ സംവിധാനമായ ലീഗൽ ക്ലിനിക്കിന്റെ ബ്ലോക്ക് തല ഉദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
നീതി നിയമാനുസൃതം നടപ്പാക്കി കിട്ടാനുള്ള കാലതാമസമാണ് നമ്മുടെ സമൂഹം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. വൈകുന്നത് നീതി നിഷേധിക്കപ്പെടുന്നതിന് തുല്യമാണ്. ഈ അവസ്ഥക്കുളള സാർത്ഥകമായ പരിഹാരമാണ് അദാലത്തുകളും ലീഗൽ ക്ലിനിക്കും. ലളിതമായ നടപടി ക്രമങ്ങളോടെ നടപ്പാക്കുന്ന ഈ നൂതന നീതിനിർവ്വഹണ രീതി രാജ്യത്ത് അതിവേഗം വേരോടുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.അരുണാമണി അധ്യക്ഷത വഹിച്ചു. കുന്നത്തൂർ താലൂക്ക് ലീഗൽ സർവ്വീസസ് കമ്മിറ്റി ചെയർമാനും മുൻസിഫ് മജിസ്ട്രേറ്റുമായ റ്റി.വി. ബിജു, ശാസ്താംകോട്ട ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് എസ്.ഹാഷിം, ബാർ അസോസിയേഷൻ പ്രസിഡന്റ് വി.കെ.പ്രസാദ്, സെക്രട്ടറി സിബു എം.എ വട്ടവിളയിൽ എന്നിവർ പ്രസംഗിച്ചു.