തൃശൂർ: കെട്ടിട നിർമാണ അനുമതിക്കും പണിതതിന് അംഗീകാരവും കിട്ടാൻ തൃശൂർ കോർപറേഷൻ നടത്തുന്ന ഫയൽ അദാലത്തിൽ പരാതി പ്രളയം. ടൗണ്‍ ഹാളിൽ നടക്കുന്ന അദാലത്തിൽ അറുനൂറോളം പരാതികളാണ് ലഭിച്ചത്. വർഷങ്ങളായി തീർപ്പാക്കാത്ത പരാതികളും ഇക്കൂട്ടത്തിലുണ്ട്.
അഞ്ചു സെന്റിനു താഴെയുള്ള കൃഷി സ്ഥലം നികത്തി വീടു പണിയുന്നതിന് അനുമതി തേടിയുള്ള 83 അപേക്ഷകളിൽ തീർപ്പാക്കി. തണ്ണീർത്തട സംരക്ഷണ നിയമം പ്രാബല്യത്തിലായ 2008 നു ശേഷമുള്ള അപേക്ഷകൾ തണ്ണീർത്തട സംരക്ഷണ നിയമപ്രകാരം സംരക്ഷണ സമിതിയുടെ പരിശോധനകൾക്കുശേഷമേ തീർപ്പാക്കൂ. നിയമം പ്രാബല്യത്തിലാകുന്നതിനു മുന്‍പുള്ള അപേക്ഷകൾ അനുവദിക്കാൻ തീരുമാനിച്ചു.
മന്ത്രിമാരായ എ.സി. മൊയ്തീൻ, വി.എസ് സുനിൽകുമാർ, മേയർ അജിത വിജയൻ, അഡീഷണൽ ചീഫ് സെക്രട്ടറി ടി.കെ. ജോസ്, നഗരകാര്യ ഡയറക്ടർ ഗിരിജ എന്നിവർ നേത്യത്വം നൽകി. കോർപറേഷൻ കൗണ്‍സിലർമാരും ഉദ്യോഗസ്ഥരും അദാലത്തിന് എത്തിയിരുന്നു.