പാലക്കാട് : സാമൂഹ്യ മാധ്യമങ്ങളിലെ ചതികുഴികൾക്കെതിരെ പെണ്‍കുട്ടികൾ ജാഗ്രത കാണിക്കണമെന്നും സാമൂഹ്യ മാധ്യമങ്ങളിലൂടെ പെണ്‍കുട്ടികൾ ചൂഷണം ചെയ്യപ്പെട്ട നിരവധി കേസുകൾ വനിതാ കമ്മിഷനിൽ വരുന്നതായും കമ്മിഷൻ അംഗം ഷിജി ശിവജി.
വനിത കമ്മീഷൻ കളക്റേറ്റ് കോണ്‍ഫറൻസ് ഹാളിൽ സംഘടിപ്പിച്ച സിറ്റിംഗിലാണ് കമ്മീഷൻ അംഗം ഇക്കാര്യം അറിയിച്ചത്.
ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളിലൂടെ കൗമാരക്കാരായ പെണ്‍കുട്ടികളെ സൗഹൃദം സ്ഥാപിച്ച് ചൂഷണം ചെയ്യുന്ന സൗഹൃദങ്ങളെ തിരിച്ചറിയണം.
ഒരാഴ്ചത്തെ സൗഹൃദത്തിൽ വീട്ടിൽ നിന്നു ആണ് സുഹൃത്തിനൊപ്പം പോയി വിവാഹിതയായ പെണ്‍കുട്ടി ജയിലിലടക്കപ്പെട്ട പ്രതീതിയിൽ ജീവിക്കേണ്ടി വന്നതായും പീഡനത്തെ തുടർന്ന് പരീക്ഷക്കാണെന്ന് പറഞ്ഞ് ഭർതൃവീട്ടിൽ നിന്നിറങ്ങി രക്ഷപ്പെട്ട പരാതി ലഭിച്ചിരുന്നു.
സ്വന്തം വീട്ടിൽ എത്തിയ പെണ്‍കുട്ടിയുടെ അച്ഛൻ വനിതാ കമ്മീഷനിൽ നൽകിയ പരാതി പരിഗണിച്ചാണ് കമ്മീഷൻ ഇക്കാര്യം വ്യക്തമാക്കിയത്.
ഈ വിഷയത്തെ ഗൗരവമായി കാണുന്നതായി കമ്മീഷനംഗം വ്യക്തമാക്കി.പെണ്‍കുട്ടിക്ക് ധൈര്യം കൊടുക്കുകയും ഈ കേസിൽ പെണ്‍കുട്ടിക്കായി ആവശ്യമായതെല്ലാം കമ്മീഷൻ ചെയ്യുമെന്നും അംഗം അറിയിച്ചു.
മാട്രിമോണി വെബ്സൈറ്റുകൾ മുഖേന ഉണ്ടാകുന്ന വിവാഹങ്ങളിലും ഇത്തരത്തിൽ ചതിക്കുഴികൾ ഉള്ളതായി കമ്മിഷന് പരാതികൾ ലഭിച്ചിട്ടുണ്ട് .
അതിനാൽ ജീവിത പങ്കാളിയെ കണ്ടെത്തുന്നതിലും സ്ത്രീകൾ ജാഗ്രത പാലിക്കണമെന്ന് ഷിജി ശിവജി പറഞ്ഞു.
32 പരാതികളാണ് സിറ്റിംഗിൽ ആകെ ലഭിച്ചത്.
അതിൽ ഒന്‍പതെണ്ണം തീർപ്പാക്കുകയും അഞ്ചെണ്ണം വിവിധ വകുപ്പുകളിലേക്കും മൂന്നെണ്ണം കെൽസയ്ക്കും രണ്ടെണ്ണം തുടർ നടപടികൾക്കായും കൈമാറി.13 പരാതികൾ അടുത്ത അദാലത്തിലേക്ക് പരിഗണിക്കും.